ഇംഗ്ലണ്ടിന്റെ ക്വാർട്ടർ വിജയവും ഈ അഞ്ചു വയസ്സുകാരന്റെ ചിരിയും തമ്മിലെന്ത്?

അ‍ഞ്ചുവയസ്സുകാരൻ ബെൻ വില്യംസിന് ഇംഗ്ലണ്ട് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ കൊടുത്ത വാക്ക് പാലിച്ചു,  ക്വാർട്ടറിൽ സ്വീഡനെ വീഴ്ത്തി ലോകകപ്പ് സെമിയിലെത്തി. 

ആശുപത്രിയിൽ കിടന്നു ടിവിയിൽ അതു കണ്ട ബെൻ നിറഞ്ഞു ചിരിച്ചു, എന്നിട്ടു പറഞ്ഞു– എനിക്കു ശരിക്ക് ഓടാറാകട്ടെ, എന്നിട്ടുവേണം എന്റെ ഇംഗ്ലണ്ട് ടീമിനു വേണ്ടി തുള്ളിച്ചാടാൻ.

ബിർമിങ്ങാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിൽ ബ്രെയിൻ ട്യൂമർ ചികിൽസയിലാണവൻ. മിണ്ടാനോ, നടക്കാനോ ആകാതെ ആശുപത്രിയിലായപ്പോഴും അവൻ നെഞ്ചോടു ചേർത്തുപിടിച്ചു, ഇംഗ്ലണ്ട് ടീമിന്റെ ഫുട്ബോൾ കിറ്റ്. ആറാഴ്ച നീണ്ട റേഡിയഷൻ തെറപ്പിക്കു ശേഷം ആരോഗ്യം വീണ്ടെടുത്തപ്പോൾ കൊച്ചു ബെൻ ആദ്യം പറഞ്ഞ പേര് അതായിരുന്നു– ഹാരി കെയ്ൻ. പിന്നെ നാവനക്കി, എനിക്കൊരു വേൾഡ് കപ്പ് വേണം. 

മടിച്ചില്ല, ഉടൻ ആശുപത്രി അധികൃതർ അവനു സമ്മാനിച്ചു ലോകകപ്പ് മാതൃക. വിവിധ രാജ്യങ്ങളുടെ പതാകകൾ ഒട്ടിച്ചു വച്ച റേഡിയേഷൻ തെറപ്പി മുറിയിൽ, പുഞ്ചിരിയോടെ ബെൻ അത് ഏറ്റുവാങ്ങി, ഉമ്മകൊടുത്തു. ഡോക്ടർമാരും നഴ്സുമാരും ചേർന്ന് ‘അത്ഭുതകരമായ ധൈര്യം കാട്ടിയ കുട്ടി’ എന്ന സർട്ടിഫിക്കറ്റും കൈമാറി. ഈ വിഡിയോ ഡോക്ടറാണു സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ഒപ്പം കുറിച്ചു, രോഗത്തെ നേരിട്ട ധൈര്യത്തിനുള്ള ലോകകപ്പ് ആണു ഞങ്ങൾ ബെന്നിനു കൊടുത്തത്. ഹാരി, ഇംഗ്ലണ്ട് ടീം– അവനു വേണ്ടി നിങ്ങൾ എന്തു ചെയ്യും?’

‘ നീ, ഞങ്ങൾക്കു പ്രചോദനമാണു കുഞ്ഞേ. നിന്റെ ചിരി നിലനിർത്താൻ ചെയ്യാവുന്നതെല്ലാം ഞങ്ങൾ ചെയ്യും. ’ ക്വാർട്ടറിനു മുന്നോടിയായി ഹാരി കെയ്ന്റെ മറുപടി ട്വീറ്റ്. ഹാരി പറഞ്ഞതു ചെയ്തു.

ഇംഗ്ലണ്ട് ലോകകപ്പ് നേടുമോ ഇല്ലയോ... അതവിടെ നിൽക്കട്ടെ. ബെൻ ചിരിക്കണം, അവന്റെ രോഗം മാറണം,മിടുക്കനായി വളരണം. സ്നേഹത്തിന്റെ ലോകകപ്പ് ഇതാ നിനക്കായി ഞങ്ങളും തരുന്നു.

Read More : Health News