ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഇവ ഒരിക്കലും കഴിക്കരുത്

119605884
SHARE

ചില രോഗങ്ങളുടെ ശമനത്തിനായി പലപ്പോഴും ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടി വന്നേക്കാം. എന്നാല്‍ കൃത്യവും ശാസ്ത്രീയവുമായ രീതിയിലല്ല അവ കഴിക്കുന്നതെങ്കില്‍ ഫലം പ്രതികൂലമായിരിക്കും. ആന്റിബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഭക്ഷണത്തില്‍ നിന്ന് ചിലത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.  

ആന്റിബയോട്ടിക്കുകള്‍ വളരെ ശക്തമായ രീതിയിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സമയത്ത്, ഭക്ഷണക്രമീകരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അമിത അളവില്‍ അടങ്ങിയ ഭക്ഷണമാണ് ഉപയോഗിക്കേണ്ടത്. ശരിയല്ലാത്ത ഭക്ഷണക്രമത്തിന് ആന്റി ബയോട്ടിക്കിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കാന്‍ സാധിക്കും.

ആന്റി ബയോട്ടിക്കുകള്‍ കഴിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം. 

പാല്‍ഉല്‍പ്പന്നങ്ങള്‍ 

പാലുല്‍പ്പന്നങ്ങളിലെ പ്രധാന ഘടകം കാല്‍സ്യമാണ്. ഇത് ശരീരത്തിലെത്തുന്ന ആന്റി ബയോട്ടിക്കുകളുമായി പ്രവര്‍ത്തിച്ച് ആരോഗ്യത്തിന് കോട്ടം വരുത്തുന്നു.  ചിലരില്‍ ക്ഷീണം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാനും ഇത് ഇടയാക്കും. എന്നാല്‍ പ്രോബയോട്ടിക്കുകള്‍ അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നത്‌ നല്ലതാണ്. 

ഇരുമ്പ് അടങ്ങിയ ആഹാരം 

ആന്റി ബയോട്ടിക് ഉപയോഗിക്കുമ്പോള്‍, അയണ്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ ഒഴിവാക്കുകയോ, ഇവ കഴിക്കുന്ന ഇടവേള കുറഞ്ഞത് മൂന്നുമണിക്കൂര്‍ ആക്കുകയോ വേണം. ചിക്കന്‍ ലിവര്‍, റെഡ് മീറ്റ്‌, ഇല വര്‍ഗങ്ങള്‍, നട്സ്, ചോക്‌ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കാം. 

മദ്യം 

ആന്റിബയോട്ടിക് മരുന്ന് കഴിക്കുന്നവര്‍ അതോടൊപ്പം മദ്യം കഴിക്കുന്നത് തലകറക്കം, വയറുവേദന എന്നിവയുണ്ടാക്കാന്‍ സാധ്യതയുണ്ട്. 

സിട്രസ് അംശമുള്ള പഴങ്ങള്‍

നാരങ്ങ, ഓറഞ്ച്, തക്കാളി, മുന്തിരി, ശീതളപാനീയങ്ങള്‍ തുടങ്ങി അസിഡിക് ആയ ഒന്നും ഉപയോഗിക്കരുത്. ഇത് ആന്റി ബയോട്ടിക്കിന്റെ ഫലപ്രാപ്‌തിയെ സാരമായി ബാധിക്കും. ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെ ആന്റി ബയോട്ടിക് പ്രവര്‍ത്തനത്തെ തടയുന്നു.

നാരുകൾ കൂടുതൽ അടങ്ങിയ ആഹാരം 

നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിവതും ഒഴിവാക്കാം. ചപ്പാത്തി തുടങ്ങിയ ഗോതമ്പ് വിഭവങ്ങളും ബീന്‍സ്, ബ്രക്കോളി തുടങ്ങി നാരുകള്‍ അടങ്ങിയ ഭക്ഷണം ആന്റിബയോട്ടിക്കിനൊപ്പം വേണ്ട. ഇവ ദഹനം സാവധാനത്തിലാക്കുകയും ആന്റിബയോട്ടിക്കുകളുടെ പ്രവര്‍ത്തനവേഗം കുറയ്‌ക്കുകയും ചെയ്യും.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA