തൊണ്ണൂറിലും കർമനിരതയായി ഈ വനിതാ പ്ലാന്റർ

sosamma
SHARE

കലർപ്പില്ലാത്ത കാപ്പിപ്പൊടി പോലെയാണു ശോശാമ്മ. മനം നിറയ്ക്കുന്ന നറുമണം സ്വഭാവത്തിലും രുചി വാക്കുകളിലുമുണ്ടാകും എപ്പോഴും. 90 വയസിലേക്കു പടി ചവിട്ടി കയറിയിട്ടും ശീലങ്ങൾക്കോ ശൈലികൾക്കോ ഒരു മാറ്റവുമില്ല; കേരളത്തിലെ എണ്ണം പറഞ്ഞ വനിതാ പ്ലാന്റർമാരിലൊരാളായ കോട്ടയം പള്ളം കല്ലൂപ്പറമ്പിൽ ശോശാമ്മയ്ക്ക്. ഇതാ ആ സന്തോഷ വഴികൾ.

ജീവിതമല്ലേ; പോരാടണ്ടേ..
പതിനെട്ടാം വയസ്സിൽ വിവാഹിതയായ ശോശാമ്മ 36–ാം വയസ്സിൽ വിധവയായി. പോകും മുൻപു ഭർത്താവ്  മാത്തൻ ആ കൈകളിലേൽപ്പിച്ചതു പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയായിരുന്നു. ഭർത്താവിന്റെ അകാലമരണം സഹിക്കാനാകാതെ മൂന്നു മാസത്തോളം മുറിയടച്ചിരുന്നു കരഞ്ഞു. ബന്ധുക്കളിലൊരാൾ ഇടയ്ക്കു തട്ടിയെഴുന്നേൽപ്പിച്ചു ചോദിച്ചു ‘ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ കുഞ്ഞുങ്ങൾ വളരുമോ..?’ ഉത്തരമില്ലായിരുന്നു അന്നു ശോശാമ്മയുടെ കയ്യിൽ.

പിന്നീട് ബന്ധുക്കളുടെ സഹകരണത്തോടെ തൊട്ടടുത്ത് റബർ ക്രീപ്പ് മിൽ തുടങ്ങി. ആറു മാസം കൊണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു കുടുംബം പോറ്റാൻ പ്രാപ്തയായി ശോശാമ്മ. 

ജീവിതമല്ലേ; തളിരടണ്ടേ..?
ഭർത്താവിന്റെ കുടുംബവിഹിതമായി ഇടുക്കി ചപ്പാത്തിലുള്ള കൂരമ്പാറ എസ്റ്റേറ്റിലെ 50 ഏക്കർ കയ്യിൽ കിട്ടിയപ്പോൾ കനത്ത നഷ്ടത്തിലാണു തോട്ടം. 

മുന്നിലുള്ള ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ശോശാമ്മ കഠിനാധ്വാനം തുടങ്ങി. ആഴ്ചയിലൊരിക്കൽ പൊതിച്ചോറും കെട്ടി പുലർച്ചെ എഴുന്നേറ്റ് അഞ്ചു മണിക്കുള്ള ബസിൽ എസ്റ്റേറ്റിലേക്ക്. വൈകിട്ട് തിരിച്ചെത്തും. കെട്ടുതാലി വരെ പണയം വച്ചു ശോശാമ്മ നടത്തിയ ജീവിത യുദ്ധം ഫലപ്രാപ്തിയിലെത്തി. 

സീസണിൽ 100 ടൺ വരെ റോബസ്റ്റ കാപ്പിക്കുരു കൂരമ്പാര എസ്റ്റേറ്റിൽ നിന്നു വണ്ടി കയറി. ജീവിതം തളിരിട്ടു തുടങ്ങിയത് അവിടെ നിന്നാണ്. വർഷങ്ങൾ പഴക്കമുള്ള ഈ പതിവിന് ഈ 90–ാം വയസിലും മാറ്റമില്ല. ഞായർ, അല്ലെങ്കിൽ തിങ്കൾ എസ്റ്റേറ്റിലെ കാപ്പിച്ചെടികളെ തലോടി ശോശാമ്മയുണ്ടാകും. പിന്നീട് മക്കൾ ചേർന്നു 130 ഏക്കർ കൂടി സമ്പാദ്യത്തിൽ കൂട്ടിച്ചേർത്തു.  

ജീവിതമല്ലേ; ആസ്വദിക്കണ്ടേ..?
മക്കൾ മൂന്നു പേരെയും പഠിപ്പിച്ചു നല്ല നിലയിലാക്കി. രണ്ടു പേർ ഡോക്ടർമാർ, മകൾ ബാങ്കിങ് വിദഗ്ധ. ജീവിതത്തിലെ സന്തോഷത്തിന്റെ കാരണമെന്തെന്നു ചോദിച്ചാൽ ശോശാമ്മ പറയും‘ ഞാൻ കഠിനാധ്വാനം ചെയ്തു.. എന്റെ അധ്വാനം ഫലം കണ്ടു.. അമിത ആഗ്രഹങ്ങളില്ലാതെ എന്റെ ഉത്തരവാദിത്തങ്ങളും പൂർത്തിയാക്കി; അതു കൊണ്ട് എനിക്കു സങ്കടങ്ങളില്ല..’ 

90 വയസ് വെറും അക്കമായി മാറ്റിയതിനു പിന്നിൽ ആരോഗ്യ സംരക്ഷണത്തിനും വലിയ ഇടമുണ്ട്. ആവുന്നത്ര യോഗ ചെയ്തിരുന്നു ശോശാമ്മ. അവസാന ചോദ്യം; ഇനി പൂർത്തിയാകാത്ത ആഗ്രഹമെന്താണ്.. ‘ ഒന്നുമില്ല.. ഇതു വരെയുള്ള എല്ലാറ്റിലും ഞാൻ സംതൃപ്തയാണ്. സന്തോഷവതിയാണ്.. കിടക്കുമ്പോൾ തന്നെ ഞാൻ ഉറങ്ങിപ്പോകും..’

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA