sections
MORE

വാഴയില; പ്രകൃതിയുടെ നോൺസ്റ്റിക്ക് പാൻ

banana-leaf
SHARE

മലയാളിയുടേതായ ചില സ്വകാര്യ അഭിമാനങ്ങളുണ്ട്. ലോകത്തിന് കാട്ടിക്കൊടുക്കാൻ നമ്മുടേതായ ചില സ്വകാര്യ അഹങ്കാരങ്ങൾ. കഥകളിയും ഓണവും  ആഘോഷങ്ങളും ചരിത്രസ്മരണകളുമൊക്കെ. ആഹാരത്തിന്റേതായി നമുക്ക് മാത്രമായി ഒന്നുണ്ട്– കേരള സദ്യ. അത് നമ്മുടേതു മാത്രമാണ്, നമുക്കുമാത്രമുള്ളതാണ്.  ചോറും നിരവധി കൂട്ടുകറികളും ഒഴിക്കറികളും പായസവും അച്ചാറുമൊക്കെയുള്ള തനി നാടൻ സദ്യ. പക്ഷേ സദ്യവട്ടത്തെ ഒന്നായി ആവാഹിച്ചിരുത്താൻ ഒന്നുമാത്രം– വാഴയില. സദ്യയ്ക്കു മുൻപിൽ ഇരുന്നാലും ചോറിന്റെ വേവും കറികളുടെ രുചിയും ചൂടും ഈർപ്പവും ജലാംശവുമൊക്കെ ഉൾക്കൊള്ളുന്ന വാഴ ഇലയെപ്പറ്റി പക്ഷേ പലപ്പോഴും നാം ഓർക്കാറില്ല. സദ്യക്ക് എന്തിന് വാഴയില തന്നെ എന്ന് ഒരിക്കലെങ്കിലും നാം ചിന്തിച്ചിട്ടുണ്ടോ? അതിന്റെ ഗുണം, മേന്മ, നന്മ–  ഇവയൊക്കെ പലപ്പോഴും നാം മറന്നുപോകുന്നു. 

ലോകത്ത്  ഏറ്റവും കൂടുതൽ വിഭവങ്ങൾ  അണിനിരക്കുന്ന ഭക്ഷണക്കൂട്ട് നമ്മുടെ കേരള സദ്യ തന്നെയെന്ന് സംശയമില്ലാതെ പറയാം. ചോറും ഇത്രയധികം കറികളും മധുരവിഭവങ്ങളും എത്ര ചൂടോടെയും ഉൾക്കൊള്ളാനുള്ള ശേഷി ഇലയ്ക്കല്ലാതെ മറ്റെന്തിനുണ്ട്? പെട്ടെന്ന് അഴുകുന്നതിനാൽ പ്രകൃതിയോട് ഇത്രയേറെ നീതി പുലർത്തുന്ന മറ്റൊരു തളികയുണ്ടോ? ഇലയിട്ടു കഴിക്കുമ്പോഴുണ്ടാകുന്ന രുചിയും മണവും ഗുണവും മറക്കാവുന്നതല്ല. പിന്നെ  ഇതിന്റെ ഔഷധഗുണം ശാസ്ത്രീയമായിതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. വാഴയില പോളിഫീനോൾസ് എന്ന രാസവസ്തുക്കളാൽ സമ്പന്നമാണ്. വാഴയിലകളിലെ  Epigallocatechin gallete പോലുള്ള പോളിഫീനോൾസിന്റെ സാന്നിധ്യം അതിലേക്കിടുന്ന  ഭക്ഷണത്തിന് പോഷകമൂല്യവും ഔഷധഗുണവുമാണ് സമ്മാനിക്കുക. പോളിഫീനോൾസ് പ്രകൃതിയുടെ ആന്റിഓക്സിഡന്റുകളാണ്. ഇതാണ് ഇലയുടെ ഔഷധമൂല്യം. ഗ്രീൻ ടീയിലും ഇതേ ആന്റിഓക്സിഡന്റുകളാണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് ഗ്രീൻ ടീ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അതേ ഗുണവും മേന്മയും വാഴയിലകളും നമുക്ക് നൽകുന്നു. 

കാൻസറിനെതിരെ മികച്ച പോരാട്ടം നടത്തുന്നവരാണ്  ആന്റിഓക്സിഡന്റുകൾ. പോളിഫീനോൾസ് അണുക്കൾക്കെതിരെ പോരാടുന്ന മികച്ച ഔഷധഗുണമുള്ള വസ്തക്കളാണ്. 

ആഹാരത്തിലെ അണുക്കളെ കൊല്ലാൻ ഇവയ്ക്ക് അപാരമായ കഴിവുണ്ട്. കൊഴുപ്പ് ഇല്ലാതാക്കാനുള്ള അവയുടെ കഴിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുമൂലം പൊണ്ണത്തടി ഇല്ലാതാക്കാനും ഇവയ്ക്കു കഴിയും. വാഴ ഇലയുടെ മുകൾ ഭാഗത്തെ മെഴുക് ആവരണം ഇത്തരം പോളിഫീനോൾസിന്റെ സാന്നിധ്യംമൂലമാണ്. ചോറും കറികളും ഇത്തരം മെഴുകു പ്രതലത്തിലേക്ക് വീഴുമ്പോൾ ഇവ ഉരുകി ഭക്ഷണത്തിനൊപ്പം ലയിക്കുന്നു. ഇവ ഭക്ഷണത്തിന് കൂടുതൽ ഉൗർജവും ദഹിപ്പിക്കാനുള്ള കഴിവും നൽകുന്നു. ഈ പ്രക്രിയമൂലമാണ് വാഴയിലയിൽ കഴിക്കുന്ന ഭക്ഷണത്തിന് കൂടുതൽ രുചിയും ഗുണവും ലഭിക്കുന്നത്. അതേപോലെ ഇലയിൽ അടങ്ങിയിരിക്കുന്ന ലിഗ്നിൻ, ഹെമിസെല്ലുലോസ്, പ്രോട്ടീൻ എന്നിവയ്ക്ക് രോഗശമനത്തിനുള്ള കഴിവുണ്ട്. ചുരുക്കത്തിൽ പ്രകൃതിയുടെ നോൺസ്റ്റിക്ക് പാൻ എന്ന് വാഴയിലയെ വിശേഷിപ്പിക്കാം.  

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA