പെൺമക്കൾക്ക് അച്ഛനോടു കൂട്ടുകൂടാൻ ഇതാ ഒരു കാരണം

praji-lachu
SHARE

‘അച്ഛനോടോ അമ്മയോടോ കൂടുതലിഷ്ടം?’ ഈ ചോദ്യം നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു കുട്ടിയും ഉണ്ടാവില്ല ‘അച്ഛനോട്' എന്നു മകളും ‘അമ്മയോട്’ എന്നു മകനും ഉത്തരം പറഞ്ഞിട്ടുമുണ്ടാകും. പെൺമക്കളുടെ ഏകാന്തത അകറ്റാൻ അച്ഛൻമാർ പ്രധാന പങ്കു വഹിക്കുന്നതായി ഒരു ഗവേഷണഫലം പറയുന്നു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണ്‍ ചൈൽഡ് ഹെല്‍ത്ത് ആൻഡ് ഡവലപ്പ്മെന്റിന്റെ സഹകരണത്തോടെ ഒഹിയോ സ്റ്റേറ്റ് സർവകലാശാലയിലെ ഹ്യൂമൻ സയൻസസ് വിഭാഗം അസോസിയേറ്റ് പ്രഫസർ സിൻ ഫെങ്ങിന്റെ നേതൃത്വത്തിൽ 695 കുടുംബങ്ങളിൽ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. 

കുട്ടി 1,3,4,5 ഗ്രേഡുകളിൽ പഠിക്കുമ്പോൾ അവളുമായുള്ള അടുപ്പവും അഭിപ്രായ വ്യത്യാസങ്ങളും അച്ഛനും അമ്മയും രേഖപ്പെടുത്തി. 1, 3, 5 ഗ്രേഡുകളിൽ കുട്ടികൾ അവരുടെ ഏകാന്തതയുടെ നിലയും രേഖപ്പെടുത്തി. ഈ കാലയളവിൽ അടുപ്പം കുറയുന്നതായും അഭിപ്രായ വ്യത്യാസവും സംഘർഷവും കൂടുന്നതായും കണ്ടു. ഇതിൽ അതിശയിക്കാനൊന്നുമില്ലെന്നും ഈ പ്രായത്തിൽ കുട്ടികൾ കൂടുതല്‍ സ്വതന്ത്രരാകാനും കൂട്ടുകാരുമായി കൂടുതല്‍ സമയം പുറത്തു ചെലവഴിക്കാനും ആഗ്രഹിക്കുമെന്നും ഗവേഷക ജൂലിയാൻ പറഞ്ഞു. അതുകൊണ്ടു രക്ഷിതാക്കളുമായി അടുപ്പം കുറയുകയും ചെയ്യും.

കുട്ടികൾ സമപ്രായക്കാരുമായി കൂട്ടു കൂടുന്നതിനാൽ ഏകാന്തത അനുഭവപ്പെടുന്നതു കുറയും. എന്നാൽ എല്ലാ കുട്ടികൾക്കും ഒരേ അളവിൽ ഏകാന്തത മറികടക്കാനായി എന്നു വരില്ല. അച്ഛനുമായി അടുപ്പമുള്ള മകള്‍ ആണെങ്കിൽ ഏകാന്തതയെ മറികടക്കാന്‍ കഴിയുമെന്നു പഠനം പറയുന്നു. ആൺകുട്ടികളിലെ ഏകാന്തത അകറ്റാൻ അടുപ്പമുള്ള ബന്ധങ്ങൾക്കാകില്ല എന്നും പഠനം പറയുന്നുണ്ട്. അച്ഛന്‍മാര്‍ക്ക് മക്കളോട്, പ്രത്യേകിച്ചു പെൺമക്കളോട് അടുപ്പമുണ്ടെന്നും  ഇത് അമ്മമാരുടേതിൽനിന്നു വിഭിന്നമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. നമ്മുടെ സമൂഹത്തിൽ കുട്ടികളുടെ ദൈനംദിന കാര്യങ്ങളിൽ അമ്മയ്ക്കാണ് ഉത്തരവാദിത്തം. അച്ഛൻമാർക്കു കുട്ടികളോട് വ്യത്യസ്ത മാർഗങ്ങളിൽ ഇടപെടാനും വൈകാരികമായ അടുപ്പം പുലർത്താനും സ്വാതന്ത്ര്യമുണ്ട്. ഇതാകാം പെൺമക്കളിൽ അച്ഛൻമാർക്കു സ്വാധീനം കൂടാൻ കാരണമെന്നും ജേണൽ ഓഫ് ഫാമിലി സൈക്കോളജിയുടെ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

Read More : Health and Wellbeing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA