sections
MORE

തോൽക്കാൻ മനസ്സില്ല; തിരിച്ചുവരണം, ജീവിക്കണം

flood-nimhnce
SHARE

‘ഇത്രയും വലിയൊരു വെള്ളപ്പൊക്കം കാണാൻ എനിക്കു ഭാഗ്യമുണ്ടായല്ലോ?...’ ഒരായുസ്സിൽ കെട്ടിപ്പൊക്കിയതെല്ലാം വെള്ളം കൊണ്ടുപോയിട്ടും തോൽക്കാൻ മനസ്സില്ലാത്ത ഒരു ഗൃഹനാഥന്റെ വാക്കുകൾ. ദുഃഖങ്ങളെല്ലാം പ്രളയത്തിനൊപ്പം ഒഴുക്കിക്കളയുക. നഷ്ടപ്പെട്ടതെല്ലാം പതിയെ തിരികെപ്പിടിക്കാൻ കരുത്താർജിക്കുക– കേരളത്തിന് ഇപ്പോഴാവശ്യം ഇതാണെന്നു ബെംഗളൂരു നിംഹാൻസ് ആശുപത്രിയിലെ അസി. പ്രഫ. അനീഷ് ചെറിയാൻ ഓർമിപ്പിക്കുന്നു. പ്രളയമേഖലകളിൽ മാനസികാരോഗ്യക്യാംപുകൾക്കായെത്തിയതാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത് ആൻഡ് ന്യൂറോ സയൻസസ് (നിംഹാൻസ്) സംഘം. 

അതിജീവിക്കൂ എന്നു പറയാൻ എളുപ്പമാണ്. പക്ഷേ, ഇതു സാധിച്ചെടുത്താലേ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ. പ്രളയം പോലുള്ള ദുരന്തങ്ങളിൽ മനസ്സിന്റെ സ്വാഭാവിക പ്രതികരണമാണ് അസ്വസ്ഥതയും വിഷാദവുമെല്ലാം. സംഭവിച്ചു പോയതിനെ യാഥാർഥ്യബോധത്തോടെ അംഗീകരിക്കാതെ നിവൃത്തിയില്ല.  

നഷ്ടപ്പെട്ട വസ്തുക്കളുടെ വില മാത്രമല്ല, അവയോടുള്ള വൈകാരിക അടുപ്പം കൂടിയാണു പലരുടെയും മനസ്സ് തകർത്തത്. ലക്ഷങ്ങളുടെ സമ്പാദ്യം പോയവരും അച്ഛനോടു വാശിപിടിച്ചു സ്വന്തമാക്കിയ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയുമെല്ലാം ഇക്കാര്യത്തിൽ തുല്യ ദുഃഖിതർ.  നഷ്ടപ്പെട്ടവ ഭൗതികമായി തിരികെ നൽകുന്നതിനെക്കാൾ, നഷ്ടബോധത്തെ അതിജീവിക്കലാണു പ്രധാനമെന്നും അനീഷ്. പ്രളയബാധിതരെ മൂന്നായി തിരിച്ചാണു നിംഹാൻസ് സംഘം പ്രവർത്തിച്ചത്.

∙ സങ്കടമുണ്ടെങ്കിലും വലിയ നഷ്ടത്തിൽ ഉലഞ്ഞുപോകാത്തവർ. പോസിറ്റീവ് ആയി നേരിട്ടവർ. 
∙ ചെറിയ തോതിലുള്ള മാനസിക അസ്വസ്ഥതകളും നഷ്ടബോധവും നേരിടുന്നവർ. 
∙ ആഘാതം താങ്ങാനേ സാധിക്കാത്തവർ എന്നിങ്ങനെ. പലർക്കും കൗൺസലിങ് ഉൾപ്പെടെയുള്ള സഹായം ആവശ്യമാണ്. ഉത്തരാഖണ്ഡിലെയും കശ്മീരിലെയും പ്രളയക്കെടുതികളിലും നിംഹാൻസിന്റെ സംഘം രംഗത്തുണ്ടായിരുന്നു. എന്നാൽ, കേരളത്തിലേതുപോലുള്ള സാഹചര്യം ആദ്യമായാണ് നേരിടുന്നതെന്ന് അനീഷ് പറയുന്നു.  കാരണം, സ്വന്തം വീടിനു മുകളിൽ വെള്ളമെത്തുമെന്നു മലയാളികൾ സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല, അതുകൊണ്ട് ആഘാതവും അത്ര കൂടുതൽ.

ചേർത്തു പിടിക്കാം

∙  പ്രളയമേഖലകളിൽ ഉള്ളവരോടു സ്നേഹത്തോടെയും കരുതലോടെയും പെരുമാറാം. അവരെ കേൾക്കാം.
∙  പ്രളയം വരുംമുൻപ് എന്തെല്ലാം ചെയ്തിരുന്നുവോ, അവയിലേക്കു തിരിച്ചു പോകാൻ സൗകര്യമൊരുക്കാം.
∙  ആഘോഷങ്ങൾ വേണ്ടെന്നു ചിന്തിക്കുന്നതിനെക്കാൾ അവയെല്ലാം മനോഹരമായി നടത്തി, പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാം. 
∙  മാനസിക വിഷമങ്ങൾ നേരിടുന്നവരെ കണ്ടെത്തി കൗൺസലിങ് നൽകാം. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA