Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റ‌ഈസ് പറയുംപോലെ ജീവിതം ആഘോഷിച്ചാലോ...

raiees മലപ്പുറം ജില്ലയിലെ കൊടികുത്തി മലയുടെ മുകളിൽ റഈസും കൂട്ടുകാരും

തിരമാലകൾക്കു മുകളിലൂടെയും കോടമഞ്ഞിനിടയിലൂടെയും പറക്കുന്ന ഒരു മനുഷ്യൻ മലപ്പുറത്തുണ്ട്– റഈസ് ഹിദായ; കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട മുപ്പത്തിയൊന്നുകാരൻ. കൂട്ടുകാരാണ് തന്റെ ചിറകെന്നു പറയുമ്പോൾ റഈസ് കൊടികുത്തി മലയുടെ ഉച്ചിയിലായിരുന്നു. മൂന്നു കിലോമീറ്റർ ചെങ്കുത്തായ കയറ്റത്തിനു മുകളിൽ!. 14 വർഷം മുൻപു വാഹനാപകടത്തിൽ നട്ടെല്ലിനു ക്ഷതം പറ്റി കിടപ്പിലായപ്പോഴും ജീവിതത്തെ ശപിക്കാതെ റഈസ്. 

എന്തായിരുന്നു പ്രചോദനം? 

"നിനക്ക് എന്താണ് കുറവ് ? മറ്റുള്ളവരെ പോലെ നടക്കാൻ സാധിക്കില്ലായിരിക്കും. പക്ഷേ നിന്നെക്കൊണ്ടു സാധിക്കുന്നത് നിനക്കു മാത്രമേ സാധിക്കൂ." എന്ന ഉമ്മ ഫാത്തിമയുടെ വാക്കുകൾ. എനിക്കു ചുറ്റും എത്രയോ പേരുണ്ടെന്ന് അപ്പോൾ തിരിച്ചറിഞ്ഞു. വികലാംഗനോ, ദിവ്യാംഗനോ അല്ല സാധാരണ മനുഷ്യനാണു ഞാനെന്ന് ഉറപ്പിച്ചു. 

കളിചിരികളുടെ കട്ടിൽ 

മലപ്പുറം വെളിമുക്ക് ഹിദായിൽ അബ്‍ദു റഹിമാൻ - ഫാത്തിമ ദമ്പതികളുടെ ആറുമക്കളിൽ മൂത്തയാളുടെ കട്ടിലിനു ചുറ്റും കളിചിരികളാണെപ്പോഴും, സൗഹൃദവും. അങ്ങനെ സംസാരിച്ചിരിക്കുമ്പോൾ ഒരു തോന്നൽ. എങ്ങോട്ടെങ്കിലും പോയാലോ? പിന്നെ റഈസിനെയും പൊക്കിയെടുത്തു കൂട്ടുകാർ ഒറ്റപ്പോക്കാണ്. ചിലപ്പോൾ ഒരു ചായ കുടിക്കാൻ. കോട കാണാൻ, കടലിൽ കുളിക്കാൻ അങ്ങനെയങ്ങനെ... 

സ്നേഹത്തിന്റെ നേതാവ് 

റഈസ് എന്ന അറബിക് വാക്കിന്റെ അർഥം നേതാവ്. ഒരുമിപ്പിക്കുന്നയാൾ. കൂടെ പഠിച്ചവരോ അടുത്തുള്ളവരോ അല്ല കൂട്ടുകാർ. അവരെ ഒന്നിപ്പിക്കുന്നത് ഈ നേതാവാണ്. റഈസിനെക്കുറിച്ച് അറിഞ്ഞ് എത്തിച്ചേർന്നവരാണിത്. റഈസിന്റെ വല്യുപ്പയുടെ ഭാഷയിൽ പറഞ്ഞാൽ ‘കെട്ടു പൊട്ടിവീഴുന്ന മുത്തുകൾ ഏതൊക്കെ വീണ്ടും കൂട്ടി മുട്ടണം എന്ന് നേരത്തെ തീരുമാനിക്കപ്പെട്ടിരിക്കാം’. 

ജീവിതം ആഘോഷം 

കൊടുകുത്തിമല അവിടെത്തന്നെ ഉണ്ടായിരുന്നു. ഈ നാട്ടിൽ മൂന്ന് കോടി ജനങ്ങളും. എന്നിട്ടും എത്ര പേർ അവിടെ എത്തി? ഞാൻ അതിനു മുകളിൽ വരെ ചെന്നെത്തിയെങ്കിൽ ശരീരമല്ല മനസ്സാണ് പ്രധാനം, റഈസ് പറയുന്നു. 

സംസാരത്തിൽ മുഴുവൻ പോസിറ്റിവിറ്റി. പലരും മണിക്കൂറുകൾ ഫോണിലൂടെ സംസാരിക്കും. ശരീരത്തിൽ 90 ശതമാനവും തളർന്നുകിടക്കുന്ന എനിക്ക് ഇത്രയും സാധിക്കുമെങ്കിൽ നിങ്ങൾക്കോ, എന്ന ചോദ്യത്തിൽ മറുവശത്തെ സങ്കടങ്ങൾ അകലും. വീൽചെയറിലും മറ്റുമായി ഒറ്റപ്പെട്ടു ജീവിക്കുന്നവർക്കായി ഗ്രീൻ പാലിയേറ്റീവ് എന്ന സംഘടനയും റഈസും കൂട്ടുകാരും ചേർന്നു നടത്തുന്നു. റഈസിന്റെ വീൽ ചെയർ ഫ്രണ്ട്‌ലി ക്യാംപയിൻ സർക്കാർ ഏറ്റെടുത്തിരുന്നു. ജീവിതത്തെക്കുറിച്ചു ചോദിച്ചാൽ മറുപടി ഇങ്ങനെ,  I'm not just existing, I'm celebrating my life .

Read More : Health News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.