ചെരിപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

Foot wear
SHARE

കൃഷിസ്ഥലത്ത് ഇടുന്ന ചെരിപ്പിട്ട് പട്ടാളക്കാരന് യുദ്ധം ചെയ്യാനാകില്ലല്ലോ. ഇതുപോലെ അവരവർ ചെയ്യുന്ന ജോലിയും ആവശ്യവും അനുസരിച്ചാണ് ആളുകൾ ചെരിപ്പുകൾ ധരിക്കേണ്ടത്. ദൈനംദിന കാര്യങ്ങൾക്കുള്ള ചെരിപ്പുകൾ തിരഞ്ഞെടുക്കുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ധരിക്കാറുള്ള ഷൂസ്, ഓടാനോ നടക്കാനോ മറ്റ് വ്യായാമങ്ങൾക്കോ പോകുമ്പോൾ ഇട്ടാൽ കാലുകൾക്കു വേണ്ട കുഷ്യനിങ്, നട്ടെല്ലിനു വേണ്ട കംഫർട്ട് ഒന്നും കിട്ടാതെ വരും. ഇതൊന്നും ശ്രദ്ധിക്കാതെ ഓട്ടവും ചാട്ടവും തുടർന്നാൽ ചെരിപ്പു വില്ലനായി മാറിയേക്കും.

∙വ്യായാമം ചെയ്യുമ്പോൾ സാധാരണ ക്യാൻവാസ് ഷൂ ഇട്ടാൽ പോലും കാര്യമില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം, ഓടാനും മല കയറാനും സൈക്ലിങ്ങിനും ഒക്കെ പ്രത്യേകം ചെരിപ്പുള്ളത് ഓരോ പ്രവൃത്തി ചെയ്യുമ്പോഴും നടുവിനും പേശികൾക്കുമൊക്കെ ആവശ്യത്തിനു സംരക്ഷണം കിട്ടുന്ന തരത്തിലുള്ള ഡിസൈനുകൾ ഉൾപ്പെടുത്തിയിട്ടുള്ളതു കൊണ്ടാണ്. 

∙സ്വന്തം കാലിന്റെ ആകൃതി മനസ്സിലാക്കി, അതിനിണങ്ങുന്ന ചെരുപ്പാണ് വാങ്ങേണ്ടത്. കുറച്ച് നേരമെങ്കിലും ചെരുപ്പിട്ട് നടന്നു നോക്കി പ്രശ്നമില്ലെന്നുറപ്പു വരുത്തുക. ‘രണ്ടു ദിവസം കഴിയുമ്പോ ശരിയാകും’ എന്നു പറയുന്നതു കേട്ട് പാകമില്ലാത്ത ചെരിപ്പ് വാങ്ങരുത്. 

∙സ്ഥിരമായി ഓടാനും മറ്റും പോകുന്നവർ കാലിന്റെ ആർച്ചിനെ സപ്പോർട്ട് ചെയ്യുന്ന സ്പ്രിങ് ആക്ഷനുള്ള ചെരുപ്പ് ചോദിച്ചു വാങ്ങുക. 

∙വില മാത്രമല്ല. ചെരുപ്പിന്റെ മെറ്റീരിയലും ശ്രദ്ധിക്കുക. ഉയർന്ന വില കൊടുത്തു വാങ്ങുന്നതെല്ലാം നന്നായിരിക്കണമെന്നു നിർബന്ധമില്ല. പ്ലാസ്റ്റിക് ഉപയോഗിച്ചാൽ കാലിന് അലർജിയുള്ളവർ അത് ഒഴിവാക്കണം. 

∙സ്ഥിരമായി ഹൈഹീൽസ്, ഫ്ലാറ്റ്സ് ഇവ ഇടുന്നതും നല്ലതല്ല. ശരീരത്തിന്റെ സ്വാഭാവികമായ നിലയ്ക്കു പോലും ഇത് മാറ്റം വരുത്തും. സ്ഥിരമായി നിൽക്കുന്നവർ ഒരിഞ്ചു വരെ ഹീൽ ഉള്ള ചെരുപ്പുപയോഗിക്കുന്നതാണ് നല്ലത്. 

∙പ്രമേഹം പോലുള്ള അസുഖമുള്ളവർക്ക് ഡയബറ്റിക് ഫൂട്ട് വെയറുകൾ ഉപയോഗിക്കാം. കാലിനെ മുറിവേൽപ്പിക്കാത്ത തരത്തിലുള്ള വസ്തുക്കൾ കൊണ്ട് നിര്‍മിക്കുന്നതും വിരലുകള്‍ പെട്ടെന്ന് തട്ടി മുറിയാത്ത രീതിയിലുള്ള ഡിസൈനുകളാണ് സവിശേഷതകൾ. 

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA