മൂന്നുതലമുറ ഒരുമിച്ച് സ്റ്റേജിൽ പരിപാടിക്കെത്തുമ്പോൾ!

mattanoor-family-postive-enerfy
SHARE

വീട്ടിലെ ഏക സെലിബ്രിറ്റിയാണെന്നാണു മിമിക്രി കലാകാരൻ മട്ടന്നൂർ ശിവദാസൻ കരുതിയത്. ഒരു ദിവസം അതാ വരുന്നു, വീട്ടിൽ നിന്ന് ഒരുപിടി സൂപ്പർസ്റ്റാറുകൾ.  66 വയസ്സുള്ള അമ്മ രമണി, പെങ്ങൾ അങ്കണവാടി ജീവനക്കാരി ശിവമണി, പെങ്ങളുടെ മകൾ പയ്യന്നൂർ വനിതാ പോളിടെക്നിക് കോളജ് വിദ്യാർഥിനി ശിവകാവ്യ, ശിവദാസന്റെ ഭാര്യ ജിംന, ഇളയമ്മയുടെ മകൾ ശരണ്യ കൃഷ്ണൻ, ‌ എന്തിന് ഒൻപതു വയസ്സുള്ള മകൾ ശിവശ്രീ വരെ സ്റ്റേജിലേക്ക്. അതും അഭിനയം മുതൽ ഡപ്പാംകുത്ത് ഡാൻസ് വരെ.  ആ കഥ കേൾക്കണമെങ്കിൽ കണ്ണൂർ മട്ടന്നൂർ പുതുക്കുടി മൂലയിൽ കൈലാസത്തിൽ പോകണം

 മട്ടന്നൂർ ശിവദാസൻ:‘‘ നാട്ടുകാരെല്ലാം ചേർന്നൊരു ക്ലബ്ബുണ്ട്, യുവത. തിരുവാതിര, ഒപ്പന, ശിങ്കാരിമേളം ഒക്കെ അവതരിപ്പിക്കും.  കഴിഞ്ഞ ഏപ്രിലിൽ ഉൽസവത്തിനു നാടകം കളിക്കാൻ തീരുമാനിച്ചു. എഴുത്തും സംവിധാനവും ഒക്കെ ഞാൻ തന്നെ. അഭിനേതാക്കളെ കിട്ടാതെ വന്നപ്പോൾ കുടുംബാംഗങ്ങൾ തന്നെ ആയാലോ എന്നാലോചിച്ചു.പിന്നെയെല്ലാം അമ്മ രമണിയങ്ങ് ഏറ്റെടുത്തില്ലേ. എല്ലാരെയും കൂട്ടി ഭയങ്കര പ്രാക്ടീസ്. പണി പാളുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ വേദിയിൽ കയറിയപ്പോൾ ഒടുക്കത്തെ പെർഫോമൻസ്. അതിനിടെ, എന്നെ ഞെട്ടിച്ച് വീട്ടുകാർ ഫ്യൂഷൻ ഡാൻസിലേക്കു കാലുമാറി. അതു  ചാനലിൽ വന്നതോടെ ഇവർ സൂപ്പർ സ്റ്റാറുകളായി.  മകൻ കൈലാസും ചേർന്നതോടെ വീട്ടിൽ എല്ലാവരും ഒരു ട്രൂപ്പായി. 

രമണി(അമ്മ ): ‘‘ശിവദാസാ, നീയല്ല  ഞാനാണ് കുടുംബത്തിലെ ആദ്യ സെലിബ്രിറ്റി അതു നീ മറക്കരുത്.  19ാം വയസ്സുമുതൽ നാടകത്തിൽ അഭിനയിക്കാറുണ്ട്. ഇവൻ ചെറിയ കുഞ്ഞായിരിക്കുമ്പോൾ ഇവനെയും കൊണ്ടാണു നാടകത്തിനു പോയിരുന്നത്. അവിടുന്നേ ഇവൻ ട്രിക്കുകളൊക്കെ നോക്കി വച്ചതാകും. അന്നു പഠിച്ചതു വച്ചാ ഇപ്പോൾ വിലസുന്നത്. 

ശിവമണി(സഹോദരി ): ഞങ്ങൾ 10 കിലോമീറ്റർ ദൂരെയാണു താമസം. മകൾ ശിവകാവ്യ കോളജ് വിട്ടു വന്നാൽ  വീട്ടിലെ ജോലിയെല്ലാം ഒതുക്കി വൈകിട്ട് കൈലാസത്തിൽ വീടിന് അയൽപക്കത്തുള്ള റീമ റനീഷിന്റെ വീട്ടിലെത്തും.  പരിശീലനത്തിനുള്ള എല്ലാ സൗകര്യവും തരുന്നത് ആ കുടുംബമാണ്. റീമയും ഭർത്താവ് റനീഷും മറ്റൊരു അയൽവാസിയായ ശരണ്യയും ഭർത്താവ് ബിജീഷും ഞങ്ങൾക്കൊപ്പം കൂടും. രാത്രി 12 വരെ പരിശീലനം. എന്തൊരു സന്തോഷമാണെന്നോ ആ സമയങ്ങളിൽ. ‘ഞങ്ങളെല്ലാവരും കൂടിയുള്ള ഒരു ദിവസം’ എന്നു പറഞ്ഞാൽ അതിൽ തന്നെയുണ്ട് നല്ല ഒരു നാടകത്തിനുള്ള എല്ലാ വകയും. രണ്ടു മൂന്നു വേദികളിൽ നന്നായി പിടിച്ചു നിന്നതോടെ ഇപ്പോ ഭയങ്കര ആത്മവിശ്വാസമാണ്.  

ശരണ്യ കൃഷ്ണൻ: നാടകം കളിക്കാമെന്നു രമണി മാമി പറഞ്ഞപ്പോൾ ഒരു രസത്തിനു സമ്മതിച്ചതാണ്. സ്റ്റേജിൽ കയറിയപ്പോഴല്ലേ മനസ്സിലായത് ഓൾഡ് ജനറേഷന്റെ ഏഴയലത്തൊന്നും നമ്മൾ എത്തില്ലെന്ന്. പ്രകടനം പൊളിഞ്ഞു പാളിസായാലും മാറ്റി നിർത്തി ഒതുക്കത്തിലേ പറയൂ. അതാണ്, ആശ്വാസം.

ജിംന(ഭാര്യ): പാട്ടു പാടുമെങ്കിലും കല്യാണത്തിനു മുൻപ് എന്റെ പാട്ടൊന്നും ആരും കേട്ടിട്ടില്ലായിരുന്നു. വീട്ടിൽ അതായിരുന്നു രീതി. ഇവിടെ വന്നു നോക്കുമ്പോൾ അമ്മ ആകെ അടിപൊളി. മരുമകളെ പീഡിപ്പിച്ചേ അടങ്ങൂ എന്ന സീരിയൽ ബുദ്ധിയല്ല, മിടുക്കിയാക്കിയേ അടങ്ങൂ എന്ന സ്നേഹബുദ്ധി. ഞാൻ ഡപ്പാംകൂത്ത് കളിക്കുന്നതു കണ്ടു ശിവദാസേട്ടൻ വരെ നടുങ്ങി നിന്നിട്ടുണ്ട്. 

ശിവശ്രീ(മകൾ): പരിപാടി കഴിഞ്ഞു സ്കൂളിലൊക്കെ പോകുമ്പോൾ ആദ്യം ചെറിയ ചമ്മലുണ്ടായിരുന്നു. ഇപ്പോ കൂട്ടുകാരൊക്കെ അഭിനന്ദിക്കുമ്പോൾ ഒത്തിരി സന്തോഷം . 

റീമ, ശരണ്യ ബിജീഷ് : സത്യത്തിൽ ഇതു ഞങ്ങളുടെ നാടിന്റെ കൂടി ഒരു നന്മയാണ്. ഇവിടെ ഒരോ വീട്ടിലും ഒരു കലാകാരനെങ്കിലുമുണ്ട്. ചായക്കടക്കാരൻ മുതൽ ഡോക്ടർ വരെയുള്ളവരെല്ലാം ഏതെങ്കിലും തരത്തിൽ കലാരംഗത്തു കാണും.  ആളുകൾ തമ്മിൽ വളരെ സ്നേഹത്തിലും സന്തോഷത്തിലുമാണു കഴിയുന്നത്. ശിവദാസേട്ടന്റെ ടീം മഴവിൽ മനോരമ കോമഡി ഫെസ്റ്റിവലിൽ ഒന്നാമതെത്തിയപ്പോൾ ഞങ്ങൾ സ്കൂളിൽ ബിഗ് സ്ക്രീൻ വച്ചാണു പ്രദർശനം നടത്തിയത്. പെൺതാരങ്ങൾ കസറുന്നതിനിടെ ശിവദാസന്റെ അച്ഛൻ പി.വി.ബാലകൃഷ്ണൻ വന്നു. ‘‘മക്കളേ മിമിക്രിക്കാർക്കും ഫ്യൂഷൻ ഡാൻസുകാർക്കുമൊക്കെ മുൻപ്  ഈ അച്ഛനാണ് കുടുംബത്തിൽ ആദ്യം കലാകാരനായത് എന്ന് മറക്കരുത്. തെയ്യത്തെക്കാൾ വലിയ ഏതു കലയാണെടാ ഈ കണ്ണൂരുള്ളത്?’’  കൂട്ടച്ചിരിക്കിടെ അവർ പറഞ്ഞു, ‘‘ജീവിതം സന്തോഷമുള്ളതാക്കാൻ ദൈവം തന്നതാണ് കല. കലയിൽ മുഴുകുമ്പോൾ സമ്മർദമുണ്ടാകില്ല, വിഷമമുണ്ടാകില്ല, എന്തിനെയും നേരിടാനുള്ള  ചങ്കൂറ്റവുമുണ്ടാകും. ചിരിക്കാനും ചിരിപ്പിക്കാനും കിട്ടുന്ന അവസരമാണെങ്കിൽ ഒട്ടും വിടരുത്. ഒരു പ്രളയം വന്നാൽ തീരാനുള്ളതല്ലേ എല്ലാ ഈഗോയും. അതുകൊണ്ട് മസിലു പിടിച്ചു ജീവിക്കാതെ ചിരിച്ചു സന്തോഷിച്ചു ജീവിക്കാം. ’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA