നിങ്ങൾ മേക്കപ്പ് ചെയ്യാറുണ്ടോ? എങ്കിൽ ഇതു വായിക്കാതെ പോകരുത്

Slay the party look with these simple make-up tips
SHARE

പരസ്യത്തിൽ കാണുന്ന എണ്ണയും സോപ്പും തന്നെ വേണം. ഇഷ്ട നടി ഉപയോഗിക്കുന്ന അതേ ബ്രാൻഡിലുള്ള ലിപ്സ്റ്റിക് തന്നെ ചോദിച്ചു വാങ്ങും. പിന്നെ ലിപ് ബാം, ഐ ലൈനർ, ഐഷാഡോ, മസ്കാര, നെയിൽ പോളിഷ്... അങ്ങനെ നീണ്ടു പോകും ലിസ്റ്റ്. 

ലിപ്സ്റ്റിക്കും ഐലൈനറും ഒന്നും പുരട്ടാതെ പുറത്തിറങ്ങാൻ പോലും മടിക്കുന്ന കൗമാരക്കാരികളുടെയും യുവതികളുടെയും എണ്ണം കൂടുകയാണ്. പുരികം ആകൃതി വരുത്താത്ത ഒരു പെൺകുട്ടിയെപ്പോലും കാണാൻ കിട്ടാത്ത അവസ്ഥ. ഷാംപൂ തേച്ചില്ലെങ്കിൽ എന്തോ വല്ലായ്കയാണു ചിലർക്ക്. 

സൗന്ദര്യം കൂട്ടാൻ എന്ന പേരിൽ വാരിത്തേക്കുന്ന വസ്തുക്കളിലെല്ലാം നമ്മുടെ ശരീരത്തിനു ദോഷകരമായേക്കാവുന്ന ഒട്ടനവധി രാസപദാർഥങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം എത്രപേർക്കറിയാം?

സൗന്ദര്യവർധകവസ്തുക്കളിലും പഴ്സനൽ കെയർ ഉൽപന്നങ്ങളിലും അടങ്ങിയ രാസവസ്തുക്കൾ സ്ത്രീകളിലെ പ്രത്യുല്പാദന ഹോർമോണുകളിൽ മാറ്റം വരുത്തും. ഇത് വന്ധ്യതയ്ക്കും സ്തനാർബുദത്തിനും കാരണമാകുമെന്ന് എൻവയൺമെന്റ് ഇന്റർനാഷനൽ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പുരുഷന്മാരിൽ സ്തനവളര്‍ച്ചയ്ക്ക് കാരണമാകുന്ന പാരാ ബെൻ, ബിപിഎ മുതലായ രാസവസ്തുക്കളും ഈ ഉൽപന്നങ്ങളിലുണ്ട്. 

വെർജീനിയയിലെ ജോർജ് മേസൺ സർവകലാശാലാ ഗവേഷകർ നൂറിലധികം സ്ത്രീകളിൽ നടത്തിയ പഠനത്തിൽ, യൂറിൻ സാംപിളുകളിൽ  രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടവരിൽ, പ്രത്യുല്പാദന ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണും കൂടിയ അളവിൽ ഉൽപാദിപ്പിക്കുന്നതായി കണ്ടു. 

ഈസ്ട്രജന്‍ അധികമാകുന്നത് ഫൈബ്രോയ്ഡിനും പോളി സിസ്റ്റിക് ഓവറി സിൻഡ്രോമിനും (PCOS) കാരണമാകും. ഇവയുടെ അളവ് തീരെ കുറഞ്ഞാൽ അണ്ഡ വളർച്ചയെയും അണ്ഡവിസർജ്ജനത്തെയും തടയുകയും ചെയ്യും. എന്നാൽ പ്രൊജസ്ട്രോണിന്റെ കൂടിയ അളവ് സ്തനാർബുദത്തിനും വജൈനൽ ബ്ലീഡിങ്ങിനും കാരണമാകും.  സൗന്ദര്യവർധകവസ്തുക്കളിലും സ്കിൻ കെയർ ഉൽപന്നങ്ങളിലും പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന പാരാബെനുകൾ അർബുദകാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. പെർഫ്യൂമുകളിൽ ദീർഘനേരത്തേക്ക് സുഗന്ധം നിലനിർത്താൻ ചേർക്കുന്ന ബിസ്ഫെനോൾ എ അഥവാ ബിപിഎ, വന്ധ്യതയ്ക്കു കാരണമാകും.

18 നും 44 നും ഇടയിൽ പ്രായമുള്ള 143 സ്ത്രീകളുടെ 509 യൂറിൻ സാംപിളുകൾ ശേഖരിച്ചു. ഇവർ ആരോഗ്യവതികളും ഗർഭനിരോധന മാർഗങ്ങൾ ഒന്നും ഉപയോഗിക്കാത്തവരും ആയിരുന്നു. രണ്ട് ആർത്തവ ചക്രങ്ങൾക്കിടയ്ക്കു മൂന്നു മുതൽ അഞ്ചു വരെ തവണ യൂറിൻ പരിശോധിച്ച് രാസ വസ്തുക്കളായ ബിപിഎ, പാരെബെൻ, ക്ലോറോഫിനോളുകൾ, ബെൻസോഫിനോണുകൾ എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം പരിശോധിച്ചു.  സൗന്ദര്യവർധകവസ്തുക്കളില്‍ പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ക്ലോറോഫിനോള്‍ മുഖക്കുരു, കരളിനു ക്ഷതം, അർബുദം ഇവയ്ക്കു കാരണമാകും. 

അൾട്രാവയലറ്റ് വികിരണങ്ങളിൽനിന്നു സംരക്ഷണമേകാൻ ലിപ് ബാം, നെയിൽ വാർണിഷ് എന്നിവയിൽ ഉപയോഗിക്കുന്നവയാണ് ബെൻസോഫിനോണുകൾ. സോപ്പുകളിൽ നിറവും മണവും നഷ്ടപ്പെടാതിരിക്കാനും ഇവ ഉപയോഗിക്കുന്നു. ബെൻസോഫിനോണുകൾ അർബുദത്തിനും വന്ധ്യതയ്ക്കും കാരണമാകുന്നു.

ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍, എഫ് എസ് എച്ച്, എൽ എച്ച് എന്നീ ഹോർമോണുകളുടെ അളവ് അറിയാൻ, പഠനത്തിൽ പങ്കെടുത്തവരുടെ രക്ത സാമ്പിളുകളും ശേഖരിച്ചു.  പഠനവിധേയമാക്കിയ എല്ലാ രാസസ്തുക്കളും സ്ത്രീകളിൽ പ്രൊജസ്ട്രോണിന്റെ അളവ് കൂട്ടുന്നതായി പഠനത്തിൽ കണ്ടു. 

മൂത്രത്തിൽ ക്ലോറോഫിനോളുകളുടെ  അളവ് കൂടുതലുള്ളവരിൽ ഈസ്ട്രജനും എഫ്എസ് എച്ചും കൂടുതലായിരുന്നു. പാരാബെനുകളും സിപിഎയും  ഈസ്ട്രജന്റെ അളവ് കൂട്ടുന്നു. ഈസ്ട്രജന്റെ അളവ് കൂടുന്നത് ‘ഈസ്ട്രജൻ ഡോമിനൻസ്’ എന്ന അവസ്ഥയ്ക്കു കാരണമാകും. ഇത് ഗർഭപാത്രത്തിൽ അർബുദകാരണമല്ലാത്ത വളർച്ചയ്ക്കും പോളിസിസ്റ്റിക് ഓവറി സിൻഡ്രോമിനും കാരണമാകും.

ക്ലോറോഫിനോളുകളാകട്ടെ ഈസ്ട്രജന്‍, എഫ്എസ്എച്ച്, എൽ എച്ച് എന്നീ ഹോർമോണുകളുടെ അളവ് കുറയ്ക്കുന്നു. എഫ് എസ് എച്ച് ഹോർമോണിന്റെ അളവ് കുറയുന്നത്, ഒരു സ്ത്രീയിൽ അണ്ഡോൽപാദനം നടക്കുന്നില്ല എന്നതിനെയാണ് സൂചിപ്പിക്കുന്നത്. എൽ എച്ചിന്റെ അളവ് കുറയുന്നത് പിസിഒഎസിനും കാരണമാകും. 

വില കൊടുത്തു വാങ്ങുന്ന സൗന്ദര്യത്തിന് ചിലപ്പോൾ അതിലും വലിയ വില കൊടുക്കേണ്ടി വന്നേക്കാമെന്നു സൂചന നൽകുന്നതാണ് ഈ പഠനഫലം.

Read More : Health Tips

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA