പാചകത്തിൽ വരുത്തുന്ന ഈ അബദ്ധങ്ങൾ ഭക്ഷണത്തെ വിഷമയമാക്കും

kitchen-tips
SHARE

ചിലപ്പോൾ ചില കാര്യങ്ങൾ നമ്മുടെ തൊട്ടടുത്തു തന്നെ ഉണ്ടാവും. പക്ഷേ നാം അത് ശ്രദ്ധിക്കണമെന്നില്ല. അതു പോലെയാണ് ആരോഗ്യസംബന്ധമായ ചില അപകടങ്ങളും. നമ്മുടെ അടുക്കളയിൽ നാം എപ്പോഴും കാണിക്കുന്ന ചില അബദ്ധങ്ങൾ ഉണ്ട്. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന, ആരോഗ്യത്തിനു ദോഷം വരുത്തുന്ന ആ അടുക്കളക്കാര്യങ്ങൾ ഏതൊക്കെ എന്നു നോക്കാം. 

പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ
കഴിക്കുന്ന ഭക്ഷണത്തിലെ ചേരുവകൾ എന്തൊക്കെ എന്നറിയുന്നതു പോലെ പ്രധാനമാണ് പാചകം ചെയ്യാൻ ഏതു തരം പാത്രം ഉപയോഗിക്കുന്നു എന്നതും. നോൺസ്റ്റിക് പാത്രങ്ങൾ ആണ് ഇന്ന് മിക്ക അടുക്കളയിലും ഉപയോഗിക്കുന്നത്. ഇതിലെ ടെഫ്‍ലോൺ കോട്ടിങ്ങിൽ പെർഫ്ലൂറോഒക്ടാനോയിക് ആസിഡ് (PFOA or (8) എന്ന മനുഷ്യനിർമിത രാസവസ്തു അടങ്ങിയിട്ടുണ്ട്. ഭക്ഷണവും പിഎഫ്ഒഎയുമായുള്ള സമ്പർക്കം കാൻസർ വരാനും പ്രത്യുല്പാദന തകരാറിനും കരളിന്റെ പ്രവർത്തന വൈകല്യത്തിനും കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. അലുമിനിയം പാത്രങ്ങളിലെ പാചകവും ആരോഗ്യത്തിനു ദോഷം ചെയ്യും. ഇരുമ്പ്, സ്റ്റെയിൻലെസ്സ് സ്റ്റീൽ ഗ്ലാസ്സ്, സെറാമിക് പാത്രങ്ങൾ എന്നിവ ഉപയോഗിക്കാൻ കഴിവതും ശ്രദ്ധിക്കുക.


മിച്ചം വരുന്നതെല്ലാം പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചാൽ
പാചകത്തിനുപയോഗിക്കുന്ന പാത്രങ്ങൾ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും. വിപണിയിൽ ലഭ്യമായ മിക്ക പ്ലാസ്റ്റിക് ജാറുകളിലും ബിസ്ഫെനോൾ എ (BPA) അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ചെന്നാൽ ഈസ്ട്രജനെ mimic ചെയ്യും. ഈസ്ട്രജന്റെ കൂടിയ അളവ് ശരീരഭാരം കൂടാനും ക്രമം തെറ്റിയ ആർത്തവചക്രത്തിനും തലവേദനയ്ക്കും കാരണമാകും. ഒപ്പം ചിലയിനം അർബുദങ്ങൾക്കും സാധ്യതയേറും. പ്ലാസ്റ്റിക് ജാറുകൾക്കു പകരം കുപ്പിപ്പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

വറുത്തതും പൊരിച്ചതും
നിറയെ എണ്ണയിൽ വറുത്തു കോരിയ ഭക്ഷണം, മീൻ വറുത്തതോ ഉപ്പേരിയോ ചായക്കടികളോ ഏതുമാകട്ടെ രുചിയിൽ കെങ്കേമന്മാരാകും. പക്ഷേ വറുത്തതും പൊരിച്ചതും ശീലമാക്കിയാൽ നിരവധി ആരോഗ്യപ്രശ്നങ്ങളാകും നിങ്ങളെ കാത്തിരിക്കുക. ഹൃദ്രോഗം, പ്രമേഹം ഇവയെല്ലാം ഉണ്ടാകാം. (ഫ്രൈ ചെയ്ത ഭക്ഷണത്തോട് ആസക്തി ഉള്ളവരാണെങ്കിൽ ഒരു ‘എയർ ഫ്രൈയർ’ വാങ്ങാം. എണ്ണ ഒട്ടും ഇല്ലാതെ ഭക്ഷണം വേവിക്കാൻ സാധിക്കും. ട്രാൻസ്ഫാറ്റുകളെ പേടിക്കാതെ ഇഷ്ടഭക്ഷണം ആസ്വദിക്കുകയുമാവാം)

ഉപ്പും മധുരവും
രണ്ടും ഒരുപോലെ ആവശ്യമുള്ളത്. എന്നാൽ അളവ് കൂടിയാലോ, അനാരോഗ്യകരവും. ഉപ്പ് കുറച്ചു മാത്രം ഉപയോഗിച്ച് ശീലിക്കുക. ദിവസം 1500 മില്ലി ഗ്രാമിലും കുറവ് ഉപ്പ് മാത്രമേ ശരീരത്തിൽ എത്താവൂ എന്നാണ് കണക്ക്.

ഉപ്പു പോലെ തന്നെയാണ് പഞ്ചസാരയുടെ കാര്യവും. പഞ്ചസാരയുടെയും മധുരപലഹാരങ്ങളുടെയും ഉപയോഗം കുറയ്ക്കുക.

പ്രോസസ്ഡ് ഫുഡ്സ്
കുട്ടികളുടെ ഇഷ്ടം നോക്കിയും സമയക്കുറവിനെ പഴിച്ചും റെഡി ടു ഈറ്റ്, ഫ്രോസൺ മീൽ വാങ്ങുന്ന ശീലം പലർക്കുമുണ്ട്. പ്രിസർവേറ്റീവുകളും രാസവസ്തുക്കളും അടങ്ങിയ ഇവ ആരോഗ്യത്തിനു ദോഷകരമാണ്. കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. പ്രോസസ് ചെയ്ത ഭക്ഷണം വാങ്ങി നൽകുക വഴി കുട്ടികളോടും നിങ്ങൾ തെറ്റാണ് ചെയ്യുന്നതെന്നറിയുക. 

ഇറച്ചി അധികം വേവിച്ചാൽ
പച്ച ഇറച്ചിയും വേവാത്ത ഇറച്ചിയും ദോഷം ചെയ്യും ഇതു പോലെയാണ് അമിതമായി വെന്ത ഇറച്ചിയും 300 ഡിഗ്രി ഫാരൻഹീറ്റിലും അധികം ഇറച്ചി വെന്താൽ അവയിൽ HCA(Hetero Cyclic Aminase), PAH (Polycyclic Aromatic Hydrocarbons) എന്നീ സംയുക്തങ്ങൾ രൂപപ്പെടും. ഇത് മനുഷ്യനിൽ ഡി.എൻ.എ. തകരാറുകൾ വരുത്തും. അർബുദത്തിനു കാരണ മാകുന്ന എൻസൈമുകളെ ഈ സംയുക്തങ്ങൾ ആക്ടിവേറ്റ് ചെയ്യും. ഗ്രിൽ ചെയ്യുകയും പാനിൽ വറുത്തെടുക്കുകയും ചെയ്ത ഇറച്ചിയാണ് അപകടകരം. കൂടുതൽ സമയം തുറന്നുവച്ചും ഇറച്ചി വേവിക്കരുത്. 

ഭക്ഷണത്തിലെ കൊഴുപ്പ്
കൊഴുപ്പ് നമ്മുടെ ശത്രുവാണെന്നു വിശ്വസിച്ചിരുന്ന കാലം മാറി. നല്ല കൊഴുപ്പും ചീത്ത കൊഴുപ്പും ഉണ്ട് എന്ന് നാം മനസ്സിലാക്കി. വറുത്തതും പൊരിച്ചതും ഒന്നും നല്ലതല്ല എന്ന് അറിയാം. മത്സ്യം, വെണ്ണപ്പഴം മുതലായവയിൽ നല്ല കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ഇവയിൽ ധാരാളം ഉണ്ട്. ആവശ്യത്തിനു കൊഴുപ്പ് പാചകത്തിൽ ഉപയോഗിക്കാത്തത് അബദ്ധമാണെന്ന് വിദഗ്ധർ പറയുന്നു. ഊർജത്തിന്റെ ഉറവിടമാണ് കൊഴുപ്പ് എന്നതു കൂടാതെ ഇത് അവയവങ്ങൾക്ക് സംരക്ഷണമേകുന്നു. കോശസ്തരങ്ങളുടെ പ്രവർത്തനത്തിന് കൊഴുപ്പ് ആവശ്യമാണ്. ജീവകം എ,ഡി,ഇ, കെ എന്നിവയുടെ ആഗിരണത്തിനും ഇവ സഹായിക്കുന്നു. 

എണ്ണ അധികം ചൂടാക്കിയാൽ
ഒലിവെണ്ണ, വെളിച്ചെണ്ണ, സൂര്യകാന്തിയെണ്ണ, ബട്ടർ ഇവയെല്ലാം പാചകത്തിന് ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇവയെല്ലാം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതാണോ? ഓരോ എണ്ണയ്ക്കും വ്യത്യസ്ത സ്മോക്കിങ് പോയിന്റ് ഉണ്ട്. നിലക്കടലയെണ്ണ, എള്ളെണ്ണ, സൂര്യകാന്തി എണ്ണ, ആൽമണ്ട് ഓയിൽ ഇവയെല്ലാം ഉയർന്ന സ്മോക്ക് പോയിന്റ് ഉള്ളവയാണ്. അതായത് ഉയർന്ന ചൂടിലും ഇവ പാചകം ചെയ്യാമെന്നു ചുരുക്കം. സോയാബീൻ എണ്ണയും ചോള എണ്ണയും പ്രമേഹ കാരണമാകും എന്നതിനാൽ ഒഴിവാക്കുക. ആരോഗ്യ മേകുന്നതോടൊപ്പം സൗന്ദര്യ സംരക്ഷണത്തിനും നമ്മുടെ സ്വന്തം വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ഉപ്പും മധുരവും പോലെ എണ്ണയുടെ ഉപയോഗവും അമിതമാകരുതെന്നു മാത്രം. വെളിച്ചെണ്ണയും ഒലിവ് ഓയിലും പോഷക സമ്പുഷ്ടവും ആരോഗ്യകരവുമാണ്. എന്നാൽ ഉയർന്ന താപനിലയിൽ ഇവയിലെ പോഷകങ്ങൾ നശിക്കുന്നു. പരിധിയിലധികം ചൂടാക്കിയാൽ ഇവ അനാരോഗ്യകരമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA