വീഗൻ ആയാൽ ഇത്രയും ഗുണങ്ങളോ!

862363324
SHARE

ഇറച്ചിയും മീനും മാത്രമല്ല, മൃഗങ്ങളിൽനിന്നു ലഭിക്കുന്ന പാൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങൾ പോലും കഴിക്കുന്നത് ക്രൂരവും മനുഷ്യത്വരഹിതവും ആണെന്നു കരുതുന്നവർ നമുക്കിടയിലുണ്ട്. മത്സ്യം, ഇറച്ചി, ഇറച്ചി, മുട്ട, പാലുൽപന്നങ്ങൾ, തേൻ ഇവയൊന്നും കഴിക്കാത്തവരാണ് വീഗനുകൾ (Vegans). പല കാരണങ്ങൾ കൊണ്ട് വീഗൻ ആകുന്നവരുണ്ട്.

ധാർമികത മുതൽ പരിസ്ഥിതി സ്നേഹം വരെ പലരെയും വീഗൻ ആക്കും. ചിലർ തങ്ങളുടെ ആരോഗ്യം മാത്രം ലക്ഷ്യം വച്ച് വീഗൻ ആകുന്നവരാണ്. ഇറച്ചി കഴിക്കുന്നതിന് ഇവർ എതിരൊന്നുമല്ല. എന്നാൽ സ്വന്തം ശരീരം സംരക്ഷിച്ചേ തീരൂ. ഉദരത്തിനു പിടിക്കാത്തതൊന്നും ഇവർ കഴിക്കില്ല. 

വീഗൻ ആയാലുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ?

പോഷക കലവറ
വീഗൻ ആണോ നിങ്ങൾ? എങ്കിൽ ഭക്ഷണത്തിലൂടെ ധാരാളം പോഷകങ്ങൾ ലഭിക്കും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം അണ്ടിപ്പരിപ്പ്, പയർ, പരിപ്പ് വർഗങ്ങളും കഴിക്കണം. സസ്യഭക്ഷണം മാത്രം കഴിച്ചാൽ ശരീരത്തിന് ആവശ്യമായ പലപോഷകങ്ങളും ലഭിക്കുമോ എന്നു സംശയിക്കുന്നവരുണ്ട്. പ്രോട്ടീൻ, ജീവകം ബി12, കാൽസ്യം, ചില ഫാറ്റി ആസിഡുകൾ ഇവയൊക്കെ എവിടെനിന്നു ലഭിക്കും? ഇവയ്ക്കെല്ലാം പകരക്കാരൻ ഉണ്ട്. 

ഉദാഹരണത്തിന് അണ്ടിപ്പരിപ്പ് ഫാറ്റി ആസിഡുകളുടെയും സിങ്കിന്റെയും ഉറവിടമാണ്. പയർ വർഗങ്ങളില്‍നിന്നും ബീൻസിൽനിന്നും ജീവകം ബി 12 ഉം പ്രോട്ടീനും ലഭിക്കും. കാൽസ്യം ലഭിക്കാൻ പച്ചനിറത്തിലുള്ള ഇലക്കറികൾ കഴിച്ചാൽമതി.

പ്രമേഹം കുറയ്ക്കാം
വീഗൻ ഡയറ്റ് പിന്തുടരുന്നവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 50 മുതൽ 78 ശതമാനം കുറവാണെന്നു പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. സസ്യഭക്ഷണം ശീലമാക്കിയവർ മുഴുധാന്യങ്ങളും നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നതു കൊണ്ടാകാം രോഗസാധ്യത കുറയുന്നത്. ഇവ സാവധാനമേ വിഘടിക്കൂ. രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കും. ചോക്ലേറ്റ് മിഠായികൾ, മറ്റു റിഫൈൻഡ‍് ഫുഡ്സ് ഇവ ഒഴിവാക്കണം. കാരണം ഇവയിൽ മൃഗോൽപന്നങ്ങൾ ഉണ്ടാകാം. 

വൃക്കത്തകരാറുകൾക്കുള്ള സാധ്യത കുറയും
ഇറച്ചി അധികം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. വീഗൻ ഡയറ്റ് പിന്തുടരുന്നവരിൽ വൃക്കത്തകരാറ്  ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്. സസ്യ പ്രോട്ടീനുകൾ അവയവങ്ങളെ ആരോഗ്യമുള്ളതാക്കുന്നു; പ്രത്യേകിച്ച് കരളിനെയും വൃക്കയെയും. 

അർബുദങ്ങളെ അകറ്റാം
ഭക്ഷണശീലങ്ങൾ അർബുദത്തിനു കാരണമാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ജീവിതശൈലി മാറ്റിയാൽത്തന്നെ രോഗസാധ്യത പകുതി കുറയും. വീഗൻ ഡയറ്റ് ശീലിക്കുന്നത് ഇതിനൊരു പരിഹാരമാണ്. 

പയർ വർഗങ്ങൾ കഴിച്ചാൽ വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദം വരാനുള്ള സാധ്യത 9 മുതൽ 18 ശതമാനം വരെ കുറയും. ഏതുതരം അര്‍ബുദസാധ്യതയും 15 ശതമാനം കുറയ്ക്കാൻ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. സോയ ഉൽപന്നങ്ങൾ ശീലമാക്കിയാൽ സ്തനാർബുദ സാധ്യത കുറയും. 

പ്രോസസ് ചെയ്ത ഇറച്ചി, സ്മോക്ക്ഡ് മീറ്റ്, ഉയർന്ന താപനിലയിൽ വേവിച്ച ഇറച്ചി ഇവയെല്ലാം അർബുദത്തിനു കാരണമാകും. പാലുല്‍പന്നങ്ങളും പ്രോസ്റ്റേറ്റ് അർബുദത്തിനു കാരണമാകും. വീഗൻ ജീവിതരീതി പിന്തുടർന്നാൽ അർബുദ സാധ്യത കുറയ്ക്കാം. 

സന്ധിവാതം അകറ്റാം
സന്ധിവാത ലക്ഷണങ്ങൾ കുറയ്ക്കാൻ വീഗൻ ഭക്ഷണരീതി സഹായിക്കും. സസ്യഭക്ഷണം ശീലമാക്കുമ്പോൾ നല്ല ബാക്ടീരിയയുടെ അളവു കൂടും. ഇത് ശരീരത്തിൽ വീക്കം ഉണ്ടാക്കുന്ന ചീത്ത ബാക്ടീരിയയോടു പൊരുതാൻ സഹായിക്കും.

ഹൃദ്രോഗ സാധ്യത കുറയ്ക്കാം
ഇറച്ചി അധികം കഴിക്കുന്നത് പൂരിത കൊഴുപ്പിന്റെ അളവു കൂട്ടും. ഇത് രക്തസമ്മർദം, കൊളസ്ട്രോൾ ഇവ കൂടാനും ഹൃദയത്തിനു കൂടുതൽ സമ്മർദം ഉണ്ടാകാനും കാരണമാകും. ധമനികളെ ബാധിക്കുകയും രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും. വീഗൻ ഭക്ഷണരീതി പിന്തുടരുന്നവർ ഹൃദ്രോഗം മൂലം മരണമടയാനുള്ള സാധ്യത 42 ശതമാനം കുറവാണ്. രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത 75 ശതമാനവും കുറവായിരിക്കും. മാത്രമല്ല, വീഗൻ ഭക്ഷണം കഴിക്കുന്നവർ ഹൃദയത്തിന് ആരോഗ്യമേകുന്ന മുഴുധാന്യങ്ങള്‍, അണ്ടിപ്പരിപ്പുകൾ, പച്ചക്കറികൾ ഇവയാണ് കഴിക്കുന്നത്. ഇത് ഹൃദയപേശികളെ ആരോഗ്യമുള്ളതാക്കുന്നു. 

ശരീരഭാരം കുറയ്ക്കാം
ശരീരഭാരം കൂടുതലാണെങ്കിൽ മ‍ൃഗഉൽപന്നങ്ങൾ കഴിവതും കുറച്ചോളൂ. കൊഴുപ്പും കാലറിയും കൂടുതൽ അടങ്ങിയതാണത്. ഇറച്ചി, പാലുൽപന്നങ്ങൾ ഇവയെല്ലാം ഒഴിവാക്കുന്നതാകും നല്ലത്. വീഗൻ ഭക്ഷണം ശീലമാക്കിയവർ പൊതുവേ മെലിഞ്ഞവരും ആയിരിക്കും. (ഇതിന് അപവാദം ഉണ്ടാകാം) സസ്യഭക്ഷണം കാലറി കുറഞ്ഞതാകയാൽ കൂടുതൽ കഴിക്കുകയും ആവാം. 

ഫിറ്റ്നസ് മെച്ചപ്പെടുത്താം
ഇറച്ചിയും മീനും കഴിക്കുന്നവരെക്കാൾ മികച്ച ഫിറ്റ്നസ് വീഗനുകൾക്കാണ്. ഇവർക്ക് പരുക്കു പറ്റുന്നതു കുറവായിരിക്കും. കാരണം എല്ലുകളുടെയും കലകളുടെയും ബലക്ഷയം ഉണ്ടാക്കുന്ന ഒന്നും ഇവർ കഴിക്കുന്നില്ല എന്നതു തന്നെ. എല്ലാ പോഷകങ്ങളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കണം. 

കൊളസ്ട്രോൾ കുറയ്ക്കാം
മുട്ട, പാൽ, ഇറച്ചി ഇവയിൽ നിന്നെല്ലാമാണ് കൊളസ്ട്രോൾ ശരീരത്തിലെത്തുന്നത്. സസ്യഭക്ഷണത്തിൽനിന്നു കൊളസ്ട്രോൾ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വെജിറ്റേറിയൻസിനെക്കാളും ഇറച്ചി കഴിക്കുന്നവരെക്കാളും കൊളസ്ട്രോൾ നില വീഗനുകൾക്ക് കുറവായിരിക്കും. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് ധമനികളിൽ ബ്ലോക്ക്  ഉണ്ടാക്കുകയും ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യും. വീഗൻ ഡയറ്റ് ശീലമാക്കിയാൽ നല്ല കൊളസ്ട്രോള്‍ ഉണ്ടാവുകയും ആരോഗ്യമുള്ള ശരീരം സ്വന്തമാവുകയും ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA