ബത്തേരിക്കാരുടെ ആരോഗ്യരഹസ്യം ഈ വൃത്തിതന്നെ

bathery
SHARE

വൃത്തിയുടെ കാര്യത്തിൽ നഗരങ്ങളിലെ സുൽത്താനാണു ബത്തേരി. റോഡിലൊരിടത്തും ചപ്പുചവറില്ല. മൂക്കും കണ്ണും പൊത്താതെ നിരത്തിലിറങ്ങാം. സഞ്ചാരികളെ വരവേൽക്കാൻ വഴിയോരങ്ങളിൽ പൂച്ചെടികൾ. ‘കേരളത്തിലെ പിന്നാക്ക ജില്ലയെന്നറിയപ്പെടുന്ന വയനാട്ടിൽ ഇത്രയും ക്ലീൻ ക്ലീനായ പട്ടണമോ?’ വയനാട് കാണാൻ ഖത്തറിൽനിന്നെത്തിയ സഞ്ചാരി ചോദിച്ചതാണിത്.

വൃത്തിക്കു രാപകൽ കാവൽ!

വെറും രണ്ടു വർഷം കൊണ്ടാണ് ഈ നഗരസഭ കേരളത്തിലെ തന്നെ ഏറ്റവും വൃത്തിയുള്ള പട്ടണമായത്. സി.കെ. സഹദേവൻ അധ്യക്ഷനായ ഭരണസമിതി അധികാരമേറ്റപ്പോൾ ആദ്യം ചെയ്തത് നഗരത്തെ മാലിന്യമുക്തമാക്കുകയായിരുന്നു. ബത്തേരിയിലെ 13 ഓവുചാലുകളും വൃത്തിയാക്കി. 30 വർഷമായി അനക്കം തട്ടാതെ കിടന്നിരുന്ന സകലമാന അഴുക്കുകളും നീക്കി. പ്ലാസ്റ്റിക് നിരോധിച്ചു. റോഡരികിലെ കാടും പുല്ലുമെല്ലാം ചെത്തിക്കള‍ഞ്ഞു. പാതിരാത്രിയിൽ മാലിന്യം തള്ളി മുങ്ങുന്നവരെ പിടിക്കാൻ നഗരസഭാധ്യക്ഷനും കൗൺസിലർമാരും ജീവനക്കാരും ഉറക്കമിളച്ചു കാവലിരുന്നു. ജനങ്ങളും വ്യാപാരികളും ഓട്ടോ- ടാക്സി തൊഴിലാളികളുമെല്ലാം വൻ പിന്തുണ!  നാട് എങ്ങനെ മാറാതിരിക്കും.

കാശുവാരാൻ മാലിന്യം

ജനങ്ങളിൽനിന്നു മാലിന്യം കാശുകൊടുത്തു വാങ്ങുന്ന 'മഹാമനസ്ക'രാണു ബത്തേരി ഭരിക്കുന്നത്. കടകളിലും വീടുകളിലും നിന്നും പണം കൊടുത്തു സംഭരിക്കുന്ന മാലിന്യത്തിൽനിന്നു വളവും വൈദ്യുതിയും ഉണ്ടാക്കുന്നതാണു പദ്ധതി. ജർമൻ സാങ്കേതികവിദ്യയിലാണു മാലിന്യ നിർമാർജന പ്ലാന്റിന്റെ നിർമാണം. മൂന്നു മാസത്തിനുള്ളിൽ പ്ലാന്റ് പ്രവർത്തനമാരംഭിക്കുമെന്ന് നഗരസഭയുടെ ഇപ്പോഴത്തെ അധ്യക്ഷൻ ടി.എൽ. സാബു പറഞ്ഞു. നഗരസഭ ഭരിക്കുന്നവർക്കു വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ, രാഷ്ട്രീയപാർട്ടികളുടെ കൊടിതോരണങ്ങൾക്ക് ഇവിടെ ഒരു ദിവസത്തിന്റെ ആയുസ്സേ ഉള്ളൂ. ഭരിക്കുന്ന കക്ഷിയാണെങ്കിലും പാർട്ടി പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ കൊടികളും ബോർഡുകളും അഴിച്ചുമാറ്റണം.

പൂക്കളുടെ നഗരം

പുലർച്ചെ നാലിന് ഒൻപതു ശുചീകരണത്തൊഴിലാളികൾ വണ്ടിയുമായി നഗരത്തിലിറങ്ങും. മൂന്നു മണിക്കൂർ കൊണ്ട് ബത്തേരി ക്ലീൻ. ആരും മാലിന്യം വലിച്ചെറിയാത്തതിനാൽ പണി എളുപ്പം. എങ്കിലും ഉച്ചയ്ക്കു ശേഷം ഉന്തുവണ്ടിയുമായി അവർ വീണ്ടുമിറങ്ങും. ചെറിയൊരു മിഠായിക്കടലാസോ വഴിതെറ്റി പറന്നുവന്ന കരിയിലയോ ഉണ്ടെങ്കിൽ അതെല്ലാം പെറുക്കിയെടുക്കും. റോഡും പരിസരവും വീട്ടുമുറ്റം പോലെ വൃത്തിയാക്കും. വഴിയോരങ്ങളിലെ പൂച്ചെട്ടികൾ തുടക്കം മാത്രമേ ആയിട്ടുള്ളൂ. കേരളത്തിലെ പൂന്തോട്ട നഗരമാകാൻ അതിവേഗം ഒരുങ്ങുകയാണ് ബത്തേരി. വർഷങ്ങൾക്കു മുൻപ് നട്ട പൂമരങ്ങൾ വൈകാതെ പൂത്തുതുടങ്ങും. അപ്പോൾ നഗരം മുഴുവൻ വസന്തമായിരിക്കും.

അഭിപ്രായബുക്ക് 

കേരളത്തിലെ ഏതെങ്കിലും പൊതുശുചിമുറിയിൽ അഭിപ്രായമെഴുതുന്ന ബുക്ക് വയ്ക്കാൻ അധികൃതർക്കു ധൈര്യമുണ്ടാകുമോ? ബത്തേരിക്കാർക്ക് ഉണ്ട്. ശുചിമുറി ഉപയോഗിക്കുന്നവർക്ക് അതിനെക്കുറിച്ചു മോശമായതൊന്നും പറയാനുണ്ടാകില്ലെന്ന് അവർക്കറിയാം. ശുചിമുറിയിലെ ആ ബുക്കിൽ നിറയെ ബത്തേരിയുടെ വാഴ്ത്തുപാട്ടുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA