കൂട്ടുകെട്ടിലെ ദോഷങ്ങൾ; മാതാപിതാക്കളും ശ്രദ്ധിക്കണം

924813394
SHARE

മികച്ച രീതിയിൽ പഠിക്കുന്ന മകൻ പ്ലസ് വണ്ണിൽ പുതിയ സ്കൂളിലെത്തിയപ്പോൾ ചില കൂട്ടുകാരുണ്ടായി. അവരുമൊത്ത് ശനിയാഴ്ചകളിൽ രാത്രി ചുറ്റിക്കറങ്ങാൻ പോകുന്ന ശീലം തുടങ്ങി. ഒൻപതു മണിയാകുമ്പോൾ ഇറങ്ങും. പാതിരാവിനു മുൻപ് തിരിച്ചെത്തും. സിനിമ കാണാൻ പോകുന്നുവെന്നാണ് വിശദീകരണം. ശീലം ശരിയല്ലായെന്നു പറഞ്ഞാൽ അനുസരിക്കില്ല. പഠനത്തിലും പെരുമാറ്റത്തിലും കുഴപ്പമില്ലാത്തതുകൊണ്ട് കർശനമായി വിലക്കാൻ പോയില്ല. പക്ഷേ, ഇവനെയും ചങ്ങാതിമാരെയും ഒരു വീടിന്റെ ബെഡ്റൂമിലേക്ക് ഒളിഞ്ഞുനോക്കുന്ന വേളയിൽ ആളുകൾ പിടിച്ചു. നല്ല കുട്ടിയായ ഇവനെ കൂട്ടുകാർ ചീത്തയാക്കിയതിൽ ഞങ്ങൾ സങ്കടപ്പെട്ടു. ഇവൻ ആ ദുശ്ശീലം തുടരുമോ?

കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതു തീർച്ചയായും തെറ്റായ പ്രവൃത്തിയാണ്. കുറ്റകരവുമാണ്. ഇത്തരം കുരുത്തക്കേടുകൾ കാട്ടാനുള്ള ധൈര്യം ചങ്ങാതിക്കൂട്ടത്തിലെത്തുമ്പോൾ ഉണ്ടായേക്കാം. ഇതൊക്കെ ചെയ്യുന്നതിൽ ഒരു രസമുണ്ടെന്ന് കൂട്ടുകാർ ഹരം കേറ്റുമ്പോൾ ധാർമികബോധം ദുർബലപ്പെടും. കൂട്ടുകെട്ടിലുണ്ടാകുന്ന വികല വിചാരങ്ങൾ സ്വഭാവത്തിൽ സ്വാധീനം ചെലുത്തും. ഇതു ശരിയല്ലെന്നും ഞാനിതിനില്ലെന്നും ഇത്തരം ചെയ്തികളാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇനി ചങ്ങാത്തത്തിനില്ലെന്നും തറപ്പിച്ച് പറയാൻ ശീലിക്കണം. ഇല്ലെങ്കിൽ കുഴപ്പത്തിൽ ചാടും. ഇവന്റെ കൂട്ടുകെട്ടിൽ ഒളിഞ്ഞുനോട്ടമെന്ന മനോവൈകല്യത്തിനടിമപ്പെട്ട ഒരാളുണ്ടായേക്കും. അവന്റെ പ്രേരണയിൽ മറ്റുള്ളവർ ഒപ്പം കൂടിയതാകും. 

ചങ്ങാത്തത്തിലെ പെരുമാറ്റം ഈ കുഴപ്പക്കാരൻ രൂപപ്പെടുത്തിയെന്നു സാരം. മറ്റാരെങ്കിലുമൊക്കെ ഇങ്ങനെ ചെയ്തതിന്റെ കഥകൾ കേട്ട് കുട്ടിപ്പട പരീക്ഷിച്ചതുമാകാം. കുരുത്തക്കേടുകൾ ഉള്ളവരും അതിനെ ചെറുക്കാ‍ൻ പറ്റാത്തവരുമൊക്കെ ചേരുന്ന കൂട്ടത്തിൽ പെട്ടാൽ നല്ല കുട്ടികളും വഴിതെറ്റിപ്പോകും. അതുകൊണ്ടാണ് ചങ്ങാതിമാരെ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നു പറയുന്നത്. നല്ലതു ചെയ്യുന്നവരാണങ്കിൽ നന്മയിലേക്കും ചീത്ത ചെയ്യുന്നവരെങ്കിൽ തിന്മയിലേക്കും പോകുമെന്ന് ഓർക്കണം. ഇങ്ങനെ ഒരു ഒളിഞ്ഞുനോട്ടക്കാരനായി മുദ്ര ചാർത്താതെ ഇതൊക്കെ സ്നേഹപൂർവം മനസ്സിലാക്കി കൊടുക്കാം. തുടർ ജീവിതത്തിലതു പ്രയോജനപ്പെടും. മാനക്കേടവനെ വേറൊരാളാക്കി മാറ്റാതിരിക്കാനും ശ്രദ്ധിക്കണം.

കുട്ടിയുടെ കൂട്ടുകെട്ട് നല്ല പാതയിലൂടെയല്ലെന്നറിയാൻ പല സൂചനകളുമുണ്ടായി. അതിലൊന്നാണ് രാത്രി സഞ്ചാരം. പഠന മികവ് പരിഗണിച്ച് ഇളവ് നൽകിയതാണ് കുഴപ്പമായത്. മിടുക്കിന്റെ മേൽ കരിനിഴൽ ചാർത്തുന്ന ചീത്തപ്പേര് അതുകൊണ്ടുണ്ടായി. ചങ്ങാതിമാരുമൊത്ത് പുറത്തു പോകുമ്പോൾ തിരിച്ചു വരുമെന്നു പറയുന്ന സമയം പതിവായി തെറ്റിക്കുന്നതും അപായസൂചനയാണ്. വൈകിയതു ചൂണ്ടിക്കാണിക്കുമ്പോൾ കൃത്യമായ വിശദീകരണം നൽകാതെ കയർക്കുന്നതും നല്ല ലക്ഷണമല്ല. കൂട്ട് കൂടിയുള്ള ഉല്ലാസവേളകൾക്കായി പണം കൂടുതലായി ആവശ്യപ്പെടുമ്പോഴും ജാഗ്രത പുലർത്തണം. എന്തിനാണ് പണമെന്ന് കുട്ടികൾ വ്യക്തമായി ബോധ്യപ്പെടുത്തണമെന്ന നിഷ്കർഷ വേണം. 

ആരുടെ കൂടെയാണെന്നും എവിടേക്കാണെന്നും എന്തൊക്കെയാണ് ചെയ്യാൻ പോകുന്നതെന്നുമൊക്കെയുള്ള വിവരങ്ങൾ ഒളിപ്പിച്ചു വയ്ക്കാനുള്ള പ്രവണത നല്ലതല്ല. പ്രായംകൊണ്ട് മുതിർന്നവരുമായുള്ള കൂട്ടുകെട്ട് പലപ്പോഴും പെരുമാറ്റ വൈകല്യങ്ങളിലേക്കുള്ള ചവിട്ടുപടിയാകും. ഇതൊക്കെ ചോദിക്കാനും മനസ്സിലാക്കാനുമുള്ള അവകാശം സ്നേഹം വെടിയാതെ നേടിയെടുക്കാൻ മാതാപിതാക്കൾക്കു കഴിയണം. കുഴപ്പമുണ്ടാക്കുമ്പോൾ കൂട്ടുകെട്ടിനെ മാത്രം പഴിച്ച് ആശ്വാസം തേടരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA