കണ്ണടയും കാഴ്ചയെ മറയ്ക്കുന്നുവോ; ഇവ ഉറപ്പുവരുത്തുക

spectacle
SHARE

എല്ലാ പ്രായക്കാരുടെ ഇടയിലും ഇന്ന് കാഴ്ചത്തകരാറുകള്‍ സര്‍വ സാധാരണയായി കണ്ടുവരാറുണ്ട്, പലപ്പോഴും കാഴ്ച ക്രമീകരിക്കുവാൻ ഡോക്ടര്‍മാര്‍ കണ്ണടയുടെ ഉപയോഗം നിർദേശിക്കാറുമുണ്ട്. എന്നാല്‍ കണ്ണടയുടെ പരിപാലനം കൃത്യമായി നടത്തുന്നതിൽ പലരും പിന്നോട്ടാണ്. കണ്ണട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കര്യങ്ങള്‍ എന്തൊക്കെയെന്നു നോക്കാം

കണ്ണട കൃത്യമായി ധരിക്കുക
പലയാളുകൾക്കും കണ്ണട ഉപയോഗം തീരെ താൽപര്യമില്ലാത്തതായി കാണാറുണ്ട്. കണ്ണട മുഖത്തിനു ചേരില്ലെന്ന ധാരണയും ഇതിന്റെ ഉപയോഗം അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന തോന്നലുമൊക്കെയാണ് പലപ്പോഴും ഇതിനോടുള്ള വിമുഖതയ്ക്കു കാരണം. എന്നാല്‍ ഇത്തരം അശ്രദ്ധകള്‍ കണ്ണിനെ കൂടുതല്‍ പ്രശ്നങ്ങളിലേക്കു കൂട്ടികൊണ്ടുപോകും. പകല്‍ നേരങ്ങളില്‍ എപ്പോഴും കണ്ണട ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക

ലെന്‍സുകൾക്കു വേണം കുടുതല്‍ വൃത്തി
കണ്ണടയുടെ ലെന്‍സ് വൃത്തിയാക്കിയില്ലെങ്കിൽ അതില്‍ പറ്റിപിടിച്ചിരിക്കുന്ന എണ്ണമയവും പൊടിയും കാഴ്ചയെ ബുദ്ധിമുട്ടിലാക്കും. ഇത് തലവേദനയ്ക്കും കാരണമാകാം. കണ്ണടയുടെ ലെന്‍സ് വൃത്തിയാക്കുവാൻ ഉപയോഗിക്കുന്ന നിരവധി ദ്രാവകങ്ങൾ വിപണിയിൽ ലഭ്യമാണ്. മൃദുവായ തുണിയുടെ സഹായത്താൽ എന്നും ലെൻസ് വൃത്തിയായി തുടച്ച് ഉപയോഗിക്കുകയാണെങ്കിൽ കൂടുതല്‍ വ്യക്തമായ കാഴ്ചാനുഭവം സാധ്യമാകും.

മുഖത്തിനു ചേരുന്ന കണ്ണട ഉപയോഗിക്കുക
കണ്ണടകൾ ഉപയോഗിക്കുമ്പോള്‍ അതു നമ്മുടെ കണ്ണിന് ചേർന്നതാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്, അല്ലാത്തപക്ഷം സ്ട്രസ്, തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. കണ്ണടയുടെ ഭാരം, അതിന്റെ പൊസിഷൻ, മുഖത്തിനുള്ള ചേർച്ച എന്നിവ കണ്ണട തിരഞ്ഞെടുക്കുമ്പോള്‍ ഉറപ്പുവരുത്തണം. നിങ്ങൾക്കു യോജിക്കാത്ത കണ്ണടകൾ കാഴ്‍ചയ്ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കാം

അള്‍ട്രാവയലറ്റ് സംരക്ഷണം ഉറപ്പുവരുത്തുക
കണ്ണുകള്‍ക്കു ദോഷം ചെയ്യുന്ന ഒന്നാണ് സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികൾ. കുടുതൽ സമയം വെയിലത്തു നിന്ന് ജോലി ചെയ്യുന്ന ആളുകളും യാത്ര ചെയ്യുന്നവരും അങ്ങനെയുള്ള യു.വി രശ്മികളിൽ നിന്നു കണ്ണിനെ രക്ഷിക്കണമെങ്കിൽ 100% യു.വി ഫില്‍ട്രേഷന്‍ ഉള്ള ലെന്‍സുകളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക

കൂടുതല്‍ നല്ലത് പോളികാര്‍ബണേറ്റ് ലെന്‍സുകള്‍
ഒന്നു താഴെവീണാലും എളുപ്പം കേടുവരാത്ത ലെൻസുകളാണ് പോളികാര്‍ബണേറ്റ്. കുട്ടികൾക്കും വൃദ്ധർക്കും ഇത്തരം ലെൻസുകൾ വളരെ ഉപകാരപ്രദമാണ്. ഏതെങ്കിലും സാഹചര്യത്തിൽ ലെൻസുപൊട്ടി അതിന്റെ കഷ്ണങ്ങൾ കണ്ണിലായാൽ കണ്ണിന് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആ സാഹചര്യം ഒഴിവാക്കാന്‍ ഇത്തരം ലെന്‍സുകളുള്ള കണ്ണടയുടെ ഉപയോഗം മൂലം സാധിക്കും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA