വൃക്കരോഗികൾക്കായി ഡോക്ടർ എഴുതിയത് പാചകക്കുറിപ്പ്

dr-jayant
SHARE

ദേ, പിണങ്ങിയിരിക്കുകയാണു വൃക്ക.
മറ്റ് അവയവങ്ങളോടൊക്കെ കൂട്ടുവെട്ടി!
മുഖം കറുപ്പിച്ച്, തലവെട്ടിത്തിരിച്ച്, ഒറ്റപ്പോക്ക്...
ശരീരത്തോടു മൊത്തം കട്ടക്കലിപ്പ്.
ഒരു കമ്പ് ഒടിച്ചിട്ടിട്ട് ഒറ്റ വാക്ക് – ഇതു മുറികൂടിയാലും ഇനി കൂട്ടുകൂടാനില്ല കട്ടായം!

ഇതാണു വൃക്കരോഗം.!

ഈ പിണക്കം മാറ്റിയെടുക്കണം!  മുഖം വീർപ്പിച്ചിരിക്കുന്ന വൃക്കയുടെ മുഖത്ത് ചെറുപുഞ്ചിരി വിരിയിക്കണം...അമല മെഡിക്കൽ കോളജിലെ നെഫ്രോളജി വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. ജയന്ത് തോമസ് മാത്യു ഇതിനു പ്രയോഗിക്കുന്നതു വേറിട്ട മാർഗങ്ങൾ.

വൃക്ക പുഞ്ചിരിക്കണമെങ്കിൽ ആ വൃക്കയുടെ ഉടമ പുഞ്ചിരിക്കണം. വൃക്കരോഗി ചിരിച്ചു കാണുന്നത് അപൂർവം. കാരണം, ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ഒഴിവാക്കാനാവില്ല. കൂട്ടത്തിൽ ഉപദേശങ്ങളാണ്.. അതു കഴിക്കരുത്.. ഇതു കഴിക്കരുത്...!

പിന്നെങ്ങനെ സന്തോഷിക്കും.

അപ്പോൾ ഡോ. ജയന്ത് തോമസ് മാത്യു ഒരു ബുക്കെടുത്തു കയ്യിൽ കൊടുക്കും. ‘വൃക്കരോഗിക്കു കഴിക്കാവുന്ന 100 പാചകവിധികൾ’... ഇതൊക്കെ കഴിക്കൂ... ആനന്ദിക്കൂ... അപ്പോൾ ഒരു ചെറുപുഞ്ചിരി രോഗിയുടെ മുഖത്തു വിരിയും. ഉള്ളിൽ വൃക്കയും ചിരിക്കും!.

പാചകകുറിപ്പടി (മരുന്നു കുറിപ്പടിയല്ല)

മരുന്നുകളുടെ പേരും നേരവും കുറിച്ചിരുന്ന പേനകൊണ്ട് ഡോക്ടർ പാചകക്കുറിപ്പ് എഴുതാൻ കാരണമായത് ഒരു രോഗിയാണ്; അഡ്വ. നന്ദിനി മേനോൻ.

രോഗികളോട് ഇത്ര കാലറി കഴിക്കണം, ഇത്ര പ്രോട്ടീൻ കഴിക്കണം എന്നു പറഞ്ഞാൽ ഒരു കാര്യവുമില്ലെന്ന് ഈ രോഗിയും ഡോക്ടറും തമ്മിലുള്ള ഒരു ആശുപത്രി ചർച്ചയ്ക്കിടെ തിരിച്ചറിഞ്ഞു. 

എന്നാൽ ശരി, നമുക്ക് പാചക്കകുറിപ്പു തയാറാക്കാമെന്നായി ഇരുവരും. കാലറിയും പ്രോട്ടീനും നിയന്ത്രിത അളവിൽ ക്രമീകരിക്കുന്ന പാചകക്കുറിപ്പുകൾ അങ്ങനെ ചർച്ച ചെയ്തു തയാറാക്കി. ഓരോ ദിവസം ഓരോന്ന് ഉണ്ടാക്കി. അത് രുചിച്ചുനോക്കി ഉറപ്പുവരുത്തി...

രോഗികളോട് ‘നോ’ മാത്രം പറയാതെ ‘യെസ്’ പറയുന്നതിന്റെ സംതൃപ്തി, അതാണ് ഈ പുസ്തകം ഇരുവർക്കും നൽകിയ സന്തോഷമെന്നു ഡോ. ജയന്ത്.

അതേക്കുറിച്ചു പറയാൻ ഇപ്പോൾ നന്ദിനി ഇല്ല. രോഗവുമായി പോരടിച്ച അവസാനകാലത്തായിരുന്നു ഈ പാചകപരീക്ഷണം... മരിക്കുന്നതിനു കുറച്ചുനാൾ മാത്രം മുൻപ്... മരിക്കുമെന്നുറപ്പായതിനുശേഷം!

ആനന്ദിക്കൂ ഡയാലിസിസ് നിമിഷങ്ങൾ (വേറെ വഴിയില്ല)
ഒരിക്കൽ വൃക്കരോഗം വന്നാൽ പൂർണമായി സുഖപ്പെടുത്തുക എളുപ്പമല്ല. ചികിൽസകളിലൂടെ രോഗത്തെ നിയന്ത്രിച്ചു ജീവിക്കുകയാണു പോംവഴി. അതിനാൽ ഡയാലിസിസിനെ ഒരു വിനോദമായി കാണുക.

വിദേശത്ത് രോഗിയായി കിടന്നല്ല ഡയാലിസിസ് ചെയ്യുക. ഡയാലിസിസ് കിടക്കയല്ല പകരം ഡയാലിസിസ് കസേരയാണ്.

ഓഫിസിലിരുന്നു ജോലി ചെയ്യുന്നതുപോലെ തന്നെ പലരും ജോലി ചെയ്തുകൊണ്ടാണു ഡയാലിസിസ് ചെയ്യുന്നത്. നമ്മുടെ നാട്ടിലും മാറ്റമുണ്ടായിട്ടുണ്ട്. ഡയാലിസിസ് ബെഡ് മാറി കസേരകൾ വന്നു തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിലെ ഡയാലിസിസ് മുറികളിൽ ടിവി കാണാൻ റിമോട്ടിന് അടിപിടിവരെ ഉണ്ടാവാറുണ്ട്. ചിലർക്ക് ക്രിക്കറ്റ് കാണണം, ചിലർക്കു സീരിയലും...

മൊബൈലിൽ ഗെയിം കളിക്കുന്നവർ. കിടക്കയിൽ കിടന്നുതന്നെ കച്ചവടങ്ങൾ നടത്തുന്നവർ ഒക്കെയുണ്ടിപ്പോൾ.

ഡോക്ടറുടെ സിംപിളായ വിശദീകരണം ഇങ്ങനെ: അടുക്കളയിലെ മാലിന്യം തനിയെ ഇല്ലാതാവുമോ? അതു മാറ്റിയില്ലെങ്കിൽ എലിയും പാറ്റയുമൊക്കെ വന്നു നിറയും. അതിനാൽ നാം അടുക്കള എന്നും തനിയെ വൃത്തിയാക്കും. ഇതുപോലെ വൃക്ക തകരാറിലായവർ ശരീരത്തിലെ ഈ വൃത്തിയാക്കൽ മുടങ്ങാതെ നടത്തണം... അത്രേയുള്ളു ഡയാലിസിസ്.

ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള ‘വൃക്ക’യുണ്ടാകൂ.

ഡോക്ടർ പറയുന്നു:

∙ നാല് ‘വെളുത്ത വിഷങ്ങൾ’ നിയന്ത്രിക്കുക.

1. ഉപ്പ് 2. പഞ്ചസാര 3. വെള്ള അരി (കാർബോ ഹൈഡ്രേറ്റ്സ്) 4. മൈദ.

∙ നാരുകൾ ഉള്ള ഭക്ഷണം കൂടുതൽ കഴിക്കുക. ദഹന, മലമൂത്ര വിസർജന സംവിധാനം ശരിയായിരുന്നാൽ വൃക്കകൾ കൂടുതൽ സുരക്ഷിതം.

∙ പ്രമേഹം, രക്തസമ്മർദം, കൊഴുപ്പ് (കൊളസ്ട്രോൾ) ഇവ നിയന്ത്രിക്കുക.

∙ വെള്ളം ആവശ്യത്തിനു കുടിക്കുക. (മൂത്രം വെള്ളനിറത്തിലാണെങ്കിൽ ആവശ്യത്തിനു വെള്ളം കുടിക്കുന്നുണ്ടെന്നു മനസ്സിലാക്കാം)

∙ വ്യായാമം: ആഴ്ചയിൽ നാലു ദിവസമെങ്കിലും അരമണിക്കൂർ വീതം വ്യായാമം. നീന്തലോ, നല്ല വേഗത്തിലുള്ള നടപ്പോ അഭികാമ്യം.

∙  മദ്യം, പുകവലി ഇവ വൃക്കയ്ക്കും ഹാനികരം.

∙  ആറുമാസം കൂടുമ്പോൾ രക്ത–മൂത്ര പരിശോധന. (വാഹനം സർവീസ് ചെയ്യുന്നതിനു കാണിക്കുന്ന താൽപര്യമെങ്കിലും ശരീരത്തിന്റെ കാര്യത്തിലും കാട്ടുക) ആൽബുമിനും ക്രിയാറ്റിനും പരിശോധിച്ചു ഡോക്ടറെ കാണുക. എത്ര തുടക്കത്തിലേ രോഗമറിയുന്നോ അത്രയും നല്ലത്.

ഡോക്ടറുടെ ആനന്ദം

രോഗിക്കു മാത്രം മതിയോ ആനന്ദം? പോരാ ഡോക്ടർക്കും വേണം. ദിനംപ്രതി രോഗികളുടെ നിരാശാമുഖം കാണുന്ന ഡോക്ടർക്ക് എപ്പോഴാണു സന്തോഷം തോന്നുക?

40 വർഷം വരെയായി ചികിൽസ മുടക്കാതെ ഇപ്പോഴും സന്തോഷകരമായി ജീവിക്കുന്ന വൃക്കരോഗികളുടെ പുഞ്ചിരി. ചികിൽസ വർഷങ്ങൾ നീളുമെന്നതിനാൽ പല രോഗികളും കുടുംബാംഗമായി കരുതുന്നതിലെ ആനന്ദം.

വൃക്ക മാറ്റിവച്ച് സുഖപ്പെട്ടവർ കാണാൻ വരുമ്പോഴത്തെ സന്തോഷം.

രോഗി മരിച്ചുപോയി വർഷങ്ങൾ കഴിഞ്ഞിട്ടും വീട്ടിലെ വിശേഷങ്ങൾക്കു മധുരവുമായെത്തുന്ന ബന്ധുക്കളുടെ ആത്മബന്ധം. ഇത്രയൊക്കെ മതി ഈ ചെറിയ ജീവിതത്തിലെ വലിയ ആനന്ദത്തിനെന്നു ഡോക്ടർ.

(കുറിപ്പടി: കേരളത്തിലെ ആദ്യ ‘ക്വാളിഫൈഡ് നെഫ്രോളജിസ്റ്റും കേരളത്തിലെ ആദ്യ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ആളുമായ ഡോ. തോമസ് മാത്യുവിന്റെ മകനാണ് ഡോ. ജയന്ത് തോമസ് മാത്യു.)

പ്രഭാത ഭക്ഷണ ഇനങ്ങൾ 22, ഓട്സ്, പച്ചക്കറി വിഭവങ്ങൾ –23, ബസ്മതി വിഭവങ്ങൾ– 10, ചട്ണി, സാലഡ് – 19, മീൻ, ഇറച്ചി വിഭവങ്ങൾ 27, ലഘുഭക്ഷണം 11, പ്രമേഹമില്ലാത്ത വൃക്കരോഗികൾക്കുള്ള ഇനങ്ങൾ – 12 എന്നിങ്ങനെ രുചികരവും ആരോഗ്യകരവുമായ 124 പാചകക്കുറിപ്പുകൾ

ഒരു സാംപിൾ

പച്ചക്കുരുമുളകിട്ട് പൊള്ളിച്ച മത്തി

മത്തി – അര കിലോ, പച്ചക്കുരുമുളക് – ഒരു ടേബിൾ സ്പൂൺ, സവാള – 1, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി – 4 അല്ലി, വിനാഗിരി - ഒരു ടേബിൾ സ്പൂൺ

ഉപ്പ് – ഡോക്ടറുടെ നിർദേശാനുസരണം

മത്തി വൃത്തിയാക്കി മഞ്ഞൾപ്പൊടിയും കല്ലുപ്പും പുരട്ടി അഞ്ച് മിനിറ്റ് വച്ച ശേഷം നല്ലവണ്ണം ഉരച്ചു കഴുകിയെടുക്കുക. ഓരോ മത്തിയും വരഞ്ഞുവയ്ക്കാം. പച്ചക്കുരുമുളക്, സവാള അരിഞ്ഞത്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ്, വിനാഗിരി എന്നിവ ഒന്നിച്ച് നല്ലവണ്ണം അരച്ചെടുക്കുക. ഇതു മീനിൽ തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് മാറ്റിവയ്ക്കുക. ചുവട് കട്ടിയുള്ള പാനിൽ അൽപം എണ്ണ തടവിയ വാഴയില കഷണങ്ങൾ നിരത്തി മീൻ അതിൽ വച്ച് രണ്ടു വശവും പൊള്ളിച്ചെടുക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA