വൈകല്യം തടസ്സമായില്ല; ഇന്ത്യയ്ക്ക് അഭിമാന നേട്ടവുമായി നിഷ്‌ത

nishitha
SHARE

ശാന്തവും മൂകമായ നിമിഷങ്ങളിലും ചിലപ്പോൾ ചരിത്രം പിറക്കും. കഴിഞ്ഞ ദിവസം ഹരിയാന സ്വദേശി നിഷ്‌ത ഡുഡേജ (23) മിസ് ഡെഫ് ഏഷ്യ കിരീടം ചൂടിയതും അങ്ങനെ ഒരു നിമിഷത്തിലാണ്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരി! മത്സരാർഥികൾ കൈകൾ മുകളിലേക്കുയർത്തി വായുവിലിളക്കി അഭിനന്ദിച്ചപ്പോൾ നിറകണ്ണുകളോടെ അവൾ ചിരിച്ചു. 

nishta3

കേൾവിശക്തിയില്ലാതെ ആയിരുന്നു നിഷ്തയുടെ ജനനം. ഈ ലോകം ഇനി എക്കാലവും മകൾക്കു മുൻപിൽ നിശബ്ദമായിരിക്കുമെന്നു ഡോക്ടർമാർ അറിയിച്ച നിമിഷം സകലതും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു മാതാപിതാക്കളായ ദേവ് നാരായണ ഡുഡേജയും പൂനവും. ആരോടും സംസാരിക്കാതെ ദിവസങ്ങളോളം അവർ വീടടച്ചിരുന്നു കരഞ്ഞു. യാഥാർഥ്യത്തിന്റെ ലോകത്തേക്ക് ആദ്യം വാതിൽ തുറന്നിറങ്ങിയത് അമ്മ പൂനമാണ്. പരിമിതികളെ തോൽപിച്ച്, സാധാരണ കുട്ടികളെപ്പോലെ മകളുടെ ജീവിതം മാറ്റിയെടുക്കാനുള്ള പ്രയത്നമായിരുന്നു പിന്നീട് അവരുടെ ജീവിതം.

നിഷ്തയുടെ പ്രായത്തിലുള്ള കുട്ടികൾ എന്തൊക്കെ ചെയ്യുമോ അതിൽക്കൂടുതൽ ചെയ്യാൻ മകളെ പ്രാപ്തയാക്കി. 7 വയസ്സു മുതൽ ജൂഡോയിൽ പരിശീലനം നേടിയ നിഷ്ത ടെന്നിസിലും കഴിവുതെളിയിച്ചു. രാജ്യാന്തര മെഡലുകൾക്കൊപ്പം ഡെഫ്ലിംപിക്സ്, ലോക ബധിര ടെന്നിസ് ചാംപ്യൻഷിപ്പ് തുടങ്ങിയവയിലും നേട്ടം. ഇതിനിടെ, മുംബൈ മിതിഭായി കോളജിൽ എംഎ ഇക്കണോമിക്സിനു ചേർന്നു. 

nishitha2

ഫെബ്രുവരിയിൽ മിസ് ഡെഫ് ഇന്ത്യ കിരീടം നേടി. അങ്ങനെ ചെക്‌റിപ്പബ്ലിക്കിൽ മിസ്റ്റർ ആൻഡ് മിസ് ഡെഫ് വേൾഡ് മത്സരത്തിലേക്ക്. ഒട്ടേറെ രാജ്യങ്ങളിൽനിന്നുള്ള സുന്ദരിമാരോടു മൽസരിച്ച് ഒന്നാമതെത്തിയപ്പോൾ, മിസ് വേൾഡ് മാനുഷി ഛില്ലറിനു പിന്നാലെ രാജ്യാന്തര സൗന്ദര്യമത്സരവേദിയിൽ വീണ്ടുമൊരു ഹരിയാനക്കാരി ഇന്ത്യയ്ക്ക് അഭിമാനതാരമായി. 

കിരീടനേട്ട സന്തോഷത്തിൽ നിഷ്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു; ഞാൻ ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന നേട്ടമാണിത്. എന്തൊരു രാത്രിയിരുന്നു അത്! ഇന്ത്യയ്ക്കു വേണ്ടി കിരീടം നേടാനായതിൽ ഞാൻ സന്തോഷിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA