മത്സ്യവും പച്ചക്കറികളും ഹൃദ്രോഗ സാധ്യതയും

fish-and-vegetables
SHARE

ഒരാളെ രോഗിയാക്കാനും രോഗങ്ങൾ വരാതെ കാക്കാനും അയാൾ കഴിക്കുന്ന ഭക്ഷണങ്ങൾക്കാകും. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് മിക്ക രോഗങ്ങൾക്കും കാരണമാകുന്നത്. ഭക്ഷണശീലം മാറ്റിയാൽ തന്നെ ചില രോഗങ്ങൾ എങ്കിലും കുറയ്ക്കാനുമാകും. മത്സ്യം, കടൽ വിഭവങ്ങൾ, പച്ചക്കറികൾ ഇവയ്ക്ക് രക്താതിമർദവുമായി ബന്ധപ്പെട്ട ഹൃദ്രോഗ ലക്ഷണങ്ങളെ കുറയ്ക്കാനാകുമെന്ന് ഒരു പഠനം പറയുന്നു. മത്സ്യം, സീഫുഡ്, സസ്യഭക്ഷണം ഇവ ട്രൈമീഥെലമീൻ എൻ ഓക്സൈഡ് (TMAO) എന്ന സംയുക്തത്തിന്റെ അളവ് കൂട്ടുന്നതായി പോളണ്ടിലെ വാര്‍സോ മെഡിക്കൽ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടു. ഹൃദയാരോഗ്യം വർധിപ്പിക്കുന്ന സംയുക്തമാണിത്. 

ഹൃദ്രോഗത്തിന്റെ സൂചകങ്ങളെയും ഹൃദയത്തിന് കട്ടി കൂടുന്ന കാർഡിയാക് ഫൈബ്രോസിസിനെയും കുറയ്ക്കാൻ ചെറിയ അളവ് TMAO യ്ക്ക് കഴിയുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. ഉയർന്ന രക്തസമ്മർദം ബാധിക്കാൻ ജനിതകമായി സാധ്യതകളുള്ള എലികളിൽ TMAO യുടെ ഫലങ്ങൾ അപഗ്രഥിച്ചു. രക്തസമ്മർദം ഉള്ള ഒരു കൂട്ടം എലികൾക്ക് കുടിക്കാൻ കൊടുത്ത വെള്ളത്തിൽ TMAO സപ്ലിമെന്റ് ചെറിയ അളവിൽ ചേർത്തു നൽകി. മറ്റൊരു ഗ്രൂപ്പ് എലികൾക്ക് വെറും വെള്ളവും നൽകി. 12 ആഴ്ചയോ 56 ആഴ്ചയോ ഇവയ്ക്ക്  TMAO തെറാപ്പി തുടർന്നു. ശേഷം ഹൃദയം, വൃക്കകൾ ഇവയുടെ പ്രവർത്തന തകരാറുകളും ഉയർന്ന രക്തസമ്മർദവും പരിശോധിച്ചു. 

ഉയർന്ന രക്തസമ്മർദം പെട്ടെന്ന് ഉണ്ടാകാൻ സാധ്യതയുള്ള എലികളിൽ TMAO ചികിത്സ മൂലം രക്തസമ്മർദം ഉയർന്നില്ലെന്നു കണ്ടു. TMAO ചികിത്സയ്ക്ക് ഒരു വർഷത്തിനു ശേഷവും ഈ സംയുക്തം നൽകിയ എലികളുടെ അവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു. 

പ്ലാസ്മ TMAO യുടെ അളവ് നാലു മുതൽ അഞ്ചിരട്ടി വരെ കൂട്ടിയിട്ടും രക്തചംക്രമണ വ്യവസ്ഥയിൽ അത് ദോഷഫലങ്ങളൊന്നും ഉണ്ടാക്കിയില്ല. 

ഹൃദ്രോഗസാധ്യത കൂടും എന്നു കരുതുന്ന റെഡ്മീറ്റ്, മുട്ട ഇവ കൂടുതൽ അടങ്ങിയ ഭക്ഷണത്തെക്കാൾ മത്സ്യവും സസ്യ ഭക്ഷണവും പ്ലാസ്മയിലെ  TMAO യുടെ അളവ് കൂട്ടുന്നതായി പഠനത്തിൽ കണ്ടു. 

പച്ചക്കറികളും മീനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതെങ്ങനെ എന്ന ഈ പഠനം, അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജി ഹാർട്ട് ആൻഡ് സർക്കുലേറ്ററി ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA