പ്രമേഹരോഗികൾ ദിവസവും കറിവേപ്പില കഴിച്ചാൽ?

curry-leaves
SHARE

‘കറിവേപ്പില പോലെ’ എന്ന ചൊല്ല് ഇന്നധികം കേൾക്കാറില്ല. കാരണം ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കാനുള്ളതല്ല കറിവേപ്പിലയെന്നും അത് ആരോഗ്യ ഗുണങ്ങൾ ഏറെയുള്ളതാണെന്നും മിക്കവർക്കും അറിയാം. കറിവേപ്പില ചേർക്കാത്ത കറികൾ മലയാളിക്ക് ഇല്ല എന്നു തന്നെ പറയാം. കറികൾക്കു രുചിയും ഗന്ധവും കൂട്ടാൻ കറിവേപ്പിലതന്നെ വേണം. ആയുർവേദത്തിൽ ഔഷധമായി കറിവേപ്പില ഉപയോഗിക്കുന്നു. ഹൃദ്രോഗം, അണുബാധ, ഇൻഫ്ലമേഷൻ ഇവയെല്ലാം തടയാൻ കറിവേപ്പില സഹായിക്കും. കറിവേപ്പിലയിട്ട് എണ്ണ കാച്ചി തേയ്ക്കുന്നത് മുടി വളരാനും അകാല നര അകറ്റാനും ഏറെ നല്ലതാണ്. പ്രമേഹം നിയന്ത്രിക്കാനും കറിവേപ്പില സഹായിക്കും. ആന്റി ഓക്സിഡന്റുകളായ ബീറ്റാ കരോട്ടിൻ, ജീവകം സി ഇവ ധാരാളം അടങ്ങിയ കറിവേപ്പില നിരവധി രോഗങ്ങൾ അകറ്റും. ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവയെ നിയന്ത്രിക്കാൻ കറിവേപ്പിലയ്ക്കു കഴിവുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് 45 ശതമാനം കുറയ്ക്കാൻ കറിവേപ്പിലയ്ക്കു കഴിയുമെന്ന് ഷിക്കാഗോ സർവകലാശാല നടത്തിയ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. എങ്ങനെയാണ് രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ വ്യത്യാസം വരാതെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ കറിവേപ്പില സഹായിക്കുന്നതെന്നു നോക്കാം

ആന്റി ഓക്സിഡന്റുകളായ ജീവകങ്ങളും ബീറ്റാ കരോട്ടിനും കാർബസോൾ ആൽക്കലോയ്ഡുകളും കറിവേപ്പിലയിൽ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളുടെ ഓക്സീകരണവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളെ തടയുന്നു. ഇതിൽ ടൈപ്പ് 2 പ്രമേഹവും പെടും. കറിവേപ്പിലയിൽ നാരുകൾ ധാരാളമുണ്ട്. ദഹനം സാവധാനത്തിലാക്കാൻ ഇതു സഹായിക്കും. വളരെ പെട്ടെന്ന് ഉപാപചയം സാധ്യമാക്കാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണ വിധേയമാകും. പ്രമേഹം ബാധിച്ച എലികളിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കറിവേപ്പിയുടെ ആന്റി ഹൈപ്പർ ഗ്ലൈസെമിക് ഗുണങ്ങൾ ഫലപ്രദമാണെന്നു തെളിഞ്ഞതായി 'Die Pharmazie' എന്ന ഫാർമസ്യൂട്ടിക്കൽ സയൻസസിന്റെ രാജ്യാന്തര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. പ്രമേഹം ബാധിച്ച ആളുകളിൽ സ്റ്റാർച്ച് ഗ്ലൂക്കോസ് ആയി വിഘടിക്കുന്ന പ്രവർത്തനം സാവധാനത്തിലാക്കുന്ന സംയുക്തങ്ങൾ കറിവേപ്പിലയിൽ ഉണ്ട്. രക്തത്തിലേക്ക് കലരുന്ന ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കറിവേപ്പിലയ്ക്കാകും.

പ്രമേഹം നിയന്ത്രിക്കാം
എട്ടു മുതൽ പത്തു വരെ കറിവേപ്പില ദിവസവും രാവിലെ വെറും വയറ്റിൽ കഴിക്കാം. അല്ലെങ്കിൽ അരച്ച് ജ്യൂസാക്കി ദിവസവും കുടിക്കാം. സാലഡിലും കറികളിലും ചേർത്തും ഉപയോഗിക്കാം.

ഓർമിക്കാൻ:
പതിവായി കറിവേപ്പില കഴിച്ചു തുടങ്ങും മുൻപ് വൈദ്യസഹായം തേടാം. കാരണം കറിവേപ്പിലയും മരുന്നും ഒരുമിച്ചു കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറഞ്ഞേക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA