ജീവിതപ്രതിസന്ധികളെ വീൽചെയറിലിരുന്ന് തരണംചെയ്ത സഹോദരിമാർ

jimi-sumi
SHARE

വിധി ശരീരം തളർത്തിയെങ്കിലും മനസു തളരാതെ ജിമിയും സുമിയും സമൂഹത്തിനു മുന്നിൽ തലയെടുപ്പോടെ. ഓടിച്ചാടി നടക്കേണ്ട പ്രായത്തിൽ തേടിയെത്തിയ രോഗം തളർത്തിയത് ഇരുവരുടെയും ശരീരത്തെയായിരുന്നു. ശരീരം തളർന്നു ജീവിതം വീൽചെയറിൽ ഒതുങ്ങിക്കൂടിയെന്നു മനസിലായപ്പോൾ മനസിലെ നൊമ്പരങ്ങളെ അവർതന്നെ മറന്നു. തുടർന്ന് ഇവരുടെ ജീവിതത്തിൽ വിജയങ്ങൾ മാത്രമായിരുന്നു. ഇരുവരും ഇപ്പോൾ കോഴിക്കോട് ജെ‍ഡിടി ആർട്സ് ആൻഡ് സയൻസ് കോളജിൽ അധ്യാപികമാരാണ്. വേദനയുടെ കയ്പുനീർ കുടിച്ചു വളർന്ന അവരിന്നു വിജയത്തിൽ എത്തിയിരിക്കുന്നു. ‍പഠിക്കാനായി തിരഞ്ഞെടുത്ത കോഴ്സിൽ ഒന്നാം റാങ്കും കരസ്ഥമാക്കി.

വയനാട് പുൽപ്പള്ളി മരക്കടവ് പാമ്പനാനിക്കൽ വീട്ടിൽ ജോണിന്റെയും മേരിയുടെയും മക്കളായ ജിമി ജോണിനെയും സഹോദരി സുമി ജോണിനെയും 'സ്യൂഡോ മസ്കുലർ അസ്ട്രോഫി' എന്ന രോഗം പിടിപെടുന്നത് 5ാം വയസിലാണ്. മസിലുകൾ ക്ഷയിക്കുന്ന ഈ മാരകരോഗത്തിന്റെ പിടിയിലായതോടെ ജിമിയുടെയും സുമിയുടെയും പ്രതീക്ഷകളും സ്വപ്നങ്ങളും അസ്തമിച്ചു. ലക്ഷത്തിൽ ഒരാൾക്ക് വരുന്ന ഈ അസുഖം ഇവരുടെ വീട്ടിലേക്ക് വില്ലനായി എത്തിയതോടെ കുടുംബത്തിന്റെ സന്തോഷവും ഇല്ലാതായി. 

അലോപ്പതിയിൽ ചികിൽസയില്ലാത്ത ഈ രോഗം മാറാൻ നിംഹാൻസിലും ആയൂർവേദ കോളജിലും 3വർഷത്തോളം ചികിൽസിച്ചെങ്കിലും ഭേദമായില്ല. വൈറ്റ് ഫീൽഡിലെ സത്യസായി ചികിൽസാകേന്ദ്രത്തിലും പിന്നീട് ചികിൽസ നടത്തി. എന്നാൽ ഈ രോഗത്തിന് ഒരു വിഭാഗത്തിലും വേണ്ടത്ര ചികിത്സയില്ലെന്നുള്ള കാര്യം പിന്നീടാണ് മനസിലായത്. സ്കൂളിൽ പോകാൻ കഴിഞ്ഞില്ലെങ്കിലും അധ്യാപകർ വീട്ടിലെത്തിയാണ് ഇവരെ പഠിപ്പിച്ചിരുന്നത്. പ്ലസ്ടുവിനു സയൻസ് ഗ്രൂപ്പിനോടായിരുന്നു പ്രിയമെങ്കിലും വീട്ടിലിരുന്നു പഠിക്കുന്നതിനാൽ ലാബ് പരീക്ഷണങ്ങൾ ചെയ്യാൻ പറ്റാത്തതിനാൽ ഹ്യൂമാനിറ്റീസ് എടുത്തു. നല്ല മാർക്കോടെ പ്ലസ്ടുവും പാസായി. തൊട്ടടുത്തുള്ള കോളജിൽ പ്രവേശനവും ശരിയായി. എന്നാൽ റഗുലറായി കോളജിൽ വരാൻ കഴിയില്ലെന്ന കാരണം പറഞ്ഞ് ആ മാനേജ്മെന്റ് പ്രവേശന ദിവസം തന്നെ ജിമിയെ തിരിച്ചയച്ചു.  

jimi-sumi1

പിന്നീട് ജെഡിടിയിൽ എത്തിയതോടെ ഇരുവരുടെയും ജീവിതത്തിൽ പുതിയവഴിത്തിരിവുകളുണ്ടായി. ജീവിതത്തിൽ അവഗണിച്ചവർക്കുള്ള മറുപടിയുടെ കഥ ഇവിടുന്നു തുടങ്ങി. അമ്മ മേരിയുടെ സഹായം ഇല്ലാതെ ഇവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അമ്മയ്ക്കും മക്കൾക്കും നഗരത്തിൽ താമസിച്ചു പഠിക്കാനുള്ള സാമ്പത്തികവും ഉണ്ടായിരുന്നില്ല. ഇതറിഞ്ഞ ജെഡിടി മാനേജ്മെന്റ് ഇവർക്ക് സൗജന്യമായി കോഴ്സ് പഠിപ്പിക്കാമെന്നെറ്റു. അമ്മയ്ക്ക് ഹോസ്റ്റലിൽ വാർഡനായി ജോലിയും നൽകി. അതോടെ ബാച്ചിലർ ഓഫ് മൾട്ടിമീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ കോഴ്സെടുത്തു പഠനം ആരംഭിച്ചു. ജീവിതത്തിൽ ആദ്യമായി ക്ലാസിൽ ഇരുന്നു പഠിച്ചതും ഈ കോളജിൽ നിന്നായിരുന്നു. അധ്യാപകരും കൂട്ടുകാരും ഇവർക്കു വേണ്ട സഹായങ്ങൾ നൽകി. പുസ്തകങ്ങളും ലാപ്ടോപ്പും കിട്ടിയ കൂട്ടത്തിൽ ഇലക്ട്രോണിക് വീൽചെയർ കൂടി ലഭിച്ചതോടെ അവരുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ലാതെയായി. സുഹൃത്തുക്കളോടൊപ്പം പല സ്ഥലങ്ങളിലും ഇവർ പോയി. പഠനകാലത്ത് ജിമിയും സുമിയും ചെയ്ത ഡോക്യുമെന്ററികൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. 

ഇന്ന് അധ്യാപകരായി ജോലി ചെയ്യുമ്പോൾ ഇവർ എല്ലാവർക്കും നന്ദിപറയുന്ന കൂട്ടത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കും നന്ദിപറയുന്നു. കൈകൾക്ക് ചലനം ഇല്ലാത്ത ഇവർക്ക് ഫോട്ടോഗ്രഫിക്ക് സഹായിയെ നിയമിക്കാൻ പാടില്ല. ഇവരുടെ കാര്യത്തിൽ വേഗത്തിൽ ഓർഡർ ഇറക്കുകയും നടപ്പിലാക്കുകയും ചെയ്തു. മറ്റുകുട്ടികളോടൊത്ത് പരീക്ഷയും എഴുതാനും കഴിഞ്ഞു. എവിടെയും യൂണിവേഴ്സിറ്റിതലത്തിൽ ഒരു തടസവും ഉണ്ടായില്ലെന്നും ഇവർ പറയുന്നു. ഇച്ഛാശക്തിക്ക് കീഴടങ്ങാത്ത ഒരു വിധിയുമില്ലന്നു ജിമിയും സുമിയും ജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്നു. 

സുമിയെഴുതിയ ഒരു കവിത ജിമി ബ്ലോഗിൽ പോസ്റ്റ് ചെയ്തതോടെ അവരുടെ ബ്ലോഗെഴുത്തും ലോകം അറിഞ്ഞു. പിന്നീട് കഥകളും കവിതകളുമായി ബ്ലോഗും നിറഞ്ഞു.

jimi-sumi2

ജിമിയും സുമിയും എത്തിയതോടെ ജെഡിടി  ക്യാംപസിൽ ഇവർക്കായി പുതിയ വഴികളൊരുങ്ങി. പൂർണമായും വീൽചെയർ ഫ്രണ്ട്‌ലി ക്യാംപസായി മാറി. അതോടെ ക്യാംപസിനകത്ത് ഇവർക്ക് എല്ലായിടത്തും സൗഹൃദങ്ങളായി. പിന്നീട് കോളജിൽ കെട്ടിട നിർമാണം നടക്കുകയാണെങ്കിൽ ഇവർക്ക് കയറി ചെല്ലാൻ കഴിയുന്നതരത്തിലുള്ളത് നിർമിക്കാൻ മാനേജ്മെന്റും ശ്രദ്ധിച്ചു. 

കോഴ്സ് നല്ലമാർക്കോടെ പാസയതോടെ ഇരുവർക്കും ജോലിയെന്ന സ്വപ്നത്തിലേക്ക് ദൂരമുണ്ടായില്ല. ഇരുവരും പഠിച്ച കോളജിലെതന്നെ അധ്യാപികമാരാണിന്ന്. ആത്മവിശ്വാസമുണ്ടെങ്കിൽ ജീവിതത്തിൽ നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന പാഠമാണ് ഇവർ വിദ്യാർഥികൾക്ക് നൽകുന്നത്. പഠിച്ച ഏതെങ്കിലും വിഷയത്തിൽ ഗവേഷണം നടത്തുകയെന്നതാണ് ഇനിയുള്ള ഇരുവരുടെയും അടുത്ത ലക്ഷ്യം. 

സർക്കാർ ജോലിയെന്ന സ്വപ്നമാണ് ഇവർക്കിനിയുള്ളത്. കൂലിപ്പണിക്കാരനായ പപ്പയ്ക്കും അമ്മയ്ക്കും പ്രായമായിവരുകയാണ്. തുടർന്നുള്ള കാലമെങ്കിലും ഞങ്ങൾക്ക് അവരെ നോക്കണം. അതിന് ജീവിതം സുരക്ഷിതമാകണമെങ്കിൽ ഒരു സർക്കാർ ജോലി ലഭിക്കണം. ഇതും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ജിമിയും സുമിയും.

അമ്മയാണെല്ലാം
ജിമിക്കും സുമിക്കും അമ്മയില്ലാതെ ഒന്നുമില്ല. ഓരോ ദിവസവും പ്രാഥമിക കാര്യങ്ങളുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നത് അമ്മ മേരിയാണ്. മേരിയില്ലാതെ ഒരു കാര്യവും ഇവർക്ക് ചെയ്യാൻ പറ്റില്ല. വർഷങ്ങൾക്കു മുൻപ് മേരിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലാക്കിയ സമയം പിതാവ് ജോണിന്റെ സഹോദരനും കുടുംബവുമാണ് ജിമിയെയും സുമിയെയും നോക്കിയത്. എല്ലാ ആഴ്ചയിലും ജോൺ മക്കളെ കാണാനായി കോഴിക്കോട്ടെത്തും. ദൂര സ്ഥലങ്ങളിൽ പോകുന്ന സമയം ജോണും മേരിയും ഇവർക്കൊപ്പം ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA