നിസ്സാരകാര്യങ്ങൾക്കു പൊട്ടിത്തെറിക്കുന്ന ഭാര്യ; ചികിൽസ ആവശ്യമോ?

507532244
SHARE

നിസ്സാര പ്രശ്നങ്ങൾക്കു പോലും എന്റെ ഭാര്യ വലിയ വഴക്കുണ്ടാക്കും. പിണങ്ങിയിരിക്കും. കുട്ടികൾ കൂടുതൽ സമയം ടിവി കാണുന്നു എന്നു പറഞ്ഞു തുടങ്ങുന്ന ഉപദേശം അവർ വേണ്ടത്ര ഗൗനിച്ചില്ലെങ്കിൽ പിന്നെ അലറിക്കൊണ്ടുള്ള ശകാരത്തിലും ചീത്തപറച്ചിലിലും അടിയിലുമാണു മിക്കവാറും കലാശി ക്കുക. ഇടപെട്ടാൽ എനിക്കു നേരെയും കലി തുള്ളും. അയൽ വീട്ടുകാർ കേൾക്കുന്നുണ്ടെന്ന വിചാരം പോലുമില്ല. 

കഴിഞ്ഞ ദിവസം ഞങ്ങൾ ഒരു സിനിമ കാണാൻ പ്ലാനിട്ടിരിക്കുമ്പോഴാണ് എന്റെ സുഹൃത്തും കുടുംബവും കയറിവന്നത്. ഭാര്യ മുഖം വീർപ്പിച്ചാണ് അവർക്കു ചായ കൊടുത്തത്. അതിനുശേഷം എന്നൊടൊന്നും പറയാതെ സ്കൂട്ടറെടുത്തു ഓടിച്ചു പോകുന്നത് കണ്ടു. ആൾ എവിടെപ്പോയിയെന്നറിയാൻ മൊബൈലിൽ വിളിച്ചപ്പോൾ  അത് സ്വിച്ച് ഓഫ്. ഞാനും സുഹൃത്തും ഏറെ നേരം അന്വേഷിച്ചപ്പോൾ റെയിൽവേ സ്റ്റേഷനിൽ പോയി തനിയെ ഇരിക്കുന്നതാണു കണ്ടത്. പിന്നീടു മൂന്നു ദിവസം കഴിഞ്ഞാണ് എന്നോടു സംസാരിച്ചതു തന്നെ. 

ഡിഗ്രിവരെ പഠിച്ച ആളാണ്. ദേഷ്യം കൂടുന്നുവെന്നു സ്വയം സമ്മതിക്കുന്നുണ്ട്. ഇനി ഞാൻ നിയന്ത്രിച്ചോളാം എന്നൊക്കെ പറയുകയും ചെയ്യും. ദേഷ്യം വന്നാല്‍ കൈയിൽ കിട്ടുന്ന സാധനങ്ങൾ എടുത്തെറിയും. രണ്ടു പ്രാവശ്യം മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചു. ഒരിക്കൽ ബൈക്കില്‍ യാത്ര ചെയ്യുമ്പോൾ എന്തോ നിസ്സാര തർക്കം പറഞ്ഞു ബൈക്കിൽ നിന്നും ചാടി. ഭഗ്യത്തിനു വലിയ പരുക്കൊന്നുമില്ലാതെ രക്ഷ പ്പെട്ടു. ഇനി ഇങ്ങനെ മുമ്പോട്ടു പോകാൻ പറ്റില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. അവളും ചികിൽസ ചെയ്യാൻ തയാറാണ്. 

നിസ്സാര കാര്യങ്ങള്‍ക്ക് അമിതമായി പ്രതികരിക്കുന്നു എന്നതാണല്ലോ പ്രശ്നം. പ്രശ്നത്തിന്റെ ഗൗരവത്തിന് ആനുപാതികമായി വേണം പ്രതികരണം എന്നാണല്ലോ നമ്മൾ പ്രതീക്ഷിക്കുന്നത്. പക്ഷേ, അങ്ങനെ ആവണം എന്നു നിർബന്ധമില്ല. ഓരോരുത്തരുടെയും പ്രകൃതം, ഒരാൾ നിസ്സാരം എന്നു വിചാരിക്കുന്നതിനെ മറ്റൊരാൾ എങ്ങനെ കാണുന്നു എന്നത്,  അപ്പോഴത്തെ മൂഡ്, ചിന്താശൈലി എന്നിങ്ങനെയുള്ള പല ഘടകങ്ങളെ ആശ്രയിച്ചാണു വൈകാരിക പ്രതികരണങ്ങൾ ഉണ്ടാകുന്നത്. 

ടിവി ഓഫാക്കാൻ പറയുന്ന ഉടൻതന്നെ മക്കൾ അനുസരിച്ചില്ലെങ്കിൽ ‘അമ്മ എന്ന നിലയിൽ താനൊരു പരാജയമാണ്’ എന്ന ചിന്ത അവരിലുണ്ടാകുന്നു. സുഹൃത്ത് വന്നയുടനെ സിനിമയ്ക്കു പോകാനുള്ള തീരുമാനം മാറ്റിയതിൽ നിന്ന് ‘എന്നെക്കാളും കാര്യം സുഹൃത്തിനെയാണ്. എനിക്കൊരു വിലയും ഇല്ല’ എന്ന ഒരു ചിന്തയാകും മനസ്സിൽ. ചുരുക്കം പറഞ്ഞാൽ നിങ്ങളുടെ ഭാര്യയുടെ പ്രകോപനത്തിന്റെയും പ്രതികരണത്തിന്റെയും ഒക്കെ കാരണം വിശദമായി വിലയിരുത്തേണ്ടിയിരിക്കുന്നു. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വേണം ചികിൽസ നിശ്ചയിക്കേണ്ടത്. 

അപകർഷ ചിന്തകളാണു കാരണമെങ്കിൽ ഇത്തരം ചിന്തകളെ തിരിച്ചറിയാനും തിരുത്താനുമുള്ള കോഗ്നിറ്റീവ് െതറപ്പി ആയിരിക്കും ഉത്തമം. വിഷാദഭരിതമായ മൂഡ് ആണ് കാരണമെങ്കിൽ ഔഷധ ചികിൽസ പ്രയോജനം െചയ്യും. തല്‍ക്ഷണമായ ആഗ്രഹനിവൃത്തി ഉണ്ടാകാത്തപ്പോൾ ഉണ്ടാകുന്ന ക്ഷിപ്രപ്രതികരണം ആണ് പ്രശ്നമെങ്കിൽ മരുന്നും സൈക്കോതെറപ്പിയും സംയോജിപ്പിച്ച് ചികിൽസിക്കണം. റിലാക്സേഷൻ പരിശീലനം, മെഡിറ്റേഷൻ, ദേഷ്യനിയന്ത്രണ പരിശീലനങ്ങൾ എന്നിവ പൊതുവായി ഗുണം ചെയ്യും. 

ദേഷ്യം വരുന്ന സന്ദർഭങ്ങൾ മുൻകൂട്ടി കാണുക, ദേഷ്യത്തിന്റെ ആദ്യ സൂചനകൾ തിരിച്ചറിയുക, ദേഷ്യം പ്രകടിപ്പിക്കുന്നത് വൈകിപ്പിക്കുക. (ആസമയം കൊണ്ടു ദേഷ്യത്തിന്റെ തിരമാല തനിയെ താഴ്ന്നുകൊള്ളും). ദേഷ്യം വരുന്ന സമയം ആ സീനിൽ നിന്നു മാറുക. ദേഷ്യ പ്രകടനത്തെ മറ്റു പ്രവൃത്തികളി ലേക്കോ ലക്ഷ്യങ്ങളിലേക്കോ തിരിച്ചു വിടുക. തുടങ്ങിയ പെരുമാറ്റ പരിശീലനങ്ങൾ മിക്കവർക്കും പ്രയോജനപ്പെടും. 

കുട്ടികളിലെ കരച്ചിൽ മുതിർന്നവരിൽ ദേഷ്യം എന്നൊരു കാഴ്ചപ്പാടുണ്ട്. കരയുന്ന കുട്ടിയുടെ പ്രശ്നം മനസ്സിലാക്കി പരിഹരിക്കുന്ന ഒരു മുതിർന്ന വ്യക്തിയെപ്പോലെ താങ്കളുടെ ഭാര്യയിൽ വേഷം മാറി വരുന്ന ഒരു കരച്ചിലായി ഈ ദേഷ്യ ത്തെ കണ്ട് ശാന്തമായി സമീപിക്കുക. മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA