കുട്ടികളിലെ ആത്മവിശ്വാസം വർധിപ്പിക്കൂ, വിജയം ഉറപ്പ്

874176088
SHARE

വലിയ സാമ്പത്തിക നിലയിലായിരുന്ന ഞങ്ങൾ കടബാധ്യതകളിൽ പെട്ട് വലിയ വീടും കാറുമൊക്കെ വിറ്റു. ചെറിയ വാടക വീട്ടിലേക്കു മാറേണ്ടി വന്നു. ചെലവുകൾ ചുരുക്കാനായി പതിനാലു വയസ്സുള്ള മകൻ എസി സ്കൂൾ ബസ്സ് യാത്ര ഒഴിവാക്കി സിറ്റി ബസ്സില്‍ യാത്ര ചെയ്യേണ്ടി വന്നു. ഈ മാറ്റങ്ങൾ മകനെ വല്ലാതെ ബാധിച്ചു. നാണക്കേടു കാരണം അവനു പള്ളിക്കൂടത്തിൽ പോകാൻ മടിയാണ്. ഞങ്ങളോടൊക്കെ ഭയങ്കര ദേഷ്യവും. ഉയർച്ചയിൽ നിന്നു വീണതു കൊണ്ടു പുറത്തിറങ്ങാൻ ഞങ്ങൾക്കും ബുദ്ധിമുട്ടുണ്ട്. പക്ഷേ, പഠിക്കുന്ന കുട്ടി ഇങ്ങനെ ചെയ്യാമോ? കൂട്ടുകാർ കളിയാക്കുമെന്നാണ് അവന്റെ വിഷമം. എന്തു ചെയ്യും?

കുടുംബം അഭിമുഖീകരിക്കേണ്ടി വരുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധികൾ കുട്ടികളെയും ബാധിക്കുമെന്നതു സ്വാഭാവികം. മാതാപിതാക്കളുടെ തൊഴിൽ നഷ്ടം ബിസിനസ് വീഴ്ചകൾ, കൃഷിനാശം, അങ്ങനെ പലതും ധനപരമായ ഞെരുക്കങ്ങൾ സൃഷ്ടിക്കും. പണശേഷിയുടെ പേരിൽ അടുപ്പം കാട്ടിയ പലരും അകന്നു പോകും. താഴ്ന്നു പോയി എന്ന വിചാരത്തിൽ അപകർഷതാ ബോധത്തിനടിമപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്ന മാതാപിതാക്കളുടെ പെരുമാറ്റങ്ങൾ കുട്ടികളെയും സ്വാധീനിക്കും. സമൂഹത്തെ എങ്ങനെ നേരിടുമെന്ന  ഒരു ചിന്ത ഈ കുട്ടിയുടെ രക്ഷാകർത്താക്കളിലും കാണുന്നുണ്ട്. അതു നല്ല മാതൃകയല്ല. ഇതു പോലുള്ള വെല്ലുവിളികൾ ജീവിതത്തിലുണ്ടാകുമെന്നും പൊരുതിക്കയറാനുള്ള ആത്മവിശ്വാസമാണു വേണ്ടതെ ന്നുമുള്ള നിലപാട് വീട്ടിൽ എല്ലാവർക്കും ഉണ്ടാകണം. കടം കയറി മുടിഞ്ഞുവെന്നും, ആളുകളുടെ മുഖത്ത് എങ്ങനെ നോക്കുമെന്നും എപ്പോഴും വിഷമത്തോടെ മുതിർന്നവർ ഉരുവിട്ടുകൊണ്ടിരുന്നാൽ കുട്ടിക്ക് എങ്ങനെ ആത്മധൈര്യം ഉണ്ടാകാനാണ്? വീടുപോയി, മുന്തിയ കാറും പോയിയെന്നതൊക്കെ യാഥാർഥ്യമാണ്. ചുരുങ്ങി ജീവിക്കേണ്ടിയും വന്നു. തിരിച്ചു പിടിക്കാനാകുമോയെന്ന കാര്യത്തിൽ ഉറപ്പുമുണ്ടാവില്ല. പക്ഷേ, ആത്മവിശ്വാസത്തെ ജ്വലിപ്പിച്ചു നിർത്താമെങ്കിൽ മുന്നോട്ടു പോകാൻ ശക്തിയാകും. ആ മാതൃകയാണു മകനു കാട്ടിക്കൊടുക്കേണ്ടത്.

ജീവിതത്തിൽ ഉയർച്ചകളും ആകസ്മിക വീഴ്ചകളുമൊക്കെ ഉണ്ടാകാമെന്നൊരു വിചാരം കുട്ടികൾക്കും വേണം. സാഹചര്യങ്ങൾക്കനുസരിച്ച് ഒതുങ്ങി ജീവിക്കാൻ മനസ്സൊരുക്കവും നല്ലതാണ്. പഴയ നിലയിലെത്താൻ ചില ചെലവു ചുരുക്കലുകൾ ആവശ്യമാണെന്നും കുട്ടിയെ രക്ഷിതാക്കൾ പറഞ്ഞു ബോധ്യപ്പെടുത്തണം. 

ഇതൊരു ജീവിത യാഥാർഥ്യമാണെന്ന തിരിച്ചറിവ് ഉണ്ടാകുക തന്നെ വേണം. സിറ്റി ബസ്സിൽ യാത്ര ചെയ്യുന്നതും അനാവശ്യ ചെലവുകൾ ഒഴിവാക്കുന്നതും അതിന്റെ ഭാഗമാണല്ലോ.  അച്ഛനു ധനപരമായ ബുദ്ധിമുട്ടുകൾ വന്നതുകൊണ്ട് എന്നാലാവും വിധം സഹായിക്കുകയാണെന്നു പറയാനുള്ള ധൈര്യം അപ്പോൾ അവനുണ്ടാകും. അതോടെ പരിഹാസത്തിനു പകരം ചങ്ങാതിമാരുടെ മുഖത്തു ആദരം തെളിയുന്നതു കാണാം. വാശിയോടെ പഠിച്ചും, പാഠ്യേതര കാര്യങ്ങളിൽ മികവു കാണിച്ചും മാതൃകയാവട്ടെ പണം കൊടുത്താൽ ലഭിക്കാത്ത സന്തോഷം കുടുംബത്തിനു നൽകാൻ അവനും അത് ഒരവസരമാകും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA