sections
MORE

'ഇതു മാത്രമേ ഇനിയുള്ളൂ, അവൻ നമ്മെ വിട്ടുപോയി'; കണ്ണ് നനയ്ക്കും ഈ അനുഭവം

nisha-negul
SHARE

തുരുമ്പു കയറിത്തുടങ്ങിയ ഒരു പഴയ കസേര... നിറം മങ്ങിയ കുറച്ചു ചിത്രങ്ങൾ... മൂന്നര വയസ്സിന്റെ ഓർമത്തൂവാല കൊണ്ടു ദിനവും നിഷ തുടച്ചുവൃത്തിയാക്കിയ അവയ്ക്ക് എവിടെയോ മാഞ്ഞുപോയ ചങ്ങാതിമാരുടെ ഗന്ധം. 32 വർഷം മുൻപു പിരിഞ്ഞ ആ കളിക്കൂട്ടുകാരെ അന്വേഷിച്ച് അവൾ ഒരുപാടലഞ്ഞു. പക്ഷേ തിരിച്ചു കിട്ടിയത് ഒരാളെ മാത്രം.

‘‘നെവിൻ... അവനും ഉണ്ട് നമ്മുടെ കൂടെ’’..അല്ലാതെ പിന്നെങ്ങനാ... തിരികെക്കിട്ടിയ കൂട്ടുകാരൻ നെഗുലിനെ ചേർത്തു നിർത്തി നിഷ പറഞ്ഞു. ഓർമകൾ മഴമേഘം പോലെ പിന്നിലേക്കു പറന്നു.

അബുദാബിയിലെ കളിക്കൂട്ടുകാർ

nisha-childhood-photo

1984 ൽ മൂന്നര വയസ്സുള്ളപ്പോഴാണു നിഷ അബുദാബിയിലെത്തിയത്. അവിടെയായിരുന്നു പപ്പ റാഫേലിനു ജോലി. ജോസഫ് അങ്കിളിന്റെയും ലീല ആന്റിയുടെയും മക്കൾ നെഗുലും (6) അനിയൻ നെവിനും (3) അവളുടെ അടുത്ത ചങ്ങാതിമാരായി. പക്ഷേ, 1986 ൽ അഞ്ചാം വയസ്സിൽ നിഷ തൃശൂരിലേക്കു മടങ്ങി; കൂട്ടുപിരിഞ്ഞെങ്കിലും ആ സ്നേഹം മറക്കാതെ.

വർഷങ്ങൾക്കിപ്പുറം, തൃശൂർ പൂങ്കുന്നം ഹരിത അപാർട്മെന്റിസിൽ നിഷ റാഫേൽ ആദ്യ കളിത്തോഴരെ അന്വേഷിച്ചു യാത്ര തുടങ്ങി. നാട് അറിയില്ല, വീട്ടുപേര് അറിയില്ല, എന്തിന് ജില്ല പോലും പിടിയില്ല. നെഗുലും നെവിനും തന്ന സമ്മാനമായ കുഞ്ഞു കസേര, പിന്നെ കുറെ ഫോട്ടോകളും; അതുമാത്രമായിരുന്നു ഒപ്പം. റാഫേലിന് ഈ കുടുംബത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും 2006ൽ അദ്ദേഹം മരിച്ചു.

വോട്ടർപട്ടിക അരിച്ചുപെറുക്കി 

കോട്ടയത്ത് എവിടെയോ ആണു വീട് എന്ന് അമ്മ കൊച്ചുത്രേസ്യ നിഷയോടു സംശയം പറഞ്ഞു. അതുവച്ച് കോട്ടയം മുഴുവൻ തിരഞ്ഞു. ആദ്യം ഫെയ്സ്ബുക്കിൽ പരതി. ഒരേ പേരിൽ പല ആളുകൾ. ഒട്ടേറെ പ്രൊഫൈലുകൾ നോക്കിയെങ്കിലും ഫലമില്ല.

പിന്നീട് തിരഞ്ഞെടുപ്പ് ഓഫിസറുടെ പോർട്ടലിൽ കയറി ഓരോ മണ്ഡലങ്ങളുടെയും വോട്ടർപട്ടിക തിരഞ്ഞു.  അവർ അവിടെയുമില്ല.

വിളിച്ചത് ദിവസം 60 ഫോൺകോൾ‍ വരെ

ഒടുവിൽ കോട്ടയത്തെ ബിഎസ്എൻഎൽ ഓഫിസിലേക്ക്. നെഗുലിന്റെയും നെവിന്റെയും അച്ഛൻ ജോസഫിന്റെ ഫോൺനമ്പർ അന്വേഷിച്ച്. എല്ലാ ജോസഫുമാരുടെയും നമ്പർ എടുത്ത് അതിലേക്കു വിളിയായി. കുത്തിയിരുന്നു ദിവസം 60 നമ്പരുകൾ വരെ വിളിച്ചുകൊണ്ടിരുന്നു.

ഇരുവരും ഏകദേശം 2001 ൽ ഡിഗ്രി കഴിഞ്ഞിരിക്കും എന്ന ധാരണയിൽ കോട്ടയത്തെ കോളജുകളിലും അലംനൈ ഗ്രൂപ്പുകളിലും തേടി, കണ്ടെത്തിയില്ല.നെഗുലിന്റെയും നെവിന്റെയും അമ്മ നഴ്സ് ആയതുകൊണ്ട് യുണെറ്റഡ് നഴ്സസ് അസോസിയേഷൻ എന്ന സംഘടനയിലും വിവരം തേടി.

ഒടുവിൽ 2017 ഡിസംബറിലാണ് നിഷ സുഹൃത്തുക്കളെക്കുറിച്ചു ഫെയ്സ്ബുക്കിൽ ആദ്യ പോസ്റ്റിട്ടത്. രക്ഷയില്ല. ഒടുവിൽ, അവസാനശ്രമമെന്ന നിലയിൽ കഴി‍ഞ്ഞ ശിശുദിനത്തിൽ അതു വീണ്ടും പോസ്റ്റ് ചെയ്തു.

അപ്രതീക്ഷിതമായി ആ മെയിൽ

ഒരു പ്രതീക്ഷയും ഇല്ലാതെ ഇരിക്കുമ്പോഴാണു നിഷയുടെ മെയിലിലേക്ക് ആ സന്ദേശം, ‘ഞാൻ നെഗുൽ ആണ്, ഫോൺ നമ്പർ വേണം’. ആരെങ്കിലും പറ്റിച്ചതാകുമെന്നു സംശയിച്ചെങ്കിലും നമ്പർ അയച്ചു. നെഗുൽ വിളിച്ചു, അങ്ങ് ദൂരെ അയർലൻഡിൽ നിന്ന്. 

തെളിവിന് എന്തുണ്ട് എന്നായി നിഷ. ‘ നിഷയുടെ പപ്പയുടെ ആഫ്റ്റർ ഷേവിന്റെ മണം വളരെ ഇഷ്ടമായിരുന്നെന്നും നെവിനൊപ്പം ചേർന്ന് അത് അടിച്ചുമാറ്റി തേയ്ക്കുമായിരുന്നുവെന്നും ഉൾപ്പെടെ പഴയ ഓർമകൾ നെഗുൽ പങ്കിട്ടപ്പോൾ നിഷ അറിഞ്ഞു, ഇതാ എന്റെ കളിക്കൂട്ടുകാരൻ.

നെഗുലിന്റെ തൃശൂരിലുള്ള ബന്ധുക്കളാണു ഫെയ്സ്ബുക് പോസ്റ്റിനെക്കുറിച്ച് അറിയിച്ചത്.

 നെവിൻ നീ..?

അടുത്ത ചോദ്യം നെവിൻ എവിടെ എന്നു തന്നെയായിരുന്നു. മറുപടിയായി നെഗുൽ അയച്ചുകൊടുത്തത് കയ്യിൽ പച്ചകുത്തിയ ‘നെവിൻ’ എന്ന പേര്. ‘ഇതു മാത്രമേ ഇനിയുള്ളൂ. അവൻ 2005 ൽ നമ്മെ വിട്ടുപോയി.’

nevin

വിവാഹം തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു ബൈക്കപകടത്തിൽ മരണം. റാഫേൽ അങ്കിളും നിഷയും വടക്കുന്നാഥനെ ചുറ്റിപ്പറ്റി എവിടെയോ ഉണ്ടാവുമെന്നു തൃശൂരു വഴി പോകുമ്പോഴെല്ലാം നെവിൻ നെഗുലിനോടു പറയാറുണ്ടായിരുന്നു; നിഷയെ കാണണമെന്നും.  

‘ എന്റെ ആദ്യത്തെ ഫ്രണ്ട്സ് ആണു നെവിനും നെഗുലും. ആദ്യത്തേത് ഏറ്റവും പ്രിയപ്പെട്ടത് ആകുമല്ലോ. ആരോടും അധികം കൂട്ടുകൂടാത്ത ആളായിരുന്നു എന്റെ പപ്പ. ആകെ അടുപ്പമുള്ളതു ജോസഫ് അങ്കിളിന്റെ കുടുംബവുമായിട്ടായിരുന്നു, നിഷ പറയുന്നു. 

 അയർലൻഡിൽ നിന്ന് കൂട്ടുകാരിയെ കാണാൻ

‘നിഷ ഞങ്ങളെ അന്വേഷിക്കുമ്പോൾ ഞങ്ങളും നിഷയെ തേടുന്നുണ്ടായിരുന്നു. രണ്ടുകൂട്ടരും പരസ്പരം അതറിഞ്ഞില്ല. ജോസഫ് എന്നാണ് എന്റെ യഥാർഥ പേര്. അതുകൊണ്ടാണു ഫെയ്സ്ബുക്കിൽ കാണാത്തത്. മാത്രമല്ല നിഷ അന്വേഷിച്ചതു മുഴുവൻ ഞങ്ങൾ കോട്ടയംകാരാണെന്നു കരുതിയാണല്ലോ. കോതമംഗലത്താണു വീട്. എന്റെ പപ്പയും ഇതിനിടെ മരിച്ചു. ’ നെഗുലിന്റെ വാക്കുകൾ.

അയർലൻഡിൽ നിന്നു കളിക്കൂട്ടുകാരിയെകാണാൻ കഴിഞ്ഞ ബുധനാഴ്ച നെഗുൽ തൃശൂരിലെത്തി. അവർ ഒത്തുകൂടിയപ്പോൾ ആകാശത്തിരുന്നു നെവിൻ കയ്യടിച്ചിട്ടുണ്ടാവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA