സുധീഷിന്റെ ‘പ്ലാസ്റ്റിക് സർജറി’ പ്ലാസ്റ്റിക്കിന് എതിരെ

sudeesh
SHARE

തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കിളികളുടെ കൂട്ടുകാരനായ സുധീഷ് തട്ടേക്കാട് കൂട്ടുകാർക്കൊപ്പം ഒരു യാത്ര പുറപ്പെട്ടു.  ടൂറിസ്റ്റ് ഗൈഡായി പണിയെടുത്തു കിട്ടിയ കാശൊക്കെ ഒന്നിച്ചു പൊട്ടിക്കാനല്ല; പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നു ഭൂമിയെ രക്ഷിക്കാൻ ‘ഒരു പച്ച നടത്തം’. 

കഴിഞ്ഞ നവംബർ 16ന് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ കവാടത്തിൽ നിന്നു തുടങ്ങി, കോതമംഗലം, പെരുമ്പാവൂർ, ആലുവ, എറണാകുളം, ചേർത്തല, ആലപ്പുഴ, കായംകുളം, കൊല്ലം വഴി തിരുവനന്തപുരത്തേക്ക്. ‘പ്ലാസ്റ്റിക് മലിനീകരണം പരാജയപ്പെടുത്തുക’ പ്ലക്കാർഡുമായി, സ്കൂളുകളിൽ പ്ലാസ്റ്റിക് പുനരുപയോഗത്തെക്കുറിച്ചു ക്ലാസുകളെടുത്ത് യാത്ര. ദേശീയ ഹരിതട്രൈബ്യൂണലിൽ സമർപ്പിച്ച പരാതിയും മറ്റു വിശദാംശങ്ങളും ചേർത്തു യാത്രയുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കി അധികൃതർക്കു നിവേദനം സമർപ്പിച്ചതോടെ പച്ചനടത്തം താൽക്കാലികമായി പൂർത്തിയായി

സന്തത സഹചാരിയായ കെ.ജെ.ജയകുമാറിനെ കൂടാതെ മൂന്നാർ സ്വദേശി മോനിച്ചൻ, അതിരപ്പിള്ളിയിലെ ബൈജു കെ.വാസുദേവൻ, ശാലിനി, അനസ് നാസർ എന്നിവരാണു വിവിധ ഘട്ടങ്ങളിൽ ഒപ്പം നടന്നത്. 

പക്ഷിസ്നേഹം

പശ്ചിമഘട്ടത്തിലെ പക്ഷികളുടെയെല്ലാം ഫോട്ടോകൾ സുധീഷിന്റെ കയ്യിലുണ്ട്. ലോകത്തെവിടെ നിന്നു വരുന്ന പക്ഷി നിരീക്ഷകർക്കും  കാട്, മരം, പക്ഷികൾ, പ്രജനന രീതികൾ എന്നിവയൊക്കെ പറഞ്ഞു കൊടുക്കും. തട്ടേക്കാട് കേന്ദ്രമായി നേച്ചർ ആൻഡ് വൈൽഡ് ലൈഫ് എന്ന സംഘടനയ്ക്കും രൂപം കൊടുത്തു. മാലിന്യ രഹിതമായ പ്രകൃതിയാണു ലക്ഷ്യം. 

plastic-pollution
സുധീഷ് (ഇടത്ത്) ‘പച്ചനടത്ത’ത്തിൽ

കുപ്പിബോട്ട്!

പ്ലാസ്റ്റിക് ഒഴിവാക്കി മുന്നോട്ടുപോകാൻ പ്രയാസം. അതുകൊണ്ട്, നിരോധനമല്ല നിയന്ത്രണമാണ് ശരിയായ മാർഗമെന്നു സുധീഷ് തിയറി. 

പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടു ബോട്ടും തട്ടേക്കാട് തടാകത്തിനുമേൽ പൊന്തിക്കിടക്കുന്ന പച്ചക്കറിത്തോട്ടവും ഉണ്ടാക്കി ആളുകളെ അമ്പരിപ്പിക്കുകയും ചെയ്തു കക്ഷി. വിനോദസഞ്ചാരികൾ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടുണ്ടാക്കിയ ബോട്ടിൽ ഏഴുപേർക്കു സുഖമായി യാത്ര ചെയ്യാം. നക്ഷത്രത്തിന്റെ ആകൃതിയിലുള്ള ‘തൂങ്ങും തോട്ട’വും ആളുകളെ ആകർഷിക്കുന്നു. 

വരട്ടെ, പുനരുപയോഗം

എല്ലാ ജില്ലയിലും സർക്കാർ നേതൃത്വത്തിൽ പ്ലാസ്റ്റിക് റീസൈക്ലിങ് (പുനരുപയോഗ) യൂണിറ്റുകൾ തുടങ്ങണം. ചെറുകിട കച്ചവടക്കാർക്കും നിശ്ചിതനിരക്കിൽ അവരവരുടെ പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്തെടുക്കാം. ഇനി, യൂണിറ്റ് ഇല്ലാത്ത ഗ്രാമങ്ങളിലോ– കടക്കാർ തന്നെ അതു തിരിച്ചെടുക്കണം. അതായത്,  കുപ്പിവെള്ളത്തിന്റെ വില 15 രൂപ. എന്നാൽ അതിനു കമ്പനി 20 രൂപ ഈടാക്കട്ടെ. വെള്ളം കുടിച്ചു തീർന്നതിനു ശേഷം കുപ്പി കടയിൽ കുപ്പി തിരികെ കൊടുക്കുമ്പോൾ 5 രൂപ മടക്കിക്കിട്ടും. കടക്കാരൻ ഈ കുപ്പി കമ്പനിയിൽ നൽകുമ്പോൾ കമ്പനി കടക്കാരന് ആ കാശു നൽകണം. അങ്ങനെ വന്നാൽ എല്ലാ കുപ്പികളും കമ്പനികളിൽ തിരികെയെത്തും. ഇതു റീസൈക്കിൾ ചെയ്തു പുതിയ ഉൽപന്നമാക്കി മാറ്റാം. ആരെങ്കിലും കുപ്പി വലിച്ചെറിഞ്ഞാലും മറ്റൊരാൾക്ക് അതെടുത്തു കൊടുത്തു പണം നേടാം.

സുജാതനാണു സുധീഷിന്റെ അച്ഛൻ. അമ്മ ലീല. ഭാര്യ അഞ്ജുവും മക്കൾ ആരണ്യയും ആദിത്യനും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA