ADVERTISEMENT

മാരകരോഗങ്ങളുടെ മാർജിൻ ഫ്രീ മാർക്കറ്റാണ് നമ്മുടെ ഭക്ഷ്യവസ്തു വിപണി. ഏതു സാധനം വാങ്ങിയാലും കാൻസർ, വൃക്കരോഗങ്ങൾ എന്നിവ ഫ്രീ. സർവത്രമായം ചേർന്ന ഭക്ഷ്യവസ്തുക്കളാണ് ഇപ്പോൾ വിപണിയിൽ. അറിയാം അത്തരത്തിലുള്ള ചില മായങ്ങളെക്കുറിച്ച്.

തൃശൂരിലെ ചില തട്ടുകടകളിൽ തേയില സൂക്ഷിക്കുന്നത് ‘അക്ഷയപാത്ര’ത്തിലാണ്. എടുത്താലും എടുത്താലും തീരില്ല. ഒരു കിലോ തേയില ഉപയോഗിച്ച് 800 മുതൽ 900 വരെ ചായ അടിക്കുന്ന ചില കടക്കാരെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടുത്തിടെ കണ്ടെത്തി. ഒരു നുള്ളു തേയില ഇട്ടാൽ മതി, കടുപ്പം ഡബിൾ സ്ട്രോങ് ആകും. തേയില ലാബിൽ പരിശോധിച്ചപ്പോഴാണ് കടുപ്പമേറിയ സത്യം വെളിപ്പെട്ടത്. പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ തുടങ്ങിയ രാസനിറങ്ങളാണ് തേയിലയ്ക്ക് അസാധാരണ കഴിവുകൾ നൽകുന്നത്. തേയിലയിൽ തീരുന്നില്ല ‘മായാലോകം.’ ദിവസവും വയറ്റിലെത്തിക്കുന്ന ഒട്ടുമിക്ക ഭക്ഷ്യവസ്തുക്കളും കാൻസറിന്റെയും വൃക്കരോഗത്തിന്റെയും കൂട്ടുകാരാണ്. 

തേയില, കാപ്പിപ്പൊടി

652979866

അറക്കപ്പൊടിയിൽ നിറം ചേർത്ത് തേയിലയിൽ കലർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബ്രാൻഡഡ് അല്ലാത്ത ലൂസ് തേയിലയിലാണ് കൂടുതലും. ഒരു കിലോ മായത്തേയില ഉപയോഗിച്ച് 900 ചായവരെ തയാറാക്കാനാകും. പ്രഷ്യൻ ബ്ലൂ, ഇൻഡിഗോ തുടങ്ങിയ രാസനിറങ്ങൾ ചേർക്കുന്നു. കാപ്പിപ്പൊടിയിൽ പുളിങ്കുരു പൊടിച്ചു ചേർത്ത് വിപണിയിലെത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. 

ശർക്കര

jaggery

കഴിക്കുമ്പോൾ മധുരമുണ്ടാകുമെങ്കിലും പിന്നീടു കയ്പ്പായി മാറാൻ സാധ്യതയുള്ള മായംചേർന്ന ശർക്കര വിപണിയിലുണ്ട്. റോഡമിൻ ബി, ടാർട്രസീൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ നിറം ചേർത്താണ് ശർക്കര എത്തിക്കുന്നത്. ഇവ കാൻസറിനു കാരണമാകും. കറുപ്പ്, വെള്ള ശർക്കര സുരക്ഷിതമാണെങ്കിലും ചുവന്ന ശർക്കരയെ പേടിക്കണം. 

കായവറുത്തത്, പട്ടാണി

chips

കായവറുക്കുമ്പോൾ മഞ്ഞൾപ്പൊടിയല്ലാതെ മറ്റൊരു നിറവും ചേർക്കരുതെന്നാണ് നിയമം. എന്നാൽ, ടാർട്രസീൻ, സൺസെറ്റ് യെല്ലോ തുടങ്ങിയ രാസ നിറങ്ങൾ ചേർന്ന ചിപ്സ് വിപണിയിലെത്തുന്നു. പച്ചപ്പട്ടാണിയിലും നിറം ചേർക്കാൻ പാടില്ലെന്നു കർശന നിയമമുണ്ട്. എന്നാൽ, ബ്രില്യന്റ് ബ്ലു ചേർത്തു വറുത്ത പട്ടാണി വിപണിയിലെത്തുന്നു. 

മഞ്ഞൾ, മഞ്ഞൾപ്പൊടി

503030010

മഞ്ഞളിലും മഞ്ഞൾപ്പൊടിയിലും നിറം വർധിപ്പിക്കാൻ ലെഡ് ക്രോമൈറ്റ് എന്ന രാസവസ്തു ചേർക്കുന്നതു വ്യാപകമാണ്. ലെഡ്ക്രോമൈറ്റിൽ മുക്കിയ മഞ്ഞളിന‍ു പുഴുക്കുത്തോ പാടുകളോ ഉണ്ടാകില്ല. കടുത്ത നിറം ലഭിക്കുകയും ചെയ്യും. പക്ഷേ, മാരക രോഗങ്ങൾ കൊണ്ടുവരുമെന്നു മാത്രം

വെളിച്ചെണ്ണ

493652014

മലേഷ്യയിൽ നിന്നെത്തിക്കുന്ന പാം കർണൽ ഓയിൽ എന്ന വിലകുറഞ്ഞ എണ്ണ ചേർത്ത് തയാറാക്കുന്ന കൃത്രിമ വെളിച്ചെണ്ണ തൃശൂരിൽ നിന്നു പലവട്ടം പിടികൂടിയിട്ടുണ്ട്. ലീറ്ററിന് 80 രൂപ മാത്രമാണ് പാം കർണൽ ഓയിലിന്റെ വില. തമിഴ്നാട്ടിലെ പായ്ക്കിങ് കേന്ദ്രങ്ങളിൽ ഇവ വെളിച്ചെണ്ണയിൽ ചേർത്ത് കുപ്പിയിലാക്കി എത്തിക്കുന്നു. 

ചിക്കൻഫ്രൈ, ബിരിയാണി

488481490

പഴയ ഭക്ഷണം പുതിയതാക്കാൻ ടാർട്രസീനെയാണ് ഹോട്ടലുകാർ ആശ്രയ‍ിക്കുക. ചിക്കൻ, മീൻ, ബിരിയാണി തുടങ്ങിയ വിഭവങ്ങൾ ടാർട്രസീൻ ചേർത്തു നിറംമാറ്റി തീൻമേശയിലെത്തിക്കുന്നു. പല ഹോട്ടലുകളിലും പച്ചക്കറി കഴുകാതെ നേരിട്ട് അരിഞ്ഞു കറിയാക്കുകയാണ്. അടുത്തിടെ തൃശൂരിൽ പൂട്ടിച്ച ഒരു ഹോട്ടലിന്റെ അടുക്കള നിറയെ എലിമാളങ്ങൾ കണ്ട് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുതള്ളി!

ഉഴുന്നും പയറും

green-gram

ഉഴുന്നിന്റെ ഭംഗി കൂട്ടാൻ ചേർക്കുന്നതു നാം മുഖകാന്തിക്ക് ഉപയോഗിക്കുന്ന ടാൽകം പൗഡർ. സുഗന്ധം തീരെ കുറഞ്ഞ ടാൽകം പൗഡറുകളാണ് ഉഴുന്നിൽ ചേർക്കുക. ചെറുപയറിനു തിളക്കവും പുതുമയും തോന്നിക്കാൻ സിലിക്കേറ്റ്, സൾഫേറ്റ് തുടങ്ങിയവ ചേർക്കുന്നു. തുവരപ്പരിപ്പിനു നിറം ലഭിക്കാൻ രാസനിറങ്ങൾ ചേർക്കുന്നു. 

മീൻ

157610143

അമോണിയം, ഫോർമാലിൻ എന്നിവ ചേർത്ത മീനുകൾ പലവട്ടം തൃശൂരിലെ മീൻകടകളിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കേടാകാതിരിക്കാൻ നേരിട്ടു മീനിൽ ചേർക്കുന്നതിനു പുറമെ ഐസിലും ഇവ കലർത്തുന്നു. കാൻസറിനു പുറമെ കരൾരോഗത്തിനും ഇവ ഇടയാക്കും. 

ഇറച്ചി

483027918

കോഴി, കന്നുകാലി എന്നിവയുടെ ഇറച്ചിയിൽ ആന്റിബയോട്ടിക് സാന്നിധ്യം പലവട്ടം കണ്ടെത്തിയിട്ടുണ്ട്. മൃഗങ്ങൾക്ക് രോഗങ്ങൾ വരാതിരിക്കാൻ ഉയർന്ന ഡോസിൽ ആന്റിബയോട്ടിക്കുകൾ കുത്തിവയ്ക്കുകയാണ് രീതി. ഈ മാംസം കഴിക്കുന്നവർക്കു പ്രതിരോധശക്തി കുറയാനിടയുണ്ട്. മൃഗങ്ങളുടെ വളർച്ച വേഗത്തിലാക്കാൻ തീറ്റയിലും മരുന്നുകൾ ചേർക്കുന്ന രീതിയുണ്ട്. 

ഇലക്കറികൾ

179004302

കറിവേപ്പില, ചീര, പുതിനയില, മല്ലിയില എന്നിവ പരിശോധിച്ചതിൽ നിന്ന് മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി. പ്രൊഫിനോഫോസ് എന്നയിനം മാരക കീടനാശിനിയാണ് കണ്ടെത്തിയത്. പാവയ്ക്ക, വെണ്ടയ്ക്ക എന്നിവയ്ക്കു കൃത്രിമ പച്ചനിറം നൽകാൻ കോപ്പർ സൾഫേറ്റ് ലായനിയിൽ മുക്കിവയ്ക്കുന്ന ഏർപ്പാടുള്ളതായി വിവരമുണ്ടെങ്കിലും തൃശൂരിൽ ഇതുവരെ പരിശോധനയിൽ കണ്ടെത്തിയിട്ടില്ല

ആപ്പിൾ

489516086

തൃശൂരിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നു പിടിച്ചെടുത്ത ആപ്പിളിൽ ഫെൻവാലറേറ്റിന്റെ അംശം കണ്ടെത്തി. ഫെൻവാലറേറ്റ് എന്നാൽ മാരക ശക്തിയുള്ള കീടനാശിനിയാണ്. ആപ്പിൾ കേടാകാതെ ദീർഘകാലം സൂക്ഷിക്കാൻ നിർമാതാക്കൾ ചെയ്ത പണിയാണത്. ആപ്പിളിൽ മെഴുകു പുരട്ടുന്നതു വ്യാപകമാണെങ്കിലും കീടനാശിനി അപൂർവം. ഉള്ളിൽച്ചെന്നാലും ഹാനികരമല്ലാത്ത മെഴുക് ചില രാജ്യങ്ങളിൽ നിയമാനുസൃതം ആപ്പിളിൽ പുരട്ടുന്നുണ്ട്. എന്നാൽ, തൃശൂരിൽ പിടികൂടിയ ആപ്പിളുകളിൽ കണ്ടെത്തിയത് മെഴുകുതിരി നിർമാണത്തിന് ഉപയോഗിക്കുന്ന മെഴുകാണ്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com