sections
MORE

കുഞ്ഞുങ്ങളിലെ ദന്തസംരക്ഷണം; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

dental-care
SHARE

കുഞ്ഞുങ്ങളുടെ ചിരിയിൽ ചെറിയ വ്യത്യാസം വന്നാൽതന്നെ അച്ഛനമ്മമാർ ശ്രദ്ധാലുക്കളാവാറുണ്ട്. കുഞ്ഞുങ്ങളിൽ പലപ്പോഴും പ്രകടമാവുന്ന ദന്തവൈകല്യങ്ങളിൽ ദുശ്ശീലങ്ങൾ കാരണമുണ്ടാവുന്ന വൈകല്യങ്ങളുടെ തോത് സാമാന്യം കൂടുതലാണ്. വിരൽ കുടിക്കുക, നാക്ക് തള്ളുക, വായിലൂടെ ശ്വാസം വിടുക, പല്ലിറുമ്മുക, നഖം കടിക്കുക തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നവയാണ്. 

വിരൽ കുടിക്കുക
ഏതാണ്ട് 13 മുതൽ 100 ശതമാനം വരെ കുഞ്ഞുങ്ങളിൽ കാണുന്ന ശീലമാണ് ഇത്. പ്രായം ചെല്ലുന്തോറും ഇതിന്റെ തോതു കുറയാറുണ്ട്. മിക്കവാറും കുട്ടികൾ മൂന്നര, നാല് വയസ്സാകുമ്പോഴേക്കും ഇതു തനിയേ നിർത്താറുണ്ട്. എന്നാൽ ഇതു പിന്നീടും തുടരുകയാണെങ്കിൽ ദന്തരോഗ വിദഗ്ധന്റെ സേവനം തേടാം. ഏതൊരു ശീലവും എന്തു ഫലമാണ് ഉണ്ടാക്കുന്നത് എന്നത് 3 കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. 

1 എത്ര നേരം ഇടവിട്ട് ചെയ്യുന്നു (Frequency)
2 എത്ര നേരം ചെയ്യുന്നു (Duration) 
3 എത്രമാത്രം തീവ്രതയോടെ ചെയ്യുന്നു (Intensity)

വായിൽ കാണുന്ന മാറ്റങ്ങൾ

∙മുൻനിരയിലെ ഉന്തിയ പല്ലുകൾ
∙ചെറുതായി ഉള്ളിലേക്ക് വളഞ്ഞിരിക്കുന്ന കീഴ്ത്താടിയിലെ മുൻനിരപ്പല്ലുകൾ.
∙പല്ലുകൾ കൂട്ടിയടയ്ക്കുമ്പോൾ മുൻഭാഗത്തുണ്ടാകുന്ന വിടവ് (anterior open bite)
∙പിന്നിലെ പല്ലുകൾ തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് കടിക്കുന്ന രീതി മാറുക (posterior cross bite).

പ്രതിവിധി
1. കൗൺസലിങ് : കുഞ്ഞിനെ ഇതിന്റെ ദോഷഫലങ്ങൾ പറഞ്ഞു മനസ്സിലാക്കുക. ഇതിനു സഹായിക്കുന്ന രണ്ടു മാർഗങ്ങളുണ്ട്. 

(a) ‘My Thumb Sucking Book’ എന്ന പേരിൽ, വിരൽ കുടിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്ന ഒരു ചിത്രകഥാ പുസ്തകം ആണിത്. ‍ഡോ. ഡ്രാഗൺ ആന്റലോസ് രചിച്ച ഈ പുസ്തകം കുട്ടികളെ ഈ ദുശ്ശീലത്തിൽനിന്നു തിരികെ കൊണ്ടുവരാൻ ഏറെ സഹായകമാണ്. ഒളിവർ എന്ന സുന്ദരനായ കരടിക്കുട്ടിയാണ് കഥയിലെ നായകൻ. വിരൽ കുടിക്കുന്ന ഒളിവറിന്റെ മുൻനിരപ്പല്ലുകൾ ഉന്തുകയും ഒളിവർ വിരൂപനാവുകയും ചെയ്യുന്നു. തന്റെ രൂപം കാണുന്ന ഒളിവർ കരയുമ്പോൾ അവനു മുന്നിൽ വനദേവത പ്രത്യക്ഷപ്പെടുന്നു. ഒളിവർ അവന്റെ വിരൽ കുടിക്കുന്ന ദുശ്ശീലം മാറ്റിയാൽ അവനെ വീണ്ടും സുന്ദരനാക്കാം എന്ന് ദേവത പറയുകയും ഒളിവർ ആ ദുശ്ശീലം വെടിഞ്ഞ് വീണ്ടും സുന്ദരനാവുന്നതുമാണ് ചിത്രകഥാരൂപത്തിൽ ആഖ്യാനം ചെയ്തിരിക്കുന്നത്. 

തമ്പ് ഹോം
തള്ളവിരലിൽ കയ്യുറ പോലെ ഘടിപ്പിക്കുന്ന ഒരു തരം അക്രിലിക് ക്യാപ്പ് ലഭ്യമാണ്. ഇത് വിരലിന്റെ വീട് ആണെന്ന് കുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കുക. നമ്മൾ രാത്രിയിൽ ഉറങ്ങുന്ന പോലെ വിരലിനും ഉറങ്ങേണ്ടതുണ്ട് എന്നും കുഞ്ഞിനോടു പറയുക. ഈ ഉപകരണം രാത്രിയിൽ കുഞ്ഞിന്റെ തള്ളവിരലിൽ ഘടിപ്പിക്കുക. 

∙ഓർമപ്പെടുത്തലുകൾ : ഫ്രിജിന്റെ വാതിലിലോ കുഞ്ഞിന്റെ മുറിയുടെ വാതിലിലോ ‘‘വിരൽ കുടിക്കരുത്’’ എന്ന് സ്നേഹത്തിൽ കലർന്ന കുറിപ്പുകൾ വയ്ക്കുന്നു. ഒരാഴ്ച വിരൽ കുടിക്കാതെ ഇരിക്കുമ്പോൾ കുഞ്ഞിന് ഇഷ്ടമുള്ള സമ്മാനം നൽകാം. സമ്മാനത്തിനായി കുഞ്ഞ് ശീലം നിർത്താൻ സാധ്യത ഏറെയാണ്. 

∙കയ്യിൽ എരിവോ പുളിപ്പോ ഉള്ള ലായനി പുരട്ടുക. കുഞ്ഞ് ഇതു കാരണം താനേ ഈ ശീലം നിർത്തിക്കോളും. ഫോംമൈറ്റ് എന്ന പേരിൽ ഇത്തരം ലായനികൾ വിപണിയിൽ ലഭ്യമാണ്. കുഞ്ഞിന് കൈ വായിലേക്ക് എത്തിക്കാൻ കഴിയാത്തവിധം ബാന്റേജുകൾ ഉള്ള ‘‘മൈ സ്പെഷൽ ഷർട്ടുകൾ’’ വിപണിയിൽ ലഭിക്കും. 

ഉപകരണങ്ങൾ 

ഇവയൊന്നും ഫലപ്രദമായില്ലെങ്കിൽ ഉപകരണങ്ങളുടെ സഹായം തേടാവുന്നതാണ്. അണ്ണാക്കിൽ ഘടിപ്പിക്കുന്ന, ഇളക്കി മാറ്റാവുന്നതും അല്ലാത്തതുമായ തരം പ്ലേറ്റുകൾ ലഭ്യമാണ്. ഇതിൽ ഗേറ്റു പോലെ കമ്പികൾ കുറുകെ ഉണ്ടാവും. ഇത് വിരൽ അണ്ണാക്കിൽ കയറാനാവാതെ തടഞ്ഞു നിർത്തും. മുത്തുകൾ ഘടിപ്പിച്ച ഒരു തരം ഉപകരണം ഉപയോഗിക്കാറുണ്ട്. ബ്ലൂ ഗ്രാസ് ഉപകരണം എന്നറിയപ്പെടുന്ന ഇത് വിരൽ കുടിക്കുന്നതിനെ ചെറുക്കാറുണ്ട്. കുഞ്ഞിന്റെ ശ്രദ്ധ വിരൽ അണ്ണാക്കിൽ വയ്ക്കുന്നതിനു പകരം ഇതിലെ മുത്തുകൾ ഉരുട്ടി കളിക്കുന്നതിലേക്ക് തിരിച്ചു വിടാനും ഈ ഉപകരണം സഹായകരമാവാറുണ്ട്. ആദ്യഘട്ടത്തിൽ എപ്പോഴും ഇത് ധരിക്കണം. 3–4 മാസം കഴിഞ്ഞാൽ രാത്രിയിൽ ഉറങ്ങുന്ന സമയം ഒഴികെ  മറ്റു സമയങ്ങളിൽ ഉപയോഗിക്കാം. ശീലം നിർത്തി എന്നുറപ്പു വന്നാലും രണ്ടോ മൂന്നോ മാസം കൂടി വീണ്ടും ഉപയോഗിക്കാം. എപ്പോൾ വേണമെങ്കിലും ശീലം തിരിച്ചു വരാൻ സാധ്യതയുള്ളതു കൊണ്ടാണിത്. ഇത്തരം പ്രതിവിധികളിലൂടെ വിരല്‍ കുടിക്കുന്നതു തടയാനും അതുവഴിയുണ്ടാകുന്ന ദന്തവൈകല്യങ്ങൾക്കു കടിഞ്ഞാണിടാനും സാധിക്കും. ആറുമാസം ഇടവിട്ടുള്ള ദന്തപരിശോധനയിലൂടെ ശരിയായ സമയത്തു തന്നെ ചികിത്സ ആരംഭിക്കാനും സാധിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA