sections
MORE

ഇതൊക്കെ അറിഞ്ഞാൽ ഇവ എങ്ങനെ വലിച്ചെറിയാനാന്നേ...

orange peel
SHARE

ദിവസവും ഒരു വീട്ടിലെ അടുക്കളയിൽ നിന്നു തന്നെ എത്ര സാധനങ്ങൾ വേസ്റ്റ് കൊട്ടയിൽ തള്ളാറുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ? പച്ചക്കറികളും പഴങ്ങളും മുറിച്ച ശേഷം ബാക്കി വരുന്ന തൊലിയും കുരുവും എല്ലാം വലിച്ചെറിയും മുൻപ് ഇതൊന്നു വായിക്കൂ. നിങ്ങൾ വലിച്ചെറിയുന്നത് പാഴ്‍വസ്തുവല്ല പോഷകങ്ങളാണ് എന്നറിയുന്നുണ്ടോ....ഇതാ അവയിൽ ചിലത്.

ഓറഞ്ച്, നാരങ്ങ ഇവയുടെ തോട്
നാരങ്ങ പിഴിഞ്ഞശേഷം കളയരുതേ. നാരങ്ങയുടെ തോടിൽ അതിന്റെ ഉള്ളിലുള്ളതിനെക്കാൾ അഞ്ചിരട്ടി വൈറ്റമിൻ സി ഉണ്ട്. കൂടാതെ മറ്റ് ജീവകങ്ങളും ധാതുക്കളും അതായത് റൈബോ ഫ്ലേവിൻ, തയാമിൻ, നിയാസിൻ, ഫോളേറ്റ്, ജീവകം ബി 6, ജീവകം ബി 5, ജീവകം എ, കാൽസ്യം, അയൺ, പൊട്ടാസ്യം, സിങ്ക്, മഗ്നീഷ്യം, ഇവയും നാരങ്ങാ തോടിലുണ്ട്. നാരങ്ങ മാത്രമല്ല ഒാറഞ്ചിന്റെയും മറ്റ് നാരകഫലങ്ങളുടെയെല്ലാം തോട് പോഷകങ്ങൾ നിറഞ്ഞതാണ്. നാരങ്ങാത്തോട് ഗ്രേറ്റ് ചെയ്ത് കാപ്പിയിലോ ചായയിലോ ചേർക്കാം. സ്മൂത്തികളിലും ചേർക്കാം. 

പഴത്തൊലി
വാഴപ്പഴത്തിൽ ട്രിപ്റ്റോഫാൻ ഉണ്ട്. ഇത് സെറോടോണിൻ എന്ന ‘ഹാപ്പിനെസ് ഹോർമോണിനെ ഉദ്ദീപിപ്പിക്കുന്നു. ഇത് മാനസികനില നിയന്ത്രിക്കാനും നാഡികളുടെ ആരോഗ്യത്തിനും സഹായകം. പഴുത്ത പഴത്തിന്റെ തോട് പത്തു മിനിറ്റ് തിളപ്പിക്കുക. അത് മൃദുവാകും. ഇത് സൂപ്പ്, സ്മൂത്തി മുതലായ വയിൽ ചേർക്കാം. അല്ലെങ്കിൽ ഇത് അരച്ച് സത്ത് മഫിൻ, കേക്ക് ഉണ്ടാക്കാനുള്ള മാവ് ഇവയിൽ ചേർക്കാം. 

തണ്ണിമത്തന്റെ തോടും കുരുവും
തണ്ണിമത്തന്റെ ചുവന്ന ഉൾഭാഗം മാത്രം ഉപയോഗിച്ചിട്ട് വെളുത്ത ഭാഗവും തോടും വലിച്ചെറിയാൻ വരട്ടെ. കുരുവും കളയല്ലേ. തണ്ണിമത്തന്റെ തോടിൽ സിട്രുലിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഇത് ആർജിനിൻ (arginine) ആയി മാറ്റപ്പെടുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, രക്തപ്രവാഹം കൂട്ടുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നു. പേശികളുടെ ക്ഷീണം കുറയ്ക്കുന്നു. ഇതിൽ ജീവകം സി, ബി 6 ഇവയുണ്ട്. തണ്ണിമത്തന്റെ തോട് അരച്ച് ഫ്രൂട്ട് സലാഡ്, സൽസ, ചമ്മന്തി ഇവയിൽ ചേർക്കാം കൂടാതെ അച്ചാറിടാം, കാരറ്റ്, ഉരുളക്കിഴങ്ങ് ഇവ ചേർന്ന സൂപ്പിൽ ഇത് ചേർക്കാം. തണ്ണിമത്തന്റെ കുരു വറുത്ത് സാല ഡുകളിൽ ചേർക്കാവുന്നതാണ്.

കാരറ്റിന്റെ ഇല
കാരറ്റിന്റെ മുകൾഭാഗത്തെ തണ്ട് ഉപയോഗിക്കാം. ഇവ തിളപ്പിച്ച് സൂപ്പിൽ ചേർക്കാം. കയ്പ്പ് രസം ഉള്ളതിനാൽ പച്ചയ്ക്ക് തിന്നുന്നത് ബുദ്ധിമുട്ടാകും.

ഉള്ളിത്തൊലി
ഉള്ളത്തൊലിയിൽ ക്യുവർസെറ്റിൻ എന്ന ഫ്ലേവനോയ്ഡ് ഉണ്ട്. ഈ ഫൈറ്റോന്യൂട്രിയന്റ് ഇൻഫ്ലമേഷൻ ചെറുക്കുന്നു. രക്തസമ്മർദം കുറയ്ക്കുന്നു. ഹൃദയധമനികളിൽ പ്ലേക്ക് അടിയുന്നത് തടയുന്നു. ഹൃദയാരോഗ്യം ഏകുന്നു. ഉള്ളി/സവാള മുഴുവനോടെ സൂപ്പിൽ ചേർക്കുക. കഴിക്കുന്നതിനു മുൻപ് തൊലി നീക്കം ചെയ്യുക.

കിവിപ്പഴത്തിന്റെ തോല്
കിവിപ്പഴത്തിന്റെ തൊലിയിൽ ജീവകം സി ഉണ്ട്. പഴത്തിലുള്ളതിലും അധികം നാരുകൾ തൊലിയിലുണ്ട്. 

ബീറ്റ്റൂട്ടിന്റെ ഇല 
ബീറ്റ്റൂട്ടിന്റെ മുകൾഭാഗത്തെ തണ്ടും ഇലയും ജീവകം എ, സി, കെ ഇവ അടങ്ങിയതാണ്. കൂടാതെ കാഴ്ചശക്തി മെച്ചപ്പെടുത്തുന്ന ഫൈറ്റോ ന്യൂട്രിയന്റും ഇതിലുണ്ട്. മറ്റ് ഇലക്കറികളോടൊപ്പം ബീറ്റ്റൂട്ടിന്റെ ഇലയും ഉപയോഗിക്കാം. 

കൂണിന്റെ തണ്ട്
പലപ്പോഴും കൂൺ പാകം ചെയ്യാനെടുക്കുമ്പോൾ തണ്ട് കളയുകയാണ് പതിവ്. എന്നാൽ കൂണിന്റെ തണ്ടും കഴിക്കാവുന്നതാണ്. 

പൈനാപ്പിളിന്റെ അകക്കാമ്പ്
കൈതച്ചക്ക മുറിക്കുമ്പോൾ തൊലി കളയുന്നതുപോലെ ഉൾഭാഗത്തെ നീണ്ട തണ്ടും കളയുകയാണ് പതിവ്. എന്നാൽ ജീവകങ്ങളും ധാതുക്കളും ധാരാളം അടങ്ങിയതാണ് ഈ ഉൾഭാഗം. പൈനാപ്പിളിൽ പ്രോട്ടീനെ ദഹിപ്പിക്കുന്ന എൻസൈം ആയ ബ്രോമെലെയ്ൻ ഉണ്ട്. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. സൈനസിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. സന്ധിവാതം, പേശിവേദന ഇവ കുറയ്ക്കുന്നു. ആന്റികൊയാഗുലന്റ് ഗുണങ്ങളും പൈനാപ്പിളിനുണ്ട്. അതായത് രക്തം കട്ടപിടിപ്പിക്കുന്ന പ്രോട്ടീൻ ആയ ഫൈബ്രിനെ ഇത് വിഘടി പ്പിക്കുന്നു. പൈനാപ്പിളിന്റെ അകക്കാമ്പ് മുറിച്ച് ഫ്രൂട്ട് സലാഡ്, ചട്ണി ഇവയിൽ ചേർക്കാം. അല്ലെങ്കിൽ അരച്ച് സ്മൂത്തീസിൽ ചേർക്കാം. ചെറു കഷണങ്ങളാക്കിയ ശേഷം ഒലിവ് ഓയിലിൽ വറുത്തെടുക്കാം. 

ബ്രൊക്കോളിയുടെ തണ്ട്
ബ്രൊക്കോളിയുടെ മുകൾഭാഗം മാത്രം എടുത്ത് തണ്ട് കളയുന്ന ശീലം ഉപേക്ഷിക്കാം. തണ്ടിൽ സൾഫൊറാഫേൻ എന്ന ഫൈറ്റോകെമിക്കൽ ആന്റിഓക്സിഡന്റ് ഉണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. കോശങ്ങളെ ഡിഎൻഎ നാശത്തിൽ നിന്നു രക്ഷിക്കുന്നു. കാൻസറിനു കാരണമാകുന്ന കാർസിനോജനുകളെ നിഷ്ക്രിയമാക്കുന്നു. വേവിച്ചോ പച്ചയ്ക്കോ ഉപയോഗിക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA