ADVERTISEMENT

ഹോർമോൺ വൈകല്യം മൂലം യുവതികളെ ബാധിക്കുന്ന ഒന്നാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) PCOD എന്നും അറിയപ്പെടുന്ന ഇത് ബാധിച്ചാൽ ശരീരഭാരം കുറയ്ക്കുക എന്നത് അൽപ്പം പ്രയാസകരമാണ്. 

സോനം കപൂർ, സാറാ അലി ഖാൻ, വിദ്യ ബാലൻ തുടങ്ങിയ ബോളിവുഡ് താരങ്ങൾ ഹോർമോൺ പ്രശ്നങ്ങൾ മൂലം ഉണ്ടായ ബുദ്ധിമുട്ടുകളെപ്പറ്റി തുറന്നു പറഞ്ഞത് ശ്രദ്ധനേടി യിരുന്നു. ശരീരഭാരം കൂടിയതു മൂലം ബോഡി ഷെയിമിങ് നേരിടേണ്ടി വന്നവരാണിവർ. സോനം കപൂറും സാറയും പൊണ്ണത്തടിയോടും പിസിഒഡിയോടും പൊരുതി വിജയിച്ചവരാണ്. ചിട്ടയായ ജീവിത രീതിയിലൂടെ ഫിറ്റ്നസ് ലക്ഷ്യം നേടാൻ  സാധിച്ച ഇവർ മറ്റുള്ളവർക്കും മാതൃകയാണ്. 

സ്ത്രീകളില്‍ പകുതിയിലേറെപ്പേരും പിസിഒഎസ് ബാധിച്ചവരും അമിതവണ്ണം ഉള്ളവരുമാണ്. പെട്ടെന്ന് ശരീരഭാരം, പ്രത്യേകിച്ച് വയറിനു ചുറ്റും കൂടുക, മുടി കൊഴിയുക, മുഖത്തെ അമിതരോമവളർച്ച, ഉൽസാഹമില്ലായ്മ ഇവയെല്ലാം ഹോർമോൺ ഇംബാലൻസിന്റെ ലക്ഷണങ്ങളാണ്. 

ലോകത്ത് 10 ദശലക്ഷം സ്ത്രീകളെ ബാധിക്കുന്ന പിസിഒ എസ്, പ്രമേഹം, ഹൃദ്രോഗം, വന്ധ്യത പ്രശ്നങ്ങൾ മുതലായ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. ശരീരഭാരം കുറയ്ക്കുന്നത് നിരവധി രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും. 

PCOS നെ നേരിടാൻ ചില ഡയറ്റ് ടിപ്സ്
പോഷകങ്ങൾ വളരെ കുറഞ്ഞ ഭക്ഷണവും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും ശരീരഭാരം കൂടാൻ കാരണമാകും. ഇത് ഹോർമോൺ ഇംബാലൻസിനു കാരണമാകും. ഹോർമോണ്‍ അസന്തുലനം തടയാൻ പ്രത്യേകം ഭക്ഷണം ഒന്നുമില്ല. എന്നാൽ ഭക്ഷണത്തിലും ജീവിത രീതിയിലും വരുത്തുന്ന ചില മാറ്റങ്ങള്‍ ഹോർമോൺ അസന്തുലനത്തിനെതിരെ പൊരുതാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.  

∙ റിഫൈൻഡ് ഫുഡുകൾ കുറയ്ക്കുക
സംസ്കരിച്ച ഭക്ഷ്യ വസ്തുക്കളായ ഗോതമ്പ്, പഞ്ചസാര, അരി, റെഡ്മീറ്റ്, പ്രോസസ്ഡ് മീറ്റ് മുതലായവ ഒഴിവാക്കുക. പകരം നുറുക്ക് ഗോതമ്പ്, മുഴുഗോതമ്പ് (whole wheat) ഓട്സ്, മത്സ്യം മുതലായവ ഭാരം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ആരോഗ്യത്തിനും നല്ലതാണ്. 

∙ പച്ചക്കറികൾ പച്ചയ്ക്ക്
ദിവസവും മൂന്നോ നാലോ ബൗൾ സാലഡ് കഴിക്കണം. ഇവയിൽ നാരുകൾ ധാരാളം ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കും. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വൈറ്റമിനുകളും ധാതുക്കളുമുണ്ട്. 

∙ പ്രോട്ടീൻ
PCOS ഉണ്ടെങ്കിൽ ഹോർമോൺ അസന്തുലനം മൂലം ശരീര ഭാരം കൂടും. വിശപ്പും കൂടുതലായിരിക്കും. പ്രോട്ടീൻ ധാരാളമുള്ള ഭക്ഷണം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. 

∙ നല്ല കൊഴുപ്പുകൾ
നട്സ്, മത്സ്യം, ഫ്ലാക്സ് സീഡ് ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അണ്ടിപ്പരിപ്പുകളും സീഡുകളും ആരോഗ്യകരമായ എണ്ണയുടെ ഉറവിടങ്ങളാണ്. ഇവയിൽ MUFA, PUFA ഫൈബർ ഇവയുമുണ്ട്. ഇത് ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കും. കൂടാതെ മൈക്രോമിനറലുകളായ സിങ്ക്, ഫോസ്ഫറസ്, മാംഗനീസ് മുതലായവയും ഇവയിലുണ്ട്. 

∙ വ്യായാമം
നന്നായി വ്യായാമം ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഒരാൾക്ക് ഹോർമോൺ ഇംബാലൻസ് വരുക അപൂർവമാണ്. വ്യായാമം, ഭാരം നിയന്ത്രിക്കാനും സ്ട്രെസ്സ് അകറ്റാനും ഉപാപചയം മെച്ചപ്പെടുത്താനും സഹായിക്കുന്നു. 

∙ ഉറക്കം 
ആറേഴു മണിക്കൂർ എങ്കിലും സുഖമായി ഉറങ്ങുക എന്നത് പ്രധാനമാണ്. വിശപ്പിനെയും ദാഹത്തെയും നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉറക്കക്കുറവ് ബാധിക്കും. ശരീരഭാരം കൂടുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും ഉറക്കമില്ലായ്മ കാരണമാകും.

നിങ്ങൾക്ക് പിസിഒഎസ് ഉണ്ടെങ്കിലും അതുമൂലം ശരീരഭാരം കൂടുന്നു എങ്കിലും ഓർക്കുക, നിങ്ങൾ ഒറ്റയ്ക്കല്ലെന്ന്. ഒരു ബാലൻസ്ഡ് ഡയറ്റ് ശീലിച്ചാൽ ഒരു പരിധിവരെ ശരീരഭാരവും കുടവയറും, കുറയ്ക്കാനാകും. PCOS ന്റെ ചികിത്സ തുടങ്ങുന്നതും ജീവിതരീതിയിൽ അതായത് ഭക്ഷണം, വ്യായാമം ഇവയെല്ലാത്തിലും വ്യത്യാസം വരുത്തിക്കൊണ്ടാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com