sections
MORE

ഇഴയേണ്ടി വരുമെന്നു വൈദ്യശാസ്ത്രം; ആ കുട്ടി എത്തിപ്പിടിച്ചതോ ഒളിംപിക്സ് നേട്ടങ്ങളും

glenn cunningham
ഗ്ലെന്നിന് പൊള്ളലേറ്റ സംഭവം 1917 ഫെബ്രുവരി 16ലെ പത്രത്തിൽ വന്നത് (ഇടത്), ഗ്ലെൻ (വലത്)
SHARE

കത്തിച്ചാമ്പലായാലും ചാരത്തിൽ നിന്ന് ഉയർത്തെഴുനേൽക്കുമെന്നാണ് ഫിനിക്സ് പക്ഷികളെക്കുറിച്ചുള്ള വിശ്വാസം. അത്തരത്തിൽ ചാരത്തിൽ നിന്ന് ഉയരങ്ങളിലേക്കു പറന്ന ഒരാളുണ്ട്. കാൻസാസിലെ പറവ, ഇരുമ്പുമനുഷ്യൻ‌,  ഇരുമ്പുകുതിര ഇങ്ങനെ വിശേഷണങ്ങൾ ഏറെയുള്ള ഗ്ലെൻ കണ്ണിങ്ഹാം. ലോകത്തിലെ ഏറ്റവും വേഗമേറിയ ഈ ദീർഘദൂര ഓട്ടക്കാരൻ അമേരിക്കയെ പ്രതിനിധീകരിച്ച് 2 തവണ ഒളിംപിക്സിൽ പങ്കെടുത്തിട്ടുണ്ട്. വേഗം കൊണ്ട് ലോകത്തിന്റെ നെറുകയിലേക്ക് ഓടിക്കയറിയ ഗ്ലെൻ, ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നും മരണത്തെ അതിജീവിച്ചാൽത്തന്നെ നടക്കാൻ കഴിയാതെ ഇഴയേണ്ടി വരുമെന്നും വൈദ്യശാസ്ത്രം വിധിയെഴുതിയ വ്യക്തിയാണ്. 

1917 ഫെബ്രുവരി, കാൻസാസിലെ സൺഫ്ലവർ സ്കൂൾ. തണുപ്പേറിയ കാലാവസ്ഥയെ സ്കൂൾ അതിജീവിക്കുന്നതു വലിയ നെരിപ്പോടിൽ തീകൂട്ടിയാണ്. അധ്യാപകരും വിദ്യാർഥികളും എത്തുന്നതിനു മുൻപു തീ കൂട്ടാനുള്ള ഉത്തരവാദിത്തം ഗ്ലെന്നിനും സഹോദരൻ ഫ്ലോയിഡിനുമാണ്. 8 വയസാണ് ഗ്ലെന്നിനന്ന്.12 വയസാണു സഹോദരന്. അന്നു പതിവിലും കൂടുതൽ തണുപ്പായിരുന്നു. തലേദിവസം മണ്ണെണ്ണ പാത്രത്തിനു പകരം ആരോ പെട്രോളാണ് നെരിപ്പോടിനു സമീപം വച്ചത്. ഇതറിയാതെ ഗ്ലെന്നും സഹോദരനും രണ്ടു സുഹൃത്തുക്കളും നെരിപ്പോടിൽ തീ കത്തിച്ചു. ആരുടെയോ കൈതട്ടി പെട്രോൾ പാത്രം തീയിലേക്കു മറിഞ്ഞു. സ്കൂളിലേക്ക് തീ പടർന്നു. വലിയ സ്ഫോടനമുണ്ടായി. അധ്യാപകരും വിദ്യാർഥികളും ഓടിയെത്തി. തീ പിടിച്ചതും ഗ്ലെന്നും സഹോദരനും കൂട്ടുകാരും പുറത്തേക്കോടി. തീയിൽ കുഴഞ്ഞുവീണ ഫ്ലോയിഡ് അവിടെവച്ചുതന്നെ മരിച്ചു. രണ്ടു കൂട്ടുകാർക്കു പരുക്കേറ്റു. ആളിക്കത്തുന്ന തീയുമായി വീട്ടിലേക്ക് ഓ‍ടിയ ഗ്ലെന്നിന്റെ അരയ്ക്കു കീഴേക്കു മാംസം വെന്തുരുകി. ബോധമറ്റ് അവൻ വഴിയിൽ വീണുപോയി. 

ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗ്ലെൻ മരിച്ചു പോകുമെന്ന് ഡോക്ടർമാർ വിധിയെഴുതി. അഥവാ മരിച്ചില്ലെങ്കിലും എഴുനേറ്റു നടക്കില്ല എന്നുറപ്പിച്ചു. മൂത്തമകൻ മരിച്ചു, ഇളയവനെയും മരണത്തിനു വിട്ടുകൊടുക്കാൻ മാതാപിതാക്കൾ ഒരുക്കമായിരുന്നില്ല. ദിവസങ്ങൾ ആശുപത്രിയിൽ കൊഴിഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഗ്ലെന്നിന് ബോധം തിരിച്ചു കിട്ടി. കാലുകളിലെ മാംസം വെന്തുരുകിപ്പോയിരുന്നു. കാലുകൾ മുറിച്ചു മാറ്റേണ്ടി വരുമെന്നു ഡോക്ടർമാർ പറഞ്ഞു. എല്ലാരെയും അതിശയിപ്പിക്കുന്ന ആത്മവിശ്വാസത്തോടെ ഗ്ലെൻ പറഞ്ഞു, എന്റെ കാൽ മുറിച്ചു മാറ്റണ്ട, ഞാൻ നടക്കും. 

രണ്ടു വർഷത്തോളം വീൽചെയറിൽ കഴിയേണ്ടി വന്നു ഗ്ലെന്നിന്. ആ കാലയളവിൽ വൈകുന്നേരങ്ങളിൽ ഗ്ലെന്നിനെ അമ്മ പൂന്തോട്ടത്തിൽ കൊണ്ടുപോകാറുണ്ടായിരുന്നു. ഒരു ദിവസം വീൽചെയറിൽ നിന്ന് ഗ്ലെൻ പൂന്തോട്ടത്തിലേക്ക്  ഇറങ്ങാൻ ശ്രമിച്ചു. പിടിവിട്ട് താഴെ വീണെങ്കിലും ഉറക്കെ അലറിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു. ഒരു വട്ടമല്ല പലവട്ടം. പക്ഷേ കാലുകൾ വഴങ്ങിയില്ല. ഓടിയെത്തിയ അമ്മ അവനെ കസേരയിലേക്ക് തിരികെ കയറ്റാൻ ശ്രമിച്ചു. എന്നാൽ പൂന്തോട്ടത്തിൽ കിടന്ന് ഗ്ലെൻ ഉരുണ്ടു. സ്വന്തം കാലുകളിൽ ശക്തമായി ഇടിച്ചു. അമ്മ അവനെ ആശ്വസിപ്പിച്ചു. പിന്നെ അവൻ ശിക്ഷിച്ച കാലുകളെ തലോടി.  

എല്ലാദിവസവും അവന്റെ കാലുകൾ അമ്മ മസാജ് ചെയ്തു കൊടുത്തു. പതുക്കെ കാലുകൾ മണ്ണിലുറപ്പിച്ച് ഗ്ലെന്നിന് എഴുന്നേറ്റു നിൽക്കാമെന്നായി. പിന്നെ പിച്ചവച്ചു തുടങ്ങി. 1919ൽ ഗ്ലെൻ നടന്നു തുടങ്ങി. പിന്നെ ഓടാനും. പിന്നീടങ്ങോട്ട് സ്കൂളിലേക്കും വീട്ടിലേക്കും ടൗണിലേക്കും അങ്ങനെ എല്ലായിടത്തേക്കും ഓടുന്ന ഗ്ലെന്നിനെയാണ് ലോകം കണ്ടത്. ആ ഓട്ടം പതുക്കെ ട്രാക്കുകളിലേക്കായി. സ്കൂളിൽ തന്നെക്കാൾ മുതിർന്ന ഹൈസ്കൂൾ വിദ്യാർഥികളോടു മത്സരിച്ചോടി വിജയിച്ചായിരുന്നു കായിക ലോകത്തേക്കുള്ള ചുവടുവയ്പ്പ്. ഓട്ടത്തിലെന്നപോലെ പഠനത്തിലും ഗ്ലെൻ സമർഥനായിരുന്നു. 

1932ലെ ഒളിംപിക്സിൽ 1500 മീറ്ററിൽ 4–ാം സ്ഥാനം നേടി.1933ൽ ഉയർന്ന മാർക്കോടെ ബിരുദം നേടി.  ആ വർഷം യൂറോപ്പിൽ നടന്ന 20 മത്സരങ്ങളിൽ ഗ്ലെൻ പങ്കെടുത്തു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ഇരുമ്പു മനുഷ്യൻ എന്ന പേരു സമ്മാനിച്ചു. അക്കൊല്ലമാണു സളിവൻ പുരസ്കാരം അദ്ദേഹത്തിനു ലഭിക്കുന്നത്. 1936ൽ ബിരുദാനന്തരബിരുദം നേടി. ആ വർഷം തന്നെ ബെർലിൻ ഒളിംപിക്സിൽ 1500 മീറ്ററിൽ വെള്ളി നേടി. 1940ൽ ഫിസിക്കൽ എജ്യുക്കേഷനിൽ പിഎച്ച്ഡി കരസ്ഥമാക്കി. 1988 മാർച്ച് 10ന് ഗ്ലെൻ ലോകത്തോടു വിട പറഞ്ഞു. 1909 ഓഗ്സ്റ്റ് 4ന് ഹെൻറി ക്ലിന്റൺ കണ്ണിങ്ഹാമിന്റെയും റോസ ആഗ്നസിന്റെയും മകനായി കാൻസാസിലെ എൽക്കാർട്ടയിലാണ് ഗ്ലെൻ കണ്ണിങ്ഹാം ജനിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA