ADVERTISEMENT

ഹൈസ്കൂൾ പ്രധാനാധ്യാപികയായി തൃശൂർ രാമവർമപുരം ജിവിഎച്ച്എസ് സ്കൂളിലേക്ക് എ.സി.സീന എത്തിയപ്പോൾ സകലരും ഞെട്ടി. ടീച്ചർക്കു നടക്കാൻ ശേഷിക്കുറവുണ്ടെന്നും എപ്പോഴും വീഴുമെന്നുമൊക്കെ എന്ന് എല്ലാവർക്കുമറിയാമായിരുന്നു. പക്ഷേ, ഇതു പ്രതീക്ഷിച്ചില്ല. കാറിന്റെ സീറ്റ് മടക്കി, അതിനു മുകളിൽ പലകയും കുഷ്യനുമൊക്കെ ഇട്ടു കിടക്കയാക്കിയിരിക്കുന്നു. അതിൽ കാലിൽ പ്ലാസ്റ്ററുമിട്ട് കിടന്നാണു പ്രധാനാധ്യാപികയുടെ വരവ്. ചുറ്റും നിന്നവരോടു ചിരിയോടെ സീന പറഞ്ഞു, ‘ പേടിക്കേണ്ട, വീണു മുട്ടുചിരട്ട പൊട്ടിയതാണ്. അത്രേ ഉള്ളൂ,’’. എന്നിട്ട് മനസ്സിൽ ഇങ്ങനെ കൂട്ടിച്ചേർത്തു, ഇതിലപ്പുറം വെല്ലുവിളികളെ നേരിട്ടല്ലേ ഇവിടെ വരെയെത്തിയത്. 

താൻ ചെന്നില്ലെങ്കിൽ ശമ്പളവിതരണവും പാഠപുസ്തകം നൽകലുമെല്ലാം മുടങ്ങുമെന്നോർത്തപ്പോൾ രണ്ടും കൽപിച്ചു സ്കൂളിലേക്കു പോകുകയായിരുന്നു സീന. ഒന്നരമാസം അങ്ങനെ ആ കാറിൽ കിടന്നു ടീച്ചർ സ്കൂൾ ഭരിച്ചു! ചെറുപ്പം മുതൽ ഒപ്പമുള്ള പേശിരോഗം സമ്മാനിച്ച ആ വീഴ്ചയിൽ നിന്നെഴുന്നേറ്റപ്പോഴാണ് ഇനി ഇലക്ട്രിക് വീൽചെയറിലാകാം സഞ്ചാരമെന്നു തീരുമാനിച്ചത്. ബാംഗ്ലൂർ ഡേയ്സിലെതു പോലെ ഇലക്ട്രിക് വീൽ ചെയർ വാങ്ങിയാൽ ആരുടെയും സഹായമില്ലാതെ അമ്മയ്ക്ക് എവിടെയും പോകാമല്ലോ എന്ന് പറഞ്ഞതു മകൻ സെബാസ്റ്റ്യൻ. 

∙ തളരാത്ത 50 വർഷങ്ങൾ 

തൃശൂർ ചിറ്റാട്ടുകര ആളൂർ വീട്ടിൽ എ.എ.ചാക്കുണ്ണിയുടെയും ലില്ലിയുടെയും ആറു മക്കളിൽ ഇളയതാണു സീന. നടക്കാൻ തുടങ്ങിയപ്പോൾ മുതൽ തുടർച്ചയായി വീഴുന്ന കുട്ടി. പേശികളുടെ ബലം കുറയുന്ന രോഗമാണെന്നും നടക്കാനുള്ള ശേഷി കുറഞ്ഞുവരുമെന്നും ഡോക്ടർമാർ. സങ്കടമൊതുക്കി മാതാപിതാക്കൾ സീനയ്ക്ക് എല്ലാ പ്രോൽസാഹനവും കൊടുത്തു. സ്കൂളിൽ പോയി മിടുക്കിയായി പഠിക്കാനും തുടങ്ങി. സന്തോഷമായി അങ്ങനെ പോകുമ്പോഴായിരുന്നു ആ വീഴ്ച. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കോരിച്ചൊരിയുന്ന മഴയത്തു വീട്ടിലേക്കു നടക്കുന്നതിനിടെ പെട്ടെന്നു വീണു പോയി.എഴുന്നേൽക്കാനാവതെ ചെളിവെള്ളത്തിൽ ഇഴഞ്ഞപ്പോൾ സഹായിച്ചത് സമീപത്തെ കടക്കാരൻ. 

പിന്നീടുള്ള ജീവിതം ഏറെ കരുതലോടെ. ഇരിക്കുമ്പോൾ,നിൽക്കുമ്പോൾ, നടക്കുമ്പോൾ എല്ലാം ശ്രദ്ധിക്കണം. ചെറുതായൊന്നു തട്ടിയാൽ പോലും വീഴും. എങ്കിലും പഠിക്കാനുറച്ചു. പത്താം ക്ലാസ് പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടെ അപ്രതീക്ഷിതമായി അമ്മയുടെ മരണം. ഒരോ ചുവടിലും താങ്ങായി അപ്പനുണ്ടെന്ന ആശ്വാസവും ഡിഗ്രി രണ്ടാം വർഷം അവസാനിച്ചു. അപ്പന്റെ മരണത്തിനു പിന്നാലെ രോഗത്തിന്റെ ആക്രമണം പിടിമുറുക്കിയപ്പോഴും സീന പിടിച്ചു നിന്നു. കാരണം, മരണകിടക്കയിൽ അപ്പനു വാക്കു കൊടുത്തിരുന്നു, ഹൈസ്കൂൾ അധ്യാപികയാകുമെന്ന്. 

∙ തോളിലേറ്റി കൂട്ടുകാർ 

ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജിൽ ബി.എസ്‌സി മാത്‌സ് പഠിക്കുമ്പോഴും പിന്നീടു കണ്ണൂരിലെ യൂണിവേഴ്സിറ്റി സെന്ററിൽ ബി എഡിനു ചേർന്നപ്പോഴും സഹായത്തിനെത്തിയ കൂട്ടുകാർ ഒട്ടേറെ. സഹതപിക്കാനോ പരിതപിക്കാനോ മെനക്കെടാതെ ഒപ്പം ചേർത്തു തമാശകൾ പങ്കുവച്ചവർ, വിനോദയാത്രയ്ക്കു വരെ തോളിലേറ്റി കൊണ്ടുപോയവർ. ആ കൂട്ടുകെട്ടു സമ്മാനിച്ച ധൈര്യമാണ് ഇന്നും മുന്നോട്ടു നയിക്കുന്നതെന്നു സീന. 

∙കൂട്ടായി ജോലി, കൂട്ടുകാരനും 

seena-family
ഭർത്താവ് ജേക്കബിനും മകൻ സെബാസ്റ്റ്യനുമൊപ്പം സീന

അധ്യാപികയായി ജോലിയിൽ പ്രവേശിച്ചപ്പോഴും വെല്ലുവിളിച്ചു രോഗം പലതവണയെത്തി. പക്ഷേ തോൽക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു സീന. അതിനിടെയാണ്, കൂട്ടുകാരി ത്രേസ്യാമ്മയുടെ സഹോദരൻ ജേക്കബ് വിവാഹാലോചനയുമായി വരുന്നത്. 

നടക്കാൻ പ്രയാസമുണ്ട്, വർഷങ്ങൾ കഴിയുന്തോറും അവസ്ഥ മോശമാകും എന്നെല്ലാം പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയപ്പോൾ ജേക്കബ് പറഞ്ഞു, ‘എന്നാലും എനിക്കിഷ്ടമാണ്’. താൻ ഏറെ ഭാഗ്യം ചെയ്തവളാണെന്ന് ആദ്യമായി തോന്നിയ നിമിഷമാണതെന്നു സീന. ഭാര്യയ്ക്കു സഹായമേകാൻ ജേക്കബ് ഗൾഫിലെ എസി മെക്കാനിക് ജോലി ഉപേക്ഷിച്ചു. 

അദ്ദേഹത്തിന്റെ കൈ പിടിച്ചു സീന സന്ദർശിക്കാത്ത സ്ഥലങ്ങളില്ല. അഹമ്മദാബാദ്, ഡൽഹി, ആഗ്ര അങ്ങനെ പലയിടത്തേക്കും യാത്രകൾ. സ്കൂളിൽ കൊണ്ടു വിടുന്നതും തിരികെ കൊണ്ടുപോകുന്നതും ജേക്കബാണ്. അമ്മയെക്കുറിച്ചു മകൻ സെബാസ്റ്റ്യനോടു ചോദിച്ചാൽ ഉത്തരം ചാടിവീഴും, ‘ഐ ആം പ്രൗഡ് ഓഫ് മൈ മദർ–’എന്റെ അമ്മ എന്റെ അഭിമാനമാണ്. 

∙ കുട്ടികൾക്കൊപ്പം 

18 വർഷം വിവിധ സ്കൂളുകളിൽ പഠിപ്പിച്ചപ്പോൾ സീന ഒന്നു മനസ്സിലുറപ്പിച്ചിരുന്നു– അസുഖത്തിന്റെ പേരിൽ ഒരു ക്ലാസും മുടക്കില്ല. കുട്ടികളുടെ പ്രിയപ്പെട്ട കണക്ക് ടീച്ചറായി അവർ പേരെടുത്തു. പത്താം ക്ലാസ് പരീക്ഷയടുക്കുമ്പോൾ സംശയങ്ങളുമായി എത്തുന്നവരെക്കൊണ്ടു വീടു നിറയും. ഒന്നു തട്ടിയാൽ ടീച്ചർ വീണുപോകുമെന്നറിയാവുന്നതിനാൽ ശ്രദ്ധയോടെയാണു കുട്ടികൾ വട്ടംകൂടുക. ഈ ശിഷ്യ സമ്പത്ത് തന്നെയാണ് ഏറ്റവും വിലേയറിയ സമ്മാനമെന്നും സീന. 

പള്ളിയിലും പ്രധാനാധ്യാപകരുടെ സംഗമത്തിലുമെല്ലാം വീൽചെയറിൽ ഓടിയെത്തുന്ന സീനയ്ക്കു മനസ്സു നിറയെ പ്രതീക്ഷകളും ജീവിതത്തോടുള്ള സ്നേഹവും. എന്താണു സന്തോഷ രഹസ്യമെന്നു ചോദിച്ചാൽ മറുപടി ഇങ്ങനെ,‘‘ ജീവിതമായാൽ പ്രതിസന്ധികൾ ഉറപ്പാണ്. തളർന്നു വീഴാൻ ആർക്കും സാധിക്കും. എന്നാൽ പതറാതെ മുന്നോട്ടു കുതിക്കാൻ, സ്വപ്നങ്ങളിലെത്തിച്ചേരാൻ സാധിക്കുന്നവരാണു യഥാർഥ വിജയികൾ എന്ന വിശ്വാസം.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com