ADVERTISEMENT

അമ്മക്കൈ വിട്ടു യാത്ര പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ആശങ്ക. കണ്ണീരോടെ അവൻ അമ്മയെ നോക്കി, ‘എന്നെ വിട്ടിട്ടു പോകയാണോ..’ , മോനു മനസ്സിലാകില്ലെങ്കിലും അമ്മ പറഞ്ഞു, രാജ്യത്തിന്റെ അഭിമാനമാകാനുള്ള യാത്രയാണിത്.  

അതെ, പാലക്കാട് തോലനൂർ പൂതമണ്ണിൽ ആർ. ഗോകുൽ 2019 ലോക സ്പെഷൽ ഒളിംപിക്സിലെ ഇന്ത്യൻ പ്രതീക്ഷയാണ്; അതറിയാനുള്ള വളർച്ച അവന്റെ ബുദ്ധിക്ക് ഇല്ലെങ്കിലും. 

100, 200 മീറ്ററിലും 4x100 റിലേയിലും മെഡലുമായി വരണം എന്ന് അമ്മ പറഞ്ഞപ്പോഴും അവനു സങ്കടമായിരുന്നു, അമ്മ ഒപ്പമില്ലാതെ യുള്ള യാത്രയായിരുന്നല്ലോ അത്. പക്ഷേ, അമ്മ ഭാഗ്യവതി സങ്കടപ്പെട്ടില്ല. 21 വയസ്സിലും ബാല്യത്തിൽ നിന്നു വളരാത്ത മകന്റെ മനസ്സിനെയോർത്തു കരയുന്നതിനെക്കാൾ, കഴിവുകളെയോർത്ത് അഭിമാനിക്കുകയാണെന്ന് അവർ പറയുന്നു. 

∙ തോറ്റോടിയ കുറവുകൾ

പാലക്കാട് കുത്തനൂരിലെ തേജസ് സ്പെഷൽ സ്കൂളാണു ഗോകുലിലെ സ്പോർട്സ് താരത്തെ കണ്ടെടുത്തത്. 16 വർഷം മുൻപ് ഇവിടെയെത്തി, തേജസ്സിനൊപ്പം വളർന്നതാണു ഗോകുൽ. ഒരിക്കൽ സ്കൂൾ മുറ്റത്തെത്തിയ നായയെ അവൻ പായിക്കുന്നതു കണ്ടപ്പോൾ ഓട്ടത്തിലെ മിടുക്ക് അധ്യാപകർ ശ്രദ്ധിച്ചു. അന്നു തുടങ്ങി അവനിലെ ഓട്ടക്കാരനെ പരിശീലിപ്പിക്കാൻ. 

സമീപത്തെ സ്കൂളുകളിലെ കായിക അധ്യാപകരുടെ സഹായത്തോടെ ആദ്യ പാഠങ്ങൾ. ഭിന്നശേഷി ദിനാചരണത്തിലെ ജില്ലാ കായിക മേളയായിരുന്നു ആദ്യ മത്സരം.  ട്രാക്കിലിറങ്ങിയതോടെ മാനസിക വെല്ലുവിളികളും ഓരോന്നായി തോറ്റോടി. 

സ്വന്തം കാര്യങ്ങൾ ചെയ്യാനും  ബാഗ് സൂക്ഷിക്കാനും മറ്റുള്ളവരോട് ഇടപഴകാനും ഗോകുൽ പഠിച്ചു. വാശികളും വികൃതികളും കുറഞ്ഞു. 

സ്പെഷൽ ഒളിംപിക്സ് പരിശീലനത്തിനായി 27നു ഡൽഹിയിൽ എത്തിയത് അമ്മയോ തേജസ്സിലെ അധ്യാപകരോ ഒപ്പമില്ലാതെ. അമ്മ കൂടെയില്ലല്ലോ എന്ന പരാതിയുണ്ടായിരുന്നു, പക്ഷേ, പെട്ടെന്നു തന്നെ സാഹചര്യങ്ങളോട് ഇണങ്ങി. 

പാലക്കാട് ഒളിംപിക് ക്ലബ് അംഗമായ ഗോകുലിന് ഇപ്പോൾ പരിശീലനം നൽകുന്നത് ക്ലബ് കോച്ച് സി. ഹരിദാസാണ്. 14നു യുഎഇയിൽ തുടങ്ങുന്ന ഒളിംപിക്സിൽ ഗോകുൽ മെഡൽ നേടുന്നതു കാത്തിരിക്കുകയാണ് വീടും തേജസ്സും.

∙  ഒപ്പം ഓടുന്ന പ്രതിസന്ധികൾ

100, 200 മീറ്ററിൽ സംസ്ഥാന, ദേശീയതല തല സ്വർണ നേട്ടങ്ങൾ, റിലേയിൽ വെള്ളി തുടങ്ങി കൈനിറയെ മെഡലുകളുണ്ട് ഗോകുലിന്. പ്രതിസന്ധികളെ തോൽപിച്ചു നേടിയ ആ മെഡലുകൾക്കു തിളക്കമേറെ. 

തോലനൂരിലെ 80 വർഷത്തിലധികം പഴക്കമുള്ള കൊച്ചു വീട്ടിലാണു താമസം. കാലിനു സ്വാധീനക്കുറവുള്ള അച്ഛൻ രാജൻ തയ്യൽ തൊഴിലാളി. മുൻപൊരു കടമുറിയുണ്ടായിരുന്നു. ഇപ്പോൾ വീട്ടിലിരുന്നാണു ജോലി.

ഭാഗ്യവതിയും ഗോകുലും മറ്റൊരുമകൻ രാഹുലുമടങ്ങിയ കുടുംബത്തിന് ഏക ആശ്രയം രാജന്റെ തയ്യൽ ജോലി മാത്രം. ഗോകുലിനു നല്ലൊരു വീടൊരുക്കാൻ സന്മനസ്സുള്ളവർ കൂടെയുണ്ടാകും എന്ന പ്രതീക്ഷയിലാണു നാട്.

∙ കയ്യടി തേജസ്സിന്

സംസ്ഥാനത്തു നിന്ന് 28 കുട്ടികൾ സ്പെഷൽ ഒളിംപിക്സിൽ പങ്കെടുക്കുമ്പോൾ കയ്യടിക്കേണ്ടതു തേജസ് പോലെയുള്ള വിവിധ സ്കൂളുകൾക്കു കൂടി. 

കുത്തനൂരിലെ രാജേഷ്, ശാന്തകുമാർ, ഉല്ലാസ് എന്നിവരാണു തേജസ്സിന്റെ സാരഥികൾ. 2003ൽ വാടകക്കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനം. സ്വന്തം കെട്ടിടത്തിലേക്കുള്ള വളർച്ചയിൽ സ്ഥലം നൽകി ചിന്മയ‌ മിഷനും കൈത്താങ്ങായി. 6 മുതൽ 40 വയസ്സുവരെയുള്ള 38 ‘കുട്ടികളാ’ണിപ്പോൾ ഇവിടെ. 

പലരും യൗവനത്തിൽ ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ. പക്ഷേ, ആ പാഠങ്ങളോരോന്നും അവരുടെ അമ്മമാർക്ക് എത്രയോ വലിയ നേട്ടങ്ങൾ!. 30 വയസ്സു കഴിഞ്ഞ സരള ആദ്യമായി തനിയെ ചായ ഇട്ടു നൽകിയപ്പോൾ, മനസ്സ് നിറഞ്ഞെന്ന് അവളുടെ അമ്മ. 

പ്രഭാത കൃത്യങ്ങൾ സ്വയം ചെയ്യാനും സ്വന്തം കാര്യങ്ങൾ നോക്കാനുമെല്ലാം മക്കൾ പഠിക്കുമ്പോൾ സ്വർണമെഡൽ കിട്ടിയ സന്തോഷം അച്ഛനമ്മമാർക്ക്.  

തേജസ്സിൽ ഗോകുലിനെ പോലെ ഒരുപാടുപേരുണ്ട്.. വൈകല്യങ്ങളെ ഓടിച്ചും ചിരിപ്പിച്ചും ചായ തിളപ്പിച്ചും തോൽപിക്കുന്നവർ. ജീവിതപാഠങ്ങളുമായി 4 അധ്യാപകരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com