sections
MORE

വൃക്കയെ ആരോഗ്യമുള്ളതാക്കാൻ എട്ട് മാർഗങ്ങൾ

kidney day
SHARE

വാരിയെല്ലിനു താഴെ നട്ടെല്ലിനിരുവശവുമായി സ്ഥിതി ചെയ്യുന്ന മുഷ്ടിയുടെ ആകൃതിയിലുള്ള അവയവമാണ് വൃക്കകൾ. വൃക്കകൾക്ക് നിരവധി ധർമങ്ങളുണ്ട്. ഏറ്റവും പ്രധാനം മലിനവസ്തുക്കളെയും അമിത ജലത്തെയും രക്തത്തിലെ മറ്റ് ധാന്യങ്ങളെയും അരിക്കുക എന്നതാണ്. ഈ മലിന വസ്തുക്കളെല്ലാം മൂത്രസഞ്ചിയിൽ  ശേഖരിക്കപ്പെടുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യും. 

ഇതു കൂടാതെ പിഎച്ച് നില നിയന്ത്രിക്കുക, പൊട്ടാസ്യത്തിന്റെയും ഉപ്പിന്റെയും അളവ് നിയന്ത്രിക്കുക, രക്തസമ്മർദവും അരുണ രക്താണുക്കളുടെ നിർമാണവും നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുക എന്നതും വൃക്കകളുടെ ജോലിയാണ്. 

വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും പ്രധാനമാണ്. വൃക്കയുടെ ആരോഗ്യം നിലനിർത്താനായി ചില മാർഗങ്ങൾ ഇതാ. 

1. വ്യായാമം പതിവാക്കാം – പതിവായ വ്യായാമം ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഗുരുതരമായ വൃക്കരോഗത്തിനുള്ള സാധ്യതയും കുറയ്ക്കും. രക്തസമ്മർദം കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യമേകാനും വ്യായാമം സഹായിക്കും. ഇതു രണ്ടും വൃക്കത്തകരാറ് തടയുന്നു. 

വ്യായാമം ചെയ്യണം എന്നു കരുതി ദീർഘദൂര നടത്തമോ ഒന്നും ചെയ്യണ്ട. നടത്തം, ഓട്ടം, സൈക്ലിങ് എന്തിനേറെ നൃത്തം ചെയ്യുന്നതുപോലും ആരോഗ്യത്തിനു നല്ലതാണ്. എപ്പോഴും ശരീരം ആക്ടീവ് ആയിരിക്കട്ടെ.

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

പ്രമേഹം ഉള്ളവരിൽ വൃക്കയ്ക്കു തകരാർ വരാം. ശരീരകോശങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിനെ ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ വൃക്കകൾക്ക്, അധിക ജോലി ചെയ്യേണ്ടി വരുന്നു. വളരെ കാലം കഴിയുമ്പോൾ ഇത് ജീവനുതന്നെ ആപത്തായേക്കാവുന്ന അവസ്ഥയിലെത്താം. എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചാൽ വൃക്ക തകരാറ് തടയാം. 

3. രക്തസമ്മർദം നിയന്ത്രിക്കാം

ഉയർന്ന രക്തസമ്മർദം വൃക്കത്തകരാറിനു കാരണമാകാം; രക്തസമ്മർദത്തോടൊപ്പം പ്രമേഹം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ ഇവ കൂടിയുണ്ടെങ്കിൽ പ്രത്യേകിച്ചും. 120/80 ആണ് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിന്റെ അളവ്. ജീവിതശൈലി, ഭക്ഷണം ഇവയിൽ മാറ്റം വരുത്തിയാൽ രക്തസമ്മർദം നിയന്ത്രിക്കാം. 140/90 ലും അധികമാണ് എങ്കിൽ നിങ്ങൾക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടെന്നു ചുരുക്കം.

4. ശരീരഭാരം നിയന്ത്രിക്കാം; ഭക്ഷണം ആരോഗ്യകരമാക്കാം

അമിതഭാരമോ പൊണ്ണത്തടിയോ ഉള്ളവർക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത് വൃക്കത്തകരാറിന് കാരണമാകാം. സോഡിയം കുറഞ്ഞ ഭക്ഷണം അതായത് കോളിഫ്ലവർ, മത്സ്യം, മുഴുധാന്യങ്ങൾ മുതലായവ കഴിക്കുക. പ്രോസസ് ചെയ്ത ഇറച്ചി ഒഴിവാക്കുക.   

5. ധാരാളം വെള്ളം കുടിക്കാം

ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം എന്നത് കേട്ടു മടുത്തതാകാം. എന്നാലും ശരീരത്തിലെ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. വൃക്കകളുടെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്.

വൃക്കയിൽ നിന്ന് സോഡിയവും ടോക്സിനുകളും നീക്കാൻ വെള്ളം സഹായിക്കും ഒപ്പം വൃക്കരോഗ സാധ്യതയും കുറയ്ക്കും. കുറഞ്ഞത് ഒന്നരമുതൽ രണ്ടു ലീറ്റർ വെള്ളം കുടിക്കുക. എത്ര വെള്ളം നിങ്ങൾക്ക് ആവശ്യമാണ് എന്നത് കാലാവസ്ഥ, വ്യായാമം, പൊതുവായ ആരോഗ്യം ഇവയെല്ലാം ആശ്രയിച്ചിരിക്കും. മൂത്രത്തിൽ കല്ല് (kidney stone) മുൻപ് വന്നവർ ഒരൽപ്പം കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. 

6. പുകവലി ഒഴിവാക്കാം

പുകവലി രക്തക്കുഴലുകളെ തകരാറിലാക്കും. ഇത് ശരീരത്തിലേക്കും വൃക്കകളിലേക്കുമുള്ള രക്തപ്രവാഹം സാവധാനത്തിലാക്കും. പുകവലി വൃക്കകളിൽ കാൻസർ വരാനുള്ള സാധ്യതയും കൂട്ടും. പുകവലി ഉപേക്ഷിച്ചാൽ രോഗസാധ്യ തയും കുറയും. 

7. വേദനസംഹാരികൾ പതിവാക്കിയാൽ 

വേദനസംഹാരികൾ പതിവായി കഴിക്കുന്നത് വൃക്കയെ തകരാറിലാക്കാം. കടുത്ത വേദന, തലവേദന, സന്ധിവാതം മുതലായവയ്ക്ക് ഇബുപ്രോഫെൻ, നാപ്രോക്സെൻ മുതലായ നോൺസ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ലമേറ്ററി ഡ്രഗ്സ് (NSAIDS) പതിവായി കഴിക്കരുത്. വൃക്കത്തകരാറിന് കാരണമാകും. 

8. വൃക്കയുടെ പ്രവർത്തനം പരിശോധിക്കാം

വൃക്കയുടെ പ്രവർത്തനം അറിയാൻ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്, പ്രത്യേകിച്ചും വ‌‍ൃക്കരോഗം വരാൻ സാധ്യത കൂടുതൽ ഉള്ള ആളാണെങ്കിൽ ഇവരെല്ലാം പതിവായി ടെസ്റ്റ് ചെയ്യണം. 

∙ 60 വയസ്സു കഴിഞ്ഞവർ

∙ജനനസമയത്ത് ശരീരഭാരം തീരെ കുറഞ്ഞവർ

∙ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർ, കുടുംബത്തിൽ ഹൃദ്രോഗികൾ ഉള്ളവർ

∙ഉയർന്ന രക്തസമ്മർദം ഉള്ളവർ

∙പൊണ്ണത്തടിയുള്ളവർ

∙വൃക്കത്തകരാറ് ഉണ്ടെന്ന് കരുതുന്നവർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA