ADVERTISEMENT

ചൂടുകാലമാണ്. മരങ്ങൾ ഇലപൊഴിക്കുന്നതു പോലെ നമ്മുടെ മുടി പൊഴിയുന്ന കാലവും. മുടികൊഴിച്ചിൽ എന്ന പ്രതിഭാസം ആരും തന്നെ ഉണ്ടാകില്ല. സ്ത്രീകളുടെ മാത്രമല്ല പുരുഷന്മാരുടെയും സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും പ്രധാന ഘടകമാണ് മുടി. അതുകൊണ്ടു തന്നെ മുടികൊഴിച്ചിൽ ഒരു വ്യക്തിക്ക് മാനസികപിരിമുറക്കം ഉണ്ടാകാനും ഇടയാക്കുന്നു. 

ഒരു മനുഷ്യന്റെ തലയിലെ ചർമത്തില് ശരാശരി ഒന്നു മുതൽ ഒന്നര ലക്ഷം വരെ മുടി ഉണ്ടാകും. അതായത് ഒരു ചതുരശ്ര സെന്റീമീറ്ററിൽ 118 മുതൽ 350 ഹെയർ ഫോളിക്കിൾസ് ഉണ്ടാകും. ഇതിൽ 85-90% മുടിയും വളരുന്ന അവസ്ഥയിൽ അഥവാ ആനജൻ (Anagen) ഘട്ടത്തിലായിരിക്കും. ഈ അവസ്ഥയുടെ ദൈർഘ്യം പല വർഷങ്ങൾ ആയിരിക്കും. മുടിയുടെ നീളം നിർണയിക്കുന്നത് ഈ ഘട്ടത്തിന്റെ കാലാവധിയാണ്. ഇതിനു ശേഷം മുടി കുറച്ചുകാലത്തേക്ക് ഒരു വിശ്രമാവസ്ഥയിലേക്കു കടക്കുകയും പിന്നീട് ടീലോജൻ (Telogen) ഘട്ടത്തിലേക്കുകടന്ന് കൊഴിയാൻ തുടങ്ങുകയും ചെയ്യുന്നു. ഈ മുടി കൊഴിഞ്ഞുപോയതിനു ശേഷം വീണ്ടും പുതിയ മുടി കിളിർക്കാൻ തുടങ്ങുന്നു. 

ഒരു സമയത്ത് 10-15% മുടി ടീലോജൻ ഘട്ടത്തിൽ ആയിരിക്കും. അതായത് 50-100 മുടി വരെ സാധാരണയായി ഒരു ദിവസം കൊഴിഞ്ഞു പോകം. ചില കാരണങ്ങൾ കൊണ്ട് ടീലോജൻ ഘട്ടത്തിലുള്ള മുടിയുടെ ശതമാനം കൂടാം. ഈ അവസ്ഥയ്ക്ക് ടീലോജൻ എഫ്ളുവിയം (telogen effluvium) എന്നു പറയുന്നു. അണുബാധകൾ, മാനസിക പിരിമുറക്കം, ശസ്ത്രക്രിയകൾ, ഭക്ഷണ രീതിയിലുള്ള വലിയ മാറ്റങ്ങൾ, തൈറോയിഡ് രോഗങ്ങൾ, ചില മരുന്നുകൾ, ശരീരത്തെ ബാധിക്കുന്ന ഗുരുതര രോഗങ്ങൾ, ഹോർമോൺ വ്യതിയാനം എന്നിവ ഇതിനു കാരണമാണ്.  ഗർഭാവസ്ഥയിൽ ഈസ്ട്രജൻ ഹോർമോൺ മുടിയെ ആനജൻ അവസ്ഥയിൽ നിലനിർത്തുന്നു. എന്നാൽ കുഞ്ഞിന്റെ ജനന ശേഷം ഹോർമാൺ അളവ് പെട്ടെന്ന് കുറയുകയും മുടിയെല്ലാം ടീലോജൻ അവസ്ഥയിലേയ്ക്ക് മാറിപ്പോവുകയും ചെയ്യും.  മേൽപ്പറഞ്ഞ കാരണങ്ങൾ ഉണ്ടായി ഒന്നു മുതൽ മൂന്നു മാസം വരെ കഴിഞ്ഞാകും മുടികൊഴിച്ചിൽ തുടങ്ങുക. ആറു മാസം കൊണ്ട് സാധാരണയായി ഈ മുടികൊഴിച്ചിൽ കുറയാറുണ്ട്. 

ചിലപ്പോൾ വളരുന്ന അവസ്ഥയിലുള്ളതും എണ്ണത്തിൽ കൂടുതലുമുള്ള മുടിയും പെട്ടന്ന് കൊഴിഞ്ഞു പോകാം. ഇതുകൊണ്ട് പെട്ടെന്ന് മുടിയുടെ എണ്ണത്തിൽ കുറവുണ്ടാകാം. ചില കാൻസർ മരുന്നുകൾ, ശാരീരിക രോഗങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന രോഗങ്ങൾ എന്നിവയാണ് ഇതിന് കാരണമാകുന്നത്. ഇത്തരം കേസുകളിൽ രണ്ടു മുതൽ മൂന്നു മാസത്തിനു ശേഷം മുടി തനിയെ കിളിർത്തു വരാൻ തുടങ്ങും. 

വട്ടത്തിൽ മുടി കൊഴിയുന്ന പ്രതിഭാസം കുട്ടികളിലും ചെറുപ്പക്കാരിലും കാണാറുണ്ട്. ശരീരത്തിന്റെ പ്രതിരോധശക്തി മുടിയുടെ കോശങ്ങളെ നശിപ്പിക്കുന്നു. തലയിൽ ഒന്നോ രണ്ടോ ഭാഗങ്ങളിൽ വട്ടത്തിൽ മുടികൊഴിച്ചിലായി തുടങ്ങി പിന്നീട് ഇതു വ്യാപിക്കുകയും തലയിലെ മുടി മുഴുവനായും കൊഴിഞ്ഞു പോകുകയും ചെയ്തേക്കാം. തൈറോയ്ഡ് രോഗങ്ങൾ, രക്തക്കുറവ് മുതലായവ ഇതോടൊപ്പം കാണാറുണ്ട്. ലേപനങ്ങൾ, ഗുളികകൾ, തൊലിപ്പുറമെയുള്ള കുത്തിവെയ്പു ചികിത്സ എന്നിവയാണ് ചികിൽസ. 

സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ വ്യതിയാനങ്ങൾ മൂലവും പാരമ്പര്യ ഘടകങ്ങൾ മൂലവും ഉണ്ടാകുന്ന മുടികൊഴിച്ചിൽ സാധാരണയിൽ കൂടുതൽ വർധിക്കുമ്പോൾ കഷണ്ടി എന്നു വിളിക്കുന്നു. ഈ തരത്തിലുള്ള മുടികൊഴിച്ചിൽ നേരത്തെ കണ്ടെത്തി ചികിൽസിച്ചാൽ ഒരു പരിധി വരെ തടയാൻ കഴിയും

കുട്ടികളിൽ പലപ്പോഴും കാണാറുള്ള മറ്റൊരു തരം മുടികൊഴിച്ചിലാണ് ട്രകോടില്ലോമാനിയ. ഇതിനു കാരണം മുടിയിൽ അമിതമായി വലിക്കുന്നതോ തിരുമ്മുന്നതോ ആണ്. പഠിക്കുമ്പോഴോ ടിവി കാണുമ്പോഴോ ഇത്തരക്കാർ ശ്രദ്ധിക്കാതെ തലയിലെ മുടിയിൽ തൊടുകയോ കൈവിരൽ കൊണ്ട് തഴുകുകയോ തുടർച്ചയായി ചെയ്യുന്നു. ഈ ശീലം വരാൻ കാരണം മാനസിക പിരിമുറക്കമാകാം. 

വാര്ധക്യമാകുന്തോറും മുടിയുടെ കോശങ്ങൾ ചെറുതാവുകയും മുടിയുടെ കട്ടി കുറയുകയും ചെയ്യും. ഇതിനു കാരണം ഹോർമോണ് വ്യതിയാനങ്ങളാണ്. സ്ത്രീകളിൽ ആർത്തവം നിലയ്ക്കുമ്പോൾ ഈസ്ട്രജൻ ഹോര്മോൺ കുറയുകയും മുടിയുടെ കട്ടി കുറയുകയും ചെയ്യും.

സ്ത്രീകളിലും പുരുഷന്മാരിലും ഹോർമോൺ വ്യതിയാനങ്ങൾ മൂലവും പാരമ്പര്യ ഘടകങ്ങൾ മൂലവും ഉണ്ടാകുന്ന മുടികൊഴിച്ചിൽ സാധാരണയിൽ കൂടുതൽ വർധിക്കുമ്പോൾ കഷണ്ടി എന്നു പറയപ്പെടുന്നു.  പുരുഷന്മാരിൽ നെറ്റിയുടെ രണ്ടുവശവും മുകളിലേയ്ക്ക് കയറുന്നതായും സ്ത്രീകളിൽ മുൻവശത്ത് നടുക്കായി മുടി കുറയുന്നതായും കാണപ്പെടുന്നു. പുരുഷന്മാരിൽ പിന്നീട് തലയുടെ പുറകിൽ മുടിയുടെ കട്ടി കുറയാൻ സാധ്യതയുണ്ട്.  ഈ തരത്തിലുള്ള മുടികൊഴിച്ചിൽ നേരത്തെ കണ്ടെത്തി  ചികിൽസിച്ചാൽ ഒരു പരിധി വരെ തടയാൻ കഴിയും. 

സ്വന്തം രക്തത്തിലെ കോശങ്ങളെ ഉദ്ദീപിപ്പിച്ച് അതുപയോഗിച്ച് മുടിയുടെ അടിസ്ഥാന കോശങ്ങളെ ശക്തിപ്പെടുത്തുകയാണ് പ്ലേറ്റ്‌ലെറ്റ് റിച്ച് പ്ലാസ്മ (PRP) ചികിത്സയിൽ ചെയ്യുന്നത്. Platelet കോശങ്ങളുടെ നാലു മുതല് അഞ്ചു മടങ്ങ് സാന്ദ്രത കൂട്ടി മുടി കൊഴിഞ്ഞ ഭാഗത്ത് കുത്തിവയ്ക്കുന്നു. ഇത് തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മാസത്തിൽ ഒരിക്കൽ ചെയ്യുന്ന ചികിത്സയുടെ ഫലം നാലു മുതൽ ആറു മാസം കഴിയുമ്പോൾ പ്രകടമാകാറുണ്ട്. ഇതിനോടൊപ്പം മുടിയുടെ വളർച്ചയ്ക്കാവശ്യമായ ലേപനങ്ങളും കൃത്യമായ അളവിൽ ഉള്ള വൈറ്റമിനും പോഷകാംശങ്ങളും ഉപയോഗിക്കുന്നത് നല്ലതാണ്.

മുടിയുടെ പരിചരണം എങ്ങനെ?

1. മുടി കഴുകുമ്പോൾ വളരെ മൃദുവായി ഷാംപൂ ഇട്ട് മസാജ് ചെയ്യുക

2. ഷാംപൂ ഉപയോഗച്ച ശേഷം മൈൽഡ് കണ്ടീഷനർ ഉപയോഗിക്കുന്നത് നല്ലതാണ്

3. മുഖത്ത് അമിതമായി എണ്ണമയമുള്ളവരും തലയിൽ താരൻ ഉള്ളവരും തലയിൽ എണ്ണ തേയ്ക്കുന്നത് കുറയ്ക്കേണ്ടതാണ്.

4. നീളമുള്ള മുടി ഉണക്കുമ്പോൾ തോർത്ത് ഉപയോഗിച്ച് കെട്ടിവെയ്ക്കുന്നതാണ് നല്ലത്. മുടി തിരുമ്മുന്നത് ഒഴിവാക്കുക

5. മുടി ഉണങ്ങിയതിനു ശേഷം അകലമുള്ള പല്ലുകൾ ഉള്ള ചീപ്പ് ഉപയോഗിച്ച് ചീകുക.

6. മുടി അധികം വലിച്ചു കെട്ടുന്നത് ഒഴിവാക്കുക

7. അമിത അളവിൽ ബലം ഉപയോഗിച്ച് മുടി ചീകുന്നത് നല്ലതല്ല.

8. മുടി കെട്ടു കൂടുന്നുണ്ടെങ്കിൽ കണ്ടീഷനർ ഉപയോഗിക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com