ADVERTISEMENT

അന്തരീക്ഷത്തിലെ ചൂട് കടുക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പ് ചൂടിൽ വെന്തുരുകുകയാണ് സ്ഥാനാർഥികളും. വോട്ടു തേടി പുലർച്ചെ മുതൽ രാത്രി വൈകുംവരെയുള്ള നെട്ടോട്ടത്തിന്റെ ക്ഷീണത്തിലാണ് എല്ലാ സ്ഥാനാർഥികളും. 3 മുന്നണികളും നട്ടുച്ചയ്ക്കുള്ള പ്രചാരണം നിർത്തി. പകരം വെയിൽ താണശേഷമാണ് യാത്രകൾ. വരുംദിവസങ്ങളിൽ ചൂട്  കനത്താൽ പ്രചാരണവുമായി എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്ക എല്ലാവർക്കുമുണ്ട്. വെയിലും ചൂടും പ്രചാരണത്തിൽ വരുത്തിയ മാറ്റങ്ങൾ ഇതാ ഇങ്ങനെ...

തരൂരിന്റെ സീക്രട്ട് ജ്യൂസ്, ജ്യൂസ്..  നെല്ലിക്കാ ജ്യൂസ്
ശശി തരൂരിന്റെ മുഖത്തു കാണാം തുടർച്ചയായി വെയിൽ കൊണ്ടതിന്റെ വാട്ടം. നല്ല പോലെ വെള്ളം കുടിക്കുക തന്നെയാണ് ചൂടിൽ നിന്നു രക്ഷപ്പെടാൻ  ചെയ്യുന്നത്. പിന്നെ നെല്ലിക്കാ ജ്യൂസ് കരുതിയിട്ടുണ്ട്. വൈറ്റമിൻ സി ആണ്. ഇടയ്ക്കിടെ അതു കഴിക്കും. നിർജലീകരണം തടയാൻ ബെസ്റ്റ് മരുന്നാണ്. പോകുന്നിടത്തൊക്കെ പ്രവർത്തകർ വെള്ളം നീട്ടുക ഇപ്പോൾ പതിവായിട്ടുണ്ട്. ചായയും കരിക്കും കഴിക്കും. വെയിൽ കാരണം പ്രചാരണ പരിപാടികൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. എത്ര വെയിലായാലും രണ്ടും കൽപ്പിച്ചങ്ങ് ഇറങ്ങും. ജനങ്ങളെ കാണുമ്പോൾ ചൂടിന്റെ കാര്യം തന്നെ മറക്കും. നമ്മൾ‌ കൂളാകും - തരൂർ പറഞ്ഞു.

ദിവാകരനെ കൂളാക്കാൻ കരിക്കും വെള്ളവും 
രാവിലെ 7നാണ് സി. ദിവാകരന്റെ പ്രചാരണം തുടങ്ങുക. വെയിൽ രൂക്ഷമായതു കാരണം ഉച്ചയ്ക്കു പകൽ 11 മുതൽ 3.30 വരെയുള്ള പ്രചാരണം പരിപാടികൾ ഒഴിവാക്കി. എന്നാൽ രാത്രി എത്ര വൈകിയാലും നിശ്ചയിച്ച പരിപാടികളിലെല്ലാം പങ്കെടുത്തിട്ടേ സഖാവ് വിശ്രമത്തിലേക്കു കടക്കൂ. ഇടയ്ക്കിടെ വെള്ളവും കരിക്കും കുടിച്ചാണ് ദാഹമകറ്റുന്നത്.

ഉറക്കം ഓഫിസിൽ; യോഗയുമായി കുമ്മനം
മിസോറമിൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയിൽ എസി കാറിൽ  യാത്ര ചെയ്തിരുന്ന കുമ്മനം രാജശേഖരൻ തലസ്ഥാനത്തെ തിളയ്ക്കുന്ന രാഷ്ട്രീയത്തിലേക്കാണു വന്നു വീണത്. അതിനാൽ പ്രചാരണത്തുടക്കം തന്നെ കുളത്തിൽ നിന്നാക്കി. കുളം വൃത്തിയാക്കി ഫീൽഡിലേക്ക് ഇറങ്ങിയ കുമ്മനത്തിന് ആശ്രയം വെള്ളം തന്നെ.  എത്ര ചൂടു വന്നാലും തന്റെ ശരീരം പിടിച്ചു നിൽക്കുമെന്നു കുമ്മനം പറയുന്നു. പ്രകൃതിയെ നേരിടാൻ പ്രകൃതി തന്നെ വഴി കണ്ടെത്തിയിട്ടുണ്ട്. രാവിലെ എഴുന്നേറ്റാൽ യോഗ. അതു കഴിഞ്ഞ് 7.30 പ്രചാരണ പരിപാടികൾ ആരംഭിക്കും. ഉച്ചഭക്ഷണം കഴിഞ്ഞാൽ ഒന്നര മണിക്കൂറാണ് വിശ്രമം. 

വാഹന പര്യടനം തുടങ്ങി; സമ്പത്തിന് ആശ്വാസം 
വാഹനത്തിൽ പര്യടനം ആരംഭിച്ചതിനാൽ ഒരൽപമെങ്കിലും തണൽ കിട്ടുന്നത് ആറ്റിങ്ങലിലെ എൽഡിഎഫ് സ്ഥാനാർഥി എ. സമ്പത്തിനാണ്. ആദ്യഘട്ട പ്രചാരണത്തിൽ നല്ലവണ്ണം വെയിലേറ്റു വാടി. ഇപ്പോൾ വാഹന പര്യടനം മണ്ഡലങ്ങളിൽ നിന്നു മണ്ഡലങ്ങളിലേക്കു നീങ്ങുകയാണ്.  ദാഹമകറ്റാനും ശരീരം തണുപ്പിക്കാനും വെള്ളം എപ്പോഴും വണ്ടിയിലുണ്ടാകും. രാവിലെ 8.30ന് പര്യടനം തുടങ്ങിയാൽ 1.30ന് അവസാനിപ്പിക്കും. ഭക്ഷണം കഴിഞ്ഞ് ചെറിയ വിശ്രമം. ചിലപ്പോൾ അതിനു പോലും സമയം കിട്ടാറില്ല. പര്യടനം പൂർത്തിയാക്കുമ്പോൾ രാത്രി 9.30 കഴിയും. പിന്നെ യോഗം. അതും കഴിഞ്ഞാണ് ഉറക്കം. 

വേനലിനെ വെട്ടാൻ വഴികളുമായി അടൂർ പ്രകാശ് 
ലേറ്റായെങ്കിലും ലേറ്റസ്റ്റായി വന്ന യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശ് ഒരു പുതിയ ഐഡിയ ഇന്നു മുതൽ അവതരിപ്പിക്കുകയാണ്. പ്രചാരണത്തിനെത്തുന്ന കേന്ദ്രങ്ങളിലെല്ലാം അഭ്യർഥനയ്ക്കൊപ്പം ഒരു നോട്ടിസ് കൂടി നൽകും. വേനലിനെ അതിജീവിക്കാം’ എന്ന തലക്കെട്ടോടെയുള്ള നോട്ടിസിൽ അതിരാവിലെ മുതൽ 11 വരെയും ഉച്ചയ്ക്കു ശേഷം 3.30 മുതൽ ശേഷവും മാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ പാടുള്ളൂവെന്ന് അണികളോട് നിർദേശിക്കുന്നു. രാവിലെ 6.30നാണ് അടൂർ പ്രകാശ് പ്രചാരണം തുടങ്ങുന്നത്. പ്രവർത്തകർ അതതു കേന്ദ്രങ്ങളിൽ നൽകുന്ന വെള്ളം കുടിച്ചാണ് പിടിച്ചു നിൽക്കുന്നത്. 

വെയിലിൽ വാടാത്ത ശോഭ
ഏറ്റവും ഒടുവിൽ കളത്തിലിറങ്ങിയതിന്റെ ക്ഷീണം തീർക്കാനായി വെയിൽ കാര്യമാക്കാതെയുള്ള ഓട്ടത്തിലാണ് ശോഭാ സുരേന്ദ്രൻ. നേരിട്ടിറങ്ങിയുള്ള പ്രചാരണം തുടങ്ങിയിട്ട് 6 ദിവസമായി. രാവിലെ 7ന് പ്രചാരണം ആരംഭിക്കും. വെയിലിനെ നേരിടാനും ദാഹമകറ്റാനും വെള്ളം മാത്രമാണ് ആശ്രയം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com