ADVERTISEMENT

മഴ തോരാതെ പെയ്ത ആ രാത്രി. ആശുപത്രിയുടെ കാഷ്വൽറ്റിക്കുമുന്നിൽ മറ്റൊരു മഴയായി ആ അച്ഛനും അമ്മയും നിന്നു. അച്ഛന്റെ ചുമലിൽ വാഴനാരുപോലെ പറ്റിക്കിടന്നു വിറയ്ക്കുന്ന മകൻ.  ഓടിയെത്തിയ ഡോക്ടറോട്, മഴയേക്കാൾ ഉച്ചത്തിൽ ആ അമ്മ അലച്ചുപെയ്തു; എന്റെ മോൻ രക്ഷപ്പെടുമോ ഡോക്ടറേ.....

സെറിബ്രൽ പാൾസി ബാധിതനായ  കുട്ടി.  അപസ്മാരത്തിൽ പിടയുന്ന  അവനെയുമെടുത്ത് ഓടിവന്നതാണ് അവർ. ഡോക്ടർ അവന്റെ കരം പിടിച്ചു. 5 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം ആ കൈകൾ വിട്ടിട്ടില്ല. കണ്ണുകൾ മാത്രം അനക്കുമായിരുന്ന അവൻ  ഇന്നു തല ചലിപ്പിക്കും, കേൾക്കും, പ്രതികരിക്കും. കൊല്ലത്തെ സ്കൂളിൽ സ്ക്രൈബിന്റെ സഹായത്തോടെ പത്താം ക്ലാസ് പരീക്ഷയെഴുതുകയും ചെയ്തു.

അന്ന്, വാർഡുകൾ മാത്രം അനുവദിക്കപ്പെട്ട ആശുപത്രിയിൽ ആ കണ്ണീർ രാത്രിയിൽ പ്രത്യേക മുറി തന്ന് തങ്ങളെ പാർപ്പിച്ച, മകനു വീൽച്ചെയർ ഒരുക്കിത്തന്ന, എല്ലാ മാസവും വീട്ടിലെത്തി മരുന്നുകൾ എഴുതിത്തരുന്ന, അവന്റെ ഓരോ ചലനത്തിലും ആഹ്ലാദിക്കുന്ന ഡോക്ടറാണ്  ആ അച്ഛന് ഇന്നും ഏറ്റവും പ്രിയപ്പെട്ടയാൾ. 

ആ ഡോക്ടറെ പരിചയപ്പെടാം; കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. യു.കെ. ശ്യാം (47). ചിറയിൻകീഴ് സ്വദേശിയായ ഡോക്ടർ ഇപ്പോൾ താമസിക്കുന്നത് ആശുപത്രിയോട് ഏറ്റവുമടുത്ത കടപ്പാക്കടയിലാണ്. ഇങ്ങനെ ഒന്നല്ല, ഒരുപാടു ജീവിതങ്ങൾക്കൊപ്പമാണ് ‍അദ്ദേഹത്തിന്റെ  യാത്ര. ആശുപത്രിയിൽനിന്നു മടങ്ങിയ രോഗികളെ ‍ഡോക്ടർ വീട്ടിലെത്തി കാണുന്നു,  തുടർചികിത്സ ഉറപ്പാക്കുന്നു.  ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടിയാണ് ഈ സൗജന്യസേവനം.  ഇന്ത്യയിലെ എല്ലാ ചെറിയ ആശുപത്രികളോടും ചേർന്നു കിടപ്പുരോഗികളെ ശുശ്രൂഷിക്കാൻ ഹോം കെയർ യൂണിറ്റുകൾ വരണം. അതിനായി സ്വയം മാതൃകയാവുകയാണു ഡോ. ശ്യാം.

വീണുപോയവരെ താങ്ങാൻ...

കിടപ്പിലായവരെ, മറവിരോഗം ബാധിച്ചവരെ, മസ്തിഷ്കരോഗ ബാധിതരായവരെ, ആന്തരികാവയവങ്ങൾക്കു  രോഗം ബാധിച്ചവരെ.....അങ്ങനെ എല്ലാവരെയും കരുതണം. ഡോക്ടറുടെ നേതൃത്വത്തിൽ അവരുടെ വീടുകളിൽപ്പോയി കാണണം, അവർക്കു ബലമേകണം,  വീട്ടിലൊരു  റാംപ് പണിതു നൽകണം, വീണുപോയത് ആ കുടുംബത്തിന്റെ നെടുംതൂണാണെങ്കിൽ  വീട്ടിൽ ആർക്കെങ്കിലും ഒരു ജോലി തരപ്പെടുത്തി നൽകണം..... ഇതൊന്നും അസാധ്യമല്ല. കാരണം, 2013 മുതൽ കൊല്ലം ആശ്രാമം ഇഎസ്ഐ ആശുപത്രിയിൽനിന്നു ഡോ. ശ്യാം ഇതെല്ലാം ചെയ്യുന്നുണ്ട്. 10 കിലോമീറ്ററിനകത്തെ രോഗികളെ  കാണാനായി ഡോക്ടർക്ക് അധികൃതർ ശനിയാഴ്ചത്തെ ഒപി ഒഴിവാക്കിക്കൊടുത്തിട്ടുമുണ്ട്. 

പൊള്ളുന്ന കാഴ്ചകൾ

ബെംഗളൂരുവിൽ നിംഹാൻസ്, കൊച്ചിയിൽ അമൃത, തിരുവനന്തപുരത്തു ശ്രീചിത്ര എന്നീ ആശുപത്രികളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് ഡോ.ശ്യാം. അന്നും പാലിയേറ്റിവ് യൂണിറ്റുകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു.  ഡോ. രാജഗോപാലാണ് ആ കാരുണ്യവഴിയിലേക്കു നയിച്ചത്. അന്നത്തെ, പൊള്ളിക്കുന്ന കാഴ്ചകളാണു ഡോ.ശ്യാമിന്റെ ജീവിതത്തിലും തീരുമാനങ്ങളെടുത്തത്. അദ്ദേഹത്തിന്റെ ആശുപത്രി മുറിയിൽ  ഇങ്ങനെ കാണാം; തുല്യനീതി, ശുപാർശ അരുത്.  

 ‘നദി കടന്നുപോകേണ്ട വീടുകളുണ്ട്. ചെറിയ വരുമാനത്തിൽ കഴിയുന്നവരുണ്ട്. അവിടെനിന്ന് ഒരു കിടപ്പുരോഗിയെ ആശുപത്രിയിൽ കൊണ്ടുവരികയെന്നു പറഞ്ഞാൽ വലിയ പ്രയാസമാണ്. ചിലപ്പോൾ ഒരാഴ്ചത്തെ വരുമാനം നിർധനകുടുംബത്തിന് ആ യാത്രയ്ക്കായി മാറ്റിവയ്ക്കേണ്ടിവരും. അതൊഴിവാക്കാനാണു ഞാൻ അവരുടെ വീടുകളിലേക്കു പോകുന്നത്’– ഡോ. ശ്യാം പറയുന്നു. ഫിസിയോതെറപ്പിസ്റ്റ്, കൗൺസലർ, ഒക്യുപേഷനൽ തെറപ്പിസ്റ്റ് എന്നിവരെയെല്ലാം കൂട്ടിയുളള ആ യാത്ര മിക്കവാറും ഡോക്ടറുടെ ചെറുകാറിൽ തന്നെയാണ്.  

നീറുന്ന ജീവിതങ്ങൾ

തൃശൂരിലെ 20 വയസ്സുകാരൻ. ചെറുപ്രായത്തിൽ മരത്തിൽനിന്നു വീണതാണ്. 5 വർഷമായി അവനൊരു ഡോക്ടറെ കണ്ടിട്ട്. ജോലിക്കുപോകുന്ന  അമ്മ വരുന്നതു വരെ ആ യുവാവ് അഴുക്കു പുരണ്ടു കട്ടിലിൽ കിടക്കും. അവനെ കാണാൻ ചെന്നപ്പോൾ ഡോ. ശ്യാം ചോദിച്ചു; എന്തെങ്കിലും വേണോ..? എനിക്കൊന്നു വെളിച്ചം കണ്ടാൽ മതി ഡോക്ടറേ....എന്നവൻ കരഞ്ഞു. പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ സഹായത്തോടെ  വീട്ടിലൊരു  റാംപ് പണിതുകൊടുക്കാൻ ഒട്ടും വൈകിയില്ല. ഒരു വീൽച്ചെയർ കൂടി തരപ്പെടുത്തി. പിന്നീട്,  ചെറിയ കടയിട്ട്,  ആ വരുമാനവുമായി അവൻ അമ്മയ്ക്കു തുണയായി. 

നോവിന്റെ പെൺജീവിതങ്ങൾ 

സ്ത്രീകളുടെ അവസ്ഥയാണേറെ ദയനീയം. ആദ്യം രോഗം വീഴ്ത്തും, പിന്നെ ഉറ്റവർ തളർത്തും.... ആശ്രാമത്ത് ഇഎസ്ഐ ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശോഭയുടെ (59) ജീവിതത്തിലും കണ്ണീരുരുകുന്നുണ്ട്.  ആശുപത്രിയിലെ നഴ്സിങ് ഓർഡർലിയായ അവരെ നട്ടെല്ലിലെ രോഗം ചക്രക്കസേരയിലേക് ഒതുക്കിയിട്ട് 18 വർഷം.  ഈയടുത്തു കട്ടിലിൽനിന്നു വീണതോടെ അവശയായി. ഡോ. ശ്യാം കയറിച്ചെല്ലുമ്പോൾ ശോഭ കാത്തിരിപ്പുണ്ട്.  അവരുടെ കണ്ണീർ തുടച്ചുകൊടുത്ത്,  കുശലം പറഞ്ഞ് , മരുന്നുകളെല്ലാമുണ്ട്  എന്നുറപ്പിച്ചു ഡോക്ടർ ഇറങ്ങി. ജനാലയ്ക്കപ്പുറത്തു ശോഭയുടെ നിറകണ്ണുകൾ ചിരിക്കുന്നതു കാണാം. ഏതു രോഗത്തിന്റെ ഇരുട്ടിലും ഇങ്ങനെയൊരു തിരി മതി, ഒരുപാടു ചിരികൾ പ്രകാശിക്കാൻ.

ഇതൊക്കെയാണു വേണ്ടത്

∙എല്ലാ സർക്കാർ ആശുപത്രികളിലും ജില്ലാ, താലൂക്ക് അടിസ്ഥാനത്തിൽ ന്യൂറോളജിസ്റ്റിനെ ഉറപ്പാക്കണം. 
∙കിടപ്പിലായിപ്പോയ, മസ്തിഷ്ക രോഗങ്ങളുള്ള കുഞ്ഞുങ്ങൾക്കായി ചൈൽഡ് സൈക്കോളജിസ്റ്റുകൾ വേണം. 
∙ചിലതരം രോഗങ്ങളുള്ളവർ  സാധാരണ ചക്രക്കസേരയിലിരുന്നാൽ ചുരുണ്ടുവീണുപോകും. അവർക്ക് അനുയോജ്യമായവ  നൽകാം. 
∙വീടുകളും പൊതുഇടങ്ങളും ഭിന്നശേഷി സൗഹൃദമാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com