ADVERTISEMENT

ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടുപോകുമായിരുന്ന ഒട്ടേറെപ്പേർക്ക് ആശ്വാസത്തിന്റെ തണൽമരമാണ് ഇന്നു ഷറീന പറവത്ത്. ജീവിതമുഖത്ത് ഇരുൾ പരന്ന്, ഇനിയെന്ത് എന്ന് നിൽക്കക്കള്ളിയില്ലാതെ ചോദിക്കുമ്പോൾ പ്രതീക്ഷയുടെ ആൾരൂപമായി ഷറീനയെത്തും. അവൾ നീട്ടിയ സാന്ത്വനത്തിന്റെ കൈകൾ തൊട്ട് എത്രയോ പേർ ജീവിതത്തിലേക്കു മടങ്ങി. 

മലപ്പുറം കോട്ടക്കൽ ചാപ്പനങ്ങാടി പറവത്ത് വീട്ടിൽ പരേതനായ കുഞ്ഞിപ്പോക്കറുടെയും ആസ്യയുടെയും മകളായ ഷറീന(33) സാന്ത്വനത്തിന്റെ പാതയിലെത്തുന്നതു നാട്ടിലെ സേവന പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ പ്രവർത്തകയാകുന്നതോടെയാണ്. വിവാഹമോചനം നേടി രണ്ടുമക്കളെയും കൂട്ടി വീട്ടിലേക്കെത്തിയപ്പോൾ സഹോദരങ്ങൾ തന്നെയാണ് ഷറീനയെ സാന്ത്വന പരിചരണരംഗത്തേക്കു പറഞ്ഞയയ്ക്കുന്നത്. വീട്ടിൽ വെറുതെയിരുന്നു തീർക്കാനുള്ളതല്ല ജീവിതമെന്ന് ഉമ്മ ആസ്യയും സഹോദരങ്ങളും പറഞ്ഞപ്പോൾ അവൾ പാലിയേറ്റീവ് പ്രവർത്തകയായി. 

  സാന്ത്വന പരിചരണ രംഗത്തെ അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങിയതോടെയാണ് സഹായത്തിന്റെ പുതിയൊരു വാതിൽ തുറന്നുവന്നത്. ഓരോ ദിവസവും കണ്ടുമുട്ടുന്ന, സാന്ത്വന ചികിത്സ ആവശ്യമുള്ളവരെക്കുറിച്ച്  ‘തീജ്വാല’ എന്ന പേജിൽ ഷറീന എഴുതും. അതു വായിക്കുന്നവർക്കു സ്വന്തം വീട്ടിലുള്ളവരുടെ അനുഭവം പോലെ തോന്നി. അങ്ങനെ പലരും ഷറീനയ്ക്ക് സഹായം വാഗ്ദാനം ചെയ്തു. വലിയ സഹായം വേണമെന്നു തോന്നുന്നവരെക്കുറിച്ച് ഫെയ്സ്ബുക്കിൽ വിഡിയോ ഇടാൻ തുടങ്ങിയതോടെയാണു ഗൾഫ് രാജ്യങ്ങളിൽ നിന്നു സഹായപ്രവാഹം തുടങ്ങിയത്. സംസാരശേഷിയില്ലാത്ത മകളെയും കൊണ്ടു കഷ്ടപ്പെടുന്ന ഒരു അമ്മയെക്കുറിച്ചായിരുന്നു ആദ്യ വിഡിയോ. കുറഞ്ഞദിവസങ്ങൾ കൊണ്ട് 2 ലക്ഷം രൂപ അക്കൗണ്ടിലെത്തി. ഫെയ്സ്ബുക് വിഡിയോ വഴി മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി ഇരുപതോളം പേർക്ക് സാമ്പത്തിക സഹായം എത്തിച്ചു. ഓരോ കുടുംബത്തിനും ആവശ്യമുള്ള തുക എത്രയെന്നു മനസ്സിലാക്കി, ആ തുകയാകുന്നതോടെ അവരുടെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യും. 

പഠനം, സ്വപ്ന സാക്ഷാത്ക്കാരം
‌പ്ലസ് ടു കഴിഞ്ഞ ഉടൻ തന്നെ വിവാഹിതയായതിനാൽ പഠനം നിലച്ചിരുന്നു. ഇപ്പോൾ ബികോം ബിരുദമെടുത്ത ശേഷം എംഎസ്ഡബ്ല്യു ചെയ്യുകയാണ്. ഫാഷൻ ഡിസൈനർ ആകുകയായിരുന്നു പഠനകാലത്തെ ആഗ്രഹം. ഫാഷൻ ഡിസൈനിങ് പഠിച്ചെന്നു മാത്രമല്ല ഫാഷൻ വസ്ത്രങ്ങൾക്കായി നാട്ടിൽ കട തുടങ്ങുകയും ചെയ്തു.  ഷറീന തന്നെ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങൾക്ക് ഓൺലൈനിൽ വിപണി ലഭിച്ചതോടെ വിദേശത്തേക്ക് കയറ്റി അയയ്ക്കാനും തുടങ്ങി. വസ്ത്രനിർമാണത്തിനായി പുതിയൊരു യൂണിറ്റും തുടങ്ങി. 

ബിസിനസ്സിലെ ലാഭത്തിൽ ചെറിയൊരു വിഹിതം  മാത്രമേ സ്വന്തം ആവശ്യങ്ങൾക്ക് എടുക്കുന്നുള്ളൂ. ബാക്കിയെല്ലാം സേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. സഹായം ആവശ്യപ്പെട്ട് ഒരു തവണ വിളിച്ചാൽ മതി, അടുത്ത ദിവസം അവരുടെ അടുത്ത് ഷറീനയെത്തിയിരിക്കും, ആത്മവിശ്വാസം പകരാനുള്ള മരുന്നുമായി. വിദ്യാർഥികളായ ഷാബിൽ, സേബ എന്നിവർ മക്കളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com