ADVERTISEMENT

പൊള്ളുന്ന ചൂടാണ് പുറത്ത്. പക്ഷേ, ചൂടാണെന്നു കരുതി വീട്ടിൽ കുത്തിയിരിക്കാൻ സാധിക്കുമോ ? പ്രത്യേകിച്ചും അവധിക്കാലം കൂടി തുടങ്ങിയതോടെ. ഉറക്കമൊഴിച്ചുള്ള പഠിപ്പിന്റെ ക്ഷീണവും പരീക്ഷയുടെ ടെൻഷനും അൽപമൊന്ന് ഇറക്കി വയ്ക്കാൻ ഒരു യാത്ര പോകുന്നത് നല്ലത് തന്നെയാണ്. പരീക്ഷ തീരുന്നതിനൊപ്പം തന്നെ പലരും യാത്രയ്ക്കുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. തൊലിപ്പുറമെയുള്ള ചികിൽസയിലും പരിചരണത്തിലും ചെറുതായി ശ്രദ്ധിച്ചാൽ ചൂടിനെ പേടിക്കാതെ തന്നെ അവധിക്കാലം ആഘോഷിക്കാം. 

ചൂടു കൂടുമ്പോൾ വിയർപ്പു ഗ്രന്ഥികളിൽ തടസ്സം വരാം. വിയർപ്പു പുറത്തേക്കു വരാതെ നിൽക്കുമ്പോൾ തൊലിപ്പുറത്ത് ചെറിയ കുരുക്കൾ രൂപപ്പെടും. ഇതിനെ പുഞ്ചച്ചൂട് എന്നാണ് പറയുന്നത്. വീട്ടിലെ പരിചരണം കൊണ്ടു തന്നെ ഇതു മാറ്റിയെടുക്കാം. തണുത്ത വെള്ളം തുണിയിൽ മുക്കി കുരുക്കൾ പൊങ്ങിയ ഭാഗത്ത് വയ്ക്കുക. അല്ലെങ്കിൽ തണുത്ത തൈര് തേച്ചു പിടിപ്പിച്ച് 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. എന്നിട്ടും ചൊറിച്ചിലും തടിപ്പും മാറുന്നില്ലെങ്കിൽ ഒരു ചർമരോഗ വിദഗ്ധനെ കാണുന്നതു തന്നെയാണ് നല്ലത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതും തണുത്ത വെള്ളത്തിൽ മാത്രം കുളിക്കുന്നതും കട്ടി കൂടിയ ക്രീമുകൾ ഒഴിവാക്കുന്നതും പുഞ്ചച്ചൂടിനെ പ്രതിരോധിക്കാൻ നല്ലതാണ്.

രോമകൂപങ്ങളിൽ അണുബാധ വരുമ്പോഴാണ് ഫോളിക്യുലിറ്റിസ് എന്ന അസുഖം വരുന്നത്. മുഖക്കുരു പോലെ തോന്നുന്ന കുരുക്കളാണ് ഉയരുക. ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. ജിംനേഷ്യത്തിൽ വർക്ക്ഔട്ട് ചെയ്യുന്നവരും വ്യായാമം ചെയ്യുന്നവരും അതു കഴിഞ്ഞാലുടൻ വിയർപ്പുള്ള വസ്ത്രം മാറ്റി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. ചൂടുവെള്ളത്തിൽ കുളിക്കുന്നതും ഒഴിവാക്കുക. കുരുക്കൾക്ക് വല്ലാത്ത വേദനയും പഴുപ്പും തോന്നുന്നുണ്ടെങ്കിൽ ചികിൽസ തേടണം. ആന്റിബയോട്ടിക്കുകളും ക്രീമുകളും ലഭ്യമാണ്.

ഈ സീസണിൽ സൂര്യരശ്മികൾ നേരിട്ട് ഏൽക്കുന്നത് ദോഷമാണ്. അലർജിയും ചർമത്തിൽ ചൊറിച്ചിലും ഉണ്ടാക്കും. കയ്യും കാലും മൂടുന്ന വേഷങ്ങൾ ധരിക്കുന്നതും നടക്കുമ്പോൾ കുട ചൂടുന്നതും സൺസ്ക്രീൻ ലോഷനുകൾ പുരട്ടുന്നതും നല്ലതാണ്. ബീച്ചിലോ മറ്റോ ഉല്ലസിക്കാൻ പോവുകയാണെങ്കിൽ സൺസ്ക്രീൻ പുരട്ടാൻ മറക്കേണ്ട. സൂര്യരശ്മികൾ ആഘാതം ഏൽപിക്കുന്ന ശരീരഭാഗങ്ങളിൽ തണുത്ത പാൽ, തൈര് എന്നിവ പുരട്ടാം. കുടിവെള്ളമാണ് ഏറ്റവും പ്രധാനം. ഇളനീരും പഴങ്ങളും കഴിക്കണം. ശരീരത്തിനു ചൂടു കൂടുമ്പോൾ കോള പോലുള്ള തണുത്ത പാനീയങ്ങൾ കുടിക്കാൻ പലർക്കും ആഗ്രഹം തോന്നും. എന്നാൽ ഇത് ശരീരത്തിന് ദോഷമേ ചെയ്യൂ. പച്ചവെള്ളം തന്നെയാണ് ഏറ്റവും നല്ലത്. 

ചൂടുകാലത്ത് മുഖക്കുരു ധാരാളമായി പൊന്തിയേക്കും. വിയർപ്പും ബാക്ടീരയും എണ്ണമയവും ചേർന്ന് രോമകൂപങ്ങൾ അടയ്ക്കുന്നതുകൊണ്ടാണിത്. കോട്ടൺ കൈലേസു കൊണ്ട് വിയർപ്പു അപ്പപ്പോ‍ൾ തുടച്ചു മാറ്റുകയാണ് ആദ്യം വേണ്ടത്. കാഠിന്യമില്ലാത്ത ക്രീമുകളും ലോഷനുകളും ഉപയോഗിക്കാം. ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നവർ വെള്ളത്തിൽ നിന്നു കയറിയാലുടൻ നല്ല വെള്ളത്തിലും കുളിക്കാൻ ശ്രദ്ധിക്കണം. അതിനു ശേഷം മോയിസ്ചറൈസറുകൾ പുരട്ടാം. തുട ഇടുക്ക്, കക്ഷം, കാൽപാദം എന്നിവിടങ്ങൾ പൂപ്പൽ ബാധ ഉണ്ടാകാനും സാധ്യതയുണ്ട്. 

വിയർപ്പു പറ്റിയ വസ്ത്രങ്ങൾ അധിക നേരം ധരിക്കരുത്. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഫാർമസികളിൽ ചെന്ന് തോന്നിയപടി മരുന്നു വാങ്ങി പുരട്ടരുത്. ചർമരോഗ വിദഗ്ധനെ കണ്ടു തന്നെ ചികിൽസ തേടണം. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കുകയും വേണം.

സൂര്യാഘാതത്തെക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപമേറ്റുളള താപ ശരീര ശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ  താപ ശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം

സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ഫാൻ, എ.സി. എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം. ഫലങ്ങളും സാലഡുകളും കഴിക്കുക. ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ  അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

രോമകൂപങ്ങളിൽ അണുബാധ വരുമ്പോഴാണ് ഫോളിക്യുലിറ്റിസ് എന്ന അസുഖം വരുന്നത്. മുഖക്കുരു പോലെ തോന്നുന്ന കുരുക്കളാണ് ഉയരുക. ചൊറിച്ചിലും വേദനയും അനുഭവപ്പെടാം. ജിംനേഷ്യത്തിൽ വർക്ക്ഔട്ട് ചെയ്യുന്നവരും വ്യായാമം ചെയ്യുന്നവരും അതു കഴിഞ്ഞാലുടൻ വിയർപ്പുള്ള വസ്ത്രം മാറ്റി അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. 

ഡോ.വിനീത വർഗീസ് പണിക്കർ
ഡെർമറ്റോളജി അസോഷ്യേറ്റ് പ്രഫസർ
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com