ADVERTISEMENT

സ്വന്തം ആരോഗ്യകാര്യത്തില്‍ അല്‍പം അലംഭാവമുള്ളവരാണ് അധികവും. മറ്റുള്ളവരുടെ ആരോഗ്യകാര്യങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും സ്വന്തം കാര്യം വരുമ്പോള്‍ ‘ഓ അതൊന്നും സാരമില്ലെന്നേ’ എന്ന രീതിയാണ് മിക്കവര്‍ക്കും. എന്നാല്‍ ആ ശീലം മാറ്റാന്‍ നേരമായിരിക്കുന്നു .ഇല്ലെങ്കില്‍ സ്വയം അനുഭവിക്കേണ്ടി വരുമെന്നോര്‍ക്കുക. എന്തൊക്കെയാണ് അത്തരം ചില ശീലങ്ങള്‍ എന്നറിയാം.

ആഹാരം - പ്രോസസ്സ് ചെയ്ത ആഹാരങ്ങളും മധുരം ധാരാളം അടങ്ങിയ പാനീയങ്ങളും സ്ഥിരമായി കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ അതാദ്യം നിര്‍ത്താം. സോഡ, മധുരം കൂടിയ അളവിലുള്ള ജ്യൂസുകള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കും. 118,000  ആളുകളില്‍ വര്‍ഷങ്ങളോളം നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനു പകരം ചെയ്യാന്‍ കഴിയുന്നത്‌. 

പുകവലി - പുകവലി ആരോഗ്യത്തിനു ഹാനീകരമാണ് എന്നറിയാം. എങ്കിലും ചിലര്‍ക്ക് അത് ഉപേക്ഷിക്കാന്‍ സാധിക്കുന്നില്ല. കാന്‍സര്‍ മാത്രമല്ല പുകവലിയുട ഫലം. സ്ട്രോക്ക്, ഹൃദയാഘാതം, ശ്വാസകോശരോഗങ്ങള്‍ എന്നിവയെല്ലാം പുകവലിയുടെ അനന്തരഫലമായി ഉണ്ടാകും.

ദീര്‍ഘനേരത്തെ ഇരുപ്പ് - ദീര്‍ഘനേരം ഒരേയിരുപ്പ് ഇരുന്നുള്ള ജോലി ആണോ ? എങ്കില്‍ സൂക്ഷിക്കണം. അത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനം. ഇരുന്നു കൊണ്ടു ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ ലഘുവ്യായാമങ്ങള്‍ ചെയ്യുന്നതു നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഗുണം ചെയ്യും.

അമിതഭാരം, കുറഞ്ഞ ഭാരം - ഇതു രണ്ടും പ്രശ്നമാണ്. ഓവര്‍ വെയ്റ്റ് ആയാല്‍ ഉണ്ടാകുന്ന രോഗങ്ങള്‍ പോലെതന്നെ അപകടകരമാണ് അണ്ടര്‍ വെയ്റ്റ് ആയാലും‍. 18.5 - 24.9 ബോഡി മാസ് ഇൻഡക്സ് ആണ് ഒരാളുടെ ആരോഗ്യകരമായ ഭാരം. ഇത് കൂടിയാലും കുറഞ്ഞാലും ആപത്താണ്. പോഷകാഹാരം ശീലമാക്കി ആരോഗ്യം സംരക്ഷിക്കുക. ജങ്ക് ഫുഡ്‌ ഒഴിവാക്കിയാല്‍ത്തന്നെ അമിതഭാരം ഉണ്ടാകുന്നത് തടയാം. 

മദ്യപാനം -  ഒന്നോ രണ്ടോ പെഗ് ഒരാഴ്ച കുടിക്കുന്നത് അത്ര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല എന്നാല്‍ അതില്‍ കൂടുതലായാലാണ്‌ ആപത്താകുന്നത്. എട്ടു പെഗ്ഗില്‍ കൂടുതല്‍ ഒരാഴ്ച സ്ത്രീകള്‍ കുടിച്ചാലും പതിനഞ്ചു പെഗ്ഗില്‍ കൂടുതല്‍ പുരുഷന്മാര്‍ കുടിച്ചാലും അത് അമിതമായാണ് കണക്കാക്കുന്നത്. കാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍, ഹൃദ്രോഗം എന്നിവയാണ് അമിതമദ്യപാനം മൂലം ഉണ്ടാകാവുന്ന വിപത്തുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com