sections
MORE

ഭാര്യയുടെ പാതിവ്രത്യം സംശയിക്കുന്ന ഭർത്താവ്; പ്രശ്നം ഗുരുതരമാകുമ്പോൾ

family problems
SHARE

എനിക്ക് ഉത്തരേന്ത്യയിലാണ് ജോലി. വിവാഹിതനായിട്ട് മൂന്നു വർഷമായി. ഭാര്യ അച്ഛനും അമ്മയ്ക്കുമൊപ്പം നാട്ടിൽ. നാലഞ്ചു മാസം മുൻപ് എന്റെ ഫോണിലേക്ക് അജ്ഞാതനായ ഒരാൾ വിളിച്ച് ‘ഭാര്യയെ സൂക്ഷിക്കണം, അവളുടെ പോക്കു ശരിയല്ല’ എന്നു പറഞ്ഞു. അതൊരു ഇന്റർനെറ്റ് കോൾ ആയിരുന്നു. പിന്നീടും എനിക്കു കോളുകൾ വന്നു. ഭാര്യയ്ക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്നും അവളുടെ അശ്ലീല ചിത്രങ്ങൾ തന്റെ കൈവശം ഉണ്ടെന്നും വ്യക്തമാക്കി. വിശ്വാസം വരുന്നില്ലെങ്കിൽ അതു കാണിക്കാമെന്നും പറഞ്ഞു. മാനസികമായി തകർന്ന ഞാൻ അവധിയെടുത്ത് നാട്ടിൽ ചെന്നു. നല്ല ടെൻഷൻ ഉണ്ടായിരുന്നതിനാൽ മദ്യപിച്ചാണു വീട്ടിലെത്തിയത്. അവളോടു കാര്യങ്ങൾ തുറന്നു ചോദിച്ചപ്പോൾ എല്ലാം നിഷേധിക്കുകയാണു ചെയ്തത്. ഈ സമയം കലി കയറി എന്തൊക്കെയോ അവളോടു പറഞ്ഞു. അവൾ പെട്ടെന്ന് മുറിയിൽ കയറി കൈ ഞരമ്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതെത്തുടർന്ന് അവളെ ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ടി വന്നു. ഇപ്പോൾ എല്ലാവരും എന്നെ ഒരു സംശയരോഗിയായിട്ടാണു കാണുന്നത്. ജോലി രാജിവയ്ക്കാനും വീട്ടുകാർ സമ്മതിക്കുന്നില്ല. സ്ത്രീധന പീഡനത്തിനു കേസ് കൊടുക്കും എന്നു പറഞ്ഞ് അവളുടെ സഹോദരൻ എന്നെ ഭീഷണിപ്പെടുത്തുകയാണ്. എനിക്കു സംശയ രോഗമാണോ?

പരിഹാരം: നിങ്ങളുടെ ഭാര്യയുടെ പാതിവ്രത്യത്തിൽ നിങ്ങളെക്കാൾ ഉത്കണ്ഠയുള്ള ഒരു അഭ്യുദയകാംക്ഷിയോ? നിങ്ങളെ വൈകാരികമായി ബ്ലാക്മെയിൽ ചെയ്ത് മറഞ്ഞിരുന്ന് അത് ആസ്വദിക്കുന്ന ആ വികൃത മനസ്സിന്റെ ഉടമയെ സൈബർ സെല്ലിന്റെ സഹായത്തോടെ നിയമത്തിനു മുൻപിൽ താങ്കൾക്കു കൊണ്ടു വരാമായിരുന്നു. നിങ്ങളോടു വിശ്വസ്തത പുലർത്തുന്ന ഭാര്യയ്ക്ക് അറിഞ്ഞോ അറിയാതെയോ താങ്കൾ ആഴത്തിൽ മുറിവേൽപ്പിച്ചു കഴിഞ്ഞു. അവളുടെ തീവ്രവേദന ഇനിയെങ്കിലും മനസ്സിലാക്കി അവൾക്കൊപ്പം നിൽക്കൂ ‘ആരെന്തു പറഞ്ഞാലും നിന്നെ എനിക്കു പൂർണ വിശ്വാസമാണ്. ഞാനുണ്ട് നിന്റെ കൂടെ, ധൈര്യമായിട്ടിരിക്കൂ’ എന്നു പറഞ്ഞു ചേർത്തു നിർത്തുന്ന ഭർത്താവാകണം താങ്കൾ. ഒരു കാര്യം കൂടി, ഗാർഹികപീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ നിയമപ്രശ്നങ്ങളും ഇതിനു പിന്നിൽ അടങ്ങിയിട്ടുണ്ടെ ന്ന വസ്തുത ഗൗരവത്തോടെ മനസ്സിലാക്കുമല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA