ADVERTISEMENT

മുലപ്പാൽ തികട്ടി വരുന്നതു കുറെയൊക്കെ സ്വാഭാവികമാണ്. ഇത് ഒരു ആരോഗ്യ പ്രശ്നമായി കാണേണ്ട. എന്നാൽ ധാരാളം പാൽ അന്നനാളത്തിലെത്തി പുറത്തേയ്ക്കു പോരുകയാണെങ്കിൽ പ്രശ്നങ്ങളുണ്ടാകാം. കുടിക്കുന്നതിലേറെ പാൽ പുറത്തേയ്ക്കു പോയാൽ കുഞ്ഞിനു ഭാരം വർധിക്കാത്ത അവസ്ഥ വരും. തികട്ടലിലൂടെ ആമാശയത്തിലെ ഹൈഡ്രോ ക്ലോറിക് ആസിഡ് അന്നനാളത്തിലേക്കെത്തിയാൽ അന്ന നാളത്തിനു കേടുപാടുകൾ സംഭവിക്കാം. കുഞ്ഞു കരയാനും ഉറക്കം നഷ്ടപ്പെടാനും ഇടയുണ്ട്. ഈ പാൽ ശ്വാസകോശ ത്തിലെത്തിയാലും അസ്വസ്ഥതകൾ പ്രകടിപ്പിക്കാം. ആവർ ത്തിച്ചുള്ള ചുമയും ശ്വാസം മുട്ടലും ഉണ്ടാകും. മേൽപ്പറഞ്ഞ രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഡോക്ടറെ കാണുക. 

കുളിപ്പിക്കുമ്പോൾ

ഉച്ചയോടു കൂടി ചെറുചൂടുവെള്ളത്തിൽ വേണം നവജാത ശിശുക്കളെ കുളിപ്പിക്കാൻ. മാസം തികഞ്ഞ കുഞ്ഞുങ്ങളെ എണ്ണതേച്ച് മസാജ് ചെയ്ത് 10–15 മിനിറ്റ് കിടത്തുന്നതു കൊണ്ടു കുഴപ്പമില്ല. കുഞ്ഞിനെ തണുപ്പടിപ്പിക്കരുത്. വേഗം കുളിപ്പിച്ചു തോർത്തി ഉടുപ്പുകൾ ധരിപ്പിക്കുക. തലയും കൂടി മൂടിവച്ചാൽ നല്ലത്. തണുപ്പുകാലത്ത് മൃദുവായ തുണി ചെറു ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ് തുടച്ചു വൃത്തിയാക്കാം. കുളിപ്പിക്കുമ്പോഴും തുടയ്ക്കുമ്പോഴും തല ഒടുവിൽ ചെയ്യുന്നതാണു നല്ലത്. തലയിൽ വെള്ളമൊഴിക്കുമ്പോൾ കുഞ്ഞിനെ കമഴ്ത്തിപ്പിടിക്കുക. കൈക്കുമ്പിളിൽ വെള്ളമെടുത്ത് കുറേശെ ഒഴിച്ചു തല കഴുകണം. കുളി കഴിഞ്ഞു തോർത്തുമ്പോൾ തല നല്ലവണ്ണം തോർത്തണം. ക്രീമോ പൗഡറോ ഇടുന്നതിനു കുഴപ്പമില്ല. പെൺകുട്ടികളുടെ ജനനേന്ദ്രിയ ഭാഗത്ത് പൗഡർ കുടഞ്ഞിടരുത്. പൊക്കിൾ തണ്ടിലോ പൊക്കിൾ തണ്ട് പൊഴിഞ്ഞതിനു ശേഷം പൊക്കിളിലോ വെള്ളമോ സോപ്പോ വീഴുന്നതു കൊണ്ടു കുഴപ്പമില്ല. 

ഫാനിന്റെ കാറ്റ് കൊള്ളിക്കൽ

ഫാൻ ഫുൾസ്പീഡിൽ ഇട്ടാൽ കുഞ്ഞിനു ശ്വാസം മുട്ടൽ ഉണ്ടാകാം. ചെറിയ സ്പീഡിൽ ടേബിൾ ഫാനാണ് നല്ലത്. ഫാൻ എപ്പോഴും പൊടിവിമുക്തമായിരിക്കണം. കറങ്ങാതിരിക്കുന്ന സമയത്ത് ഫാനിന്റെ ലീഫിൽ പറ്റുന്ന പൊടി ഫാൻ കറക്കുമ്പോൾ വായുവിൽ കലരാം. അലർജി ഉണ്ടെങ്കിൽ കുഞ്ഞിനു മൂക്കടപ്പ്, തുമ്മൽ, ചുമ, ശ്വാസം മുട്ടൽ തുടങ്ങിയവ ഉണ്ടാകാം. 

പൊക്കിൾ കൊടിയിൽ മരുന്നു പുരട്ടൽ 

രോഗാണുബാധ ഒഴിവാക്കാൻ ഡോക്ടറുടെ നിർദേശമുണ്ടെങ്കിൽ മാത്രം മരുന്നു പുരട്ടിയാൽ മതി. സാധാരണ ഗതിയിൽ കുഞ്ഞുണ്ടായി ഒരാഴ്ചയ്ക്കകം തന്നെ പൊക്കിൾത്തണ്ടു വേർപെടും. പരമാവധി 10 ദിവസം. പതിയെ അതു കരിയുകയും ചെയ്യും. പഴുപ്പ്, പഴുപ്പിന്റെ മണം, ചുവപ്പു നിറം തുടങ്ങിയവ ഒന്നുമില്ലെങ്കിൽ ഒരു മരുന്നിന്റെയും ആവശ്യമില്ല. രണ്ടാഴ്ച ആയിട്ടും പൊക്കിൾ കരിയുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കണം. 

പനിക്കു മരുന്നു നൽകുമ്പോൾ 

നവജാതർക്ക് പനി വന്നാൽ ഡോക്ടറെ കാണിച്ചു രോഗനിർണയം നടത്തി മാത്രം ചികിത്സിക്കുക. നമ്മള്‍ പനിക്കുള്ള മരുന്നു കൊടുത്താലും ഇല്ലെങ്കിലും കുറച്ചു സമയം കഴിയുമ്പോൾ പനി കുറയും. രോഗം ഉണ്ടെങ്കിൽ പനി വീണ്ടും വരാം. കുഞ്ഞിനെ മടിയിൽ എടുത്തു തല ഉയർത്തിപ്പിടിച്ച് ഫില്ലറുകൾ ഉപയോഗിച്ച് കുറേശ്ശെയായാണ് മരുന്നുകൾ കൊടുക്കേണ്ടത്. കൊടുത്തതു കഴിച്ച ശേഷം ബാക്കി കൊടുക്കുക. കരയുമ്പോൾ മരുന്നു കൊടുക്കരുത്. കൊടുക്കുന്നതിനു മുൻപ് മരുന്നു അതു തന്നെയാണോ ഡോസ് എത്ര തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. 

ശരീരത്തിൽ മഞ്ഞ നിറം

കുഞ്ഞുങ്ങളിൽ മഞ്ഞനിറം ഏറ്റവുമധികം കാണപ്പെടുന്നത് അമ്മയും കുഞ്ഞും തമ്മിലുള്ള രക്തം ചേരാതെ വരുമ്പോഴാണ്. ചിലരിൽ രോഗകാരണമല്ലാതെ തന്നെ മഞ്ഞനിറം വരാം. ഇതു ഒന്നു രണ്ടു ആഴ്ച കൊണ്ടു മാറാറുണ്ട്. അതിൽ കൂടുതൽ നീണ്ടാൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം. മുൻ പൊക്കെ ഇങ്ങനെയുള്ള അവസരങ്ങളിൽ കുഞ്ഞിനെ ഇള വെയിൽ കൊള്ളിക്കാൻ പറയുമായിരുന്നു. ഇപ്പോൾ  അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ മഞ്ഞനിറം മാറിക്കൊള്ളും. 

വൃത്തിയാക്കൽ

മലമൂത്ര വിസർജ്ജനത്തിനു ശേഷമുള്ള വൃത്തിയാക്കൽ വളരെ പ്രധാനമാണ്. പ്രത്യേകിച്ചും പെൺകുഞ്ഞുങ്ങളിൽ. തുടയ്ക്കുന്നതിനു ചെറുചൂടുവെള്ളത്തിൽ കഴുകി ഉണക്കിയ മൃദുവായ തുണി വേണം ഉപയോഗിക്കുവാൻ. പെൺകുട്ടികളെ മലം പോയ ശേഷം കഴുകുമ്പോൾ വെള്ളം മുന്നിൽ നിന്നു പിന്നോട്ടേ ഒഴിക്കാവൂ. മൂത്രമൊഴിച്ചു കഴിയുമ്പോൾ വെള്ളം വെറുതെ പിറകോട്ട് ഒഴിച്ചു വിട്ടാൽ മതി. മലമൂത്ര വിസർജ്ജ നം ഒരു മിച്ചു നടത്തിയാൽ ആദ്യം മുൻഭാഗവും തുടര്‍ന്ന് പിൻഭാഗവും വൃത്തിയാക്കുക. മലം കഴുകി മാറ്റിയ ശേഷം സോപ്പുപയോഗിച്ചു കഴുകണം. 

ഡയപ്പർ ഉപയോഗം

പഴയ തുണി ഉപയോഗിച്ച് തയാറാക്കിയ നാപ്കിനുകൾ തന്നെയാണ് നവജാതശിശുക്കളുടെ ശരീരത്തിനു  സുഖകരം. അലർജി ഉണ്ടാകില്ല. നനയുന്നതു കാണുമ്പോള്‍ നമ്മൾ മാറ്റു കയും ചെയ്യുന്നു. വീട്ടില്‍, പ്രത്യേകിച്ച് പകല്‍ സമയങ്ങളില്‍ പഴയ  കോട്ടൺ തുണികൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. രാത്രിയിൽ ഡിസ്പോസിബിൾ ഡയപ്പർ ഉപയോഗിക്കാം. കൂടുതൽ വെള്ളം പിടിക്കാൻ ശേഷിയുള്ള, കുഞ്ഞിന്റെ ത്വക്കിനുനനവു വരാൻ സാധ്യതയില്ലാത്തവ വേണം ഉപയോഗിക്കാൻ. ഏറ്റവും താമസിച്ചു ധരിപ്പിക്കുകയും കഴിവതും നേരത്തെ അഴിച്ചു മാറ്റുകയും ചെയ്യണം. ഡയപ്പർ ധരിക്കുന്നിടത്ത് തൊലി ചുവക്കുക, തടിക്കുക തുടങ്ങിയവ സംഭവിച്ചാൽ അവ ഒഴിവാക്കാനുള്ള ക്രീമുകൾ കിട്ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com