ചെവിയിൽ പ്രാണി കടന്നാൽ? ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

ear_cleaning
SHARE

ചെവിയിൽ വെള്ളം പോയാൽ അതു തനിയെ തിരികെ വരും. അല്ലെങ്കിൽ ചെവിക്കായവുമായി കൂടി ചേർന്നു കൊള്ളും. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ മാത്രം ഡോക്ടറെ കാണിച്ച് പ്രത്യേക മെഷീന്റെ സഹായത്താൽ പുറത്തേക്ക് വലിച്ചെടുക്കണം. ഒരു കാരണവശാലും ചെവിക്കകത്തേക്ക് വെള്ളം ചീറ്റിക്കരുത്. 

ചെവിയിൽ പ്രാണി കടന്നാൽ

പ്രാണിയെ കൊല്ലുന്നതിനാണ് പ്രഥമ പരിഗണന നൽകേണ്ടത്. അല്ലാത്തപക്ഷം അവ കർണപടത്തിലോ മറ്റു ഭാഗങ്ങളിലോ കടിച്ചു പ്രശ്നമുണ്ടാക്കാം. ചെവിക്കുള്ളിൽ കയറിയ പ്രാണിയെ നശിപ്പിക്കാനായി കട്ടികൂടിയ ഉപ്പു ലായനി സാധാരണ വെള്ളത്തിൽ തയാറാക്കി വേണം ഉപയോഗിക്കാൻ. ചൂടാക്കിയ എണ്ണ ഒരു കാരണവശാലും ചെവിക്കുള്ളിൽ ഒഴിക്കാൻ പാടില്ല. പ്രാണിയെ കൊല്ലാൻ കഴിഞ്ഞാൽ സൗകര്യം പോലെ അടുത്ത ദിവസം ഡോക്ടറെ സമീപിച്ച് പ്രാണിയെ പുറത്തെടുക്കാം. 

ചെവിക്കുള്ളിൽ മുറിവ്

ചെവിക്കുള്ളിൽ മുറിവുണ്ടായാൽ അതിനു സാധാരണഗതിയിൽ ചികിത്സയൊന്നും വേണ്ട. തനിയെ ഉണങ്ങി കൊള്ളും. ഇത്തരം സാഹചര്യങ്ങളിൽ ചെവിക്കുള്ളിൽ വെള്ളം ഒഴിക്കുകയോ മൂക്കു ചീറ്റുകയോ ചെയ്യരുത്. 

ചെവി വൃത്തിയാക്കണോ?

ചെവി സ്വയം വൃത്തിയാക്കുന്ന ഒരു അവയവമാണ്. ചെവിക്കായം കൂടുന്തോറും അതു തനിയെ പുറത്തേക്കുവന്നു കൊള്ളും. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാൽ തന്നെ ഡോക്ടറുടെ സഹായം തേടുക. 

തണുത്ത കാറ്റ് അടിച്ചാൽ 

ചെവിക്കുള്ളിലേക്ക് കാറ്റ് അടിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും തണുത്ത കാറ്റ് നല്ലതല്ല. കാരണം, ഏറെ സമയം ഇത്തരത്തിൽ തണുത്ത കാറ്റ് ചെവിയിൽ നിറഞ്ഞാല്‍ ചെവിക്കുള്ളിലെ താപനില വ്യത്യാസപ്പെടുകയും തന്മൂലം ചെവിക്കുള്ളിലെ ദ്രാവകം വിപരീതദിശയിലേക്ക് ഒഴുകും. ഇതു നല്ലതല്ല. 

കർണപടം പൊട്ടിയാൽ  

പല കാരണങ്ങള്‍ കൊണ്ടും കർണപടത്തിൽ പൊട്ടലുകൾ ഉണ്ടാകാം. സാധാരണഗതിയിൽ ഏതാനും ആഴ്ചകൾ കൊണ്ട് തന്നെ ഇത് സ്വയം സുഖപ്പെടുന്നതാണ്. കർണപടം പൊട്ടിയിട്ടുണ്ടെങ്കിൽ ഒരു കാരണവശാലും ചെവിക്കുള്ളിൽ വെള്ളം പോകരുത്. മുങ്ങിക്കുളി ഒഴിവാക്കുക. കുളിക്കുന്ന അവസരത്തിൽ ചെവി പഞ്ഞി ഉപയോഗിച്ച് അടച്ച് വെള്ളം ചെവിക്കുള്ളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പു വരുത്തണം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA