ADVERTISEMENT

പാർക്കിൻസൺസ്: ഇന്നാണ് ആ ജന്മദിനം

ജയിംസ് പാർക്കിൻസൺസ് (1755–1824) എന്ന ഇംഗ്ലീഷ് ഭിഷഗ്വരന്റെ ജന്മദിനമായ ഏപ്രിൽ 11 ന്റെ ഓർമയിലാണ് പാർക്കിൻസൺസ് മാസാചരണം നടത്തുന്നത്. ശരീരത്തിലെ ചലനാത്മകതയെ ബാധിക്കുന്ന ഒരു നാഡീക്ഷയരോഗമാണിത്. സാധാരണയായി 60 വയസ്സിനു മുകളിൽ ഉള്ളവർക്ക് കണ്ടു വരുന്ന ഈ രോഗം 35–50 വയസ്സിനിടയിലും കണ്ടു വരുന്നുണ്ട്. ശൈശവ പാർക്കിൻസൺസ് രോഗവും കണ്ടു വരുന്നു. ചലനശേഷിക്ക് നിയന്ത്രണമില്ലായ്മയായി തുടങ്ങി അവസാനം തീർത്തും ചലനശേഷി നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്കു പോകുന്ന രോഗമാണിത്. അതിനാൽ രോഗനിർണയവും ചികിത്സയും വേഗത്തിൽ നടക്കണം. 

പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളും രോഗത്തിന്റെ അനുബന്ധമായി കണ്ടുവരുന്നുണ്ട്. 

മറ്റു കാരണങ്ങൾ : 

  • രക്തബന്ധമുള്ളവരിൽ രോഗമുണ്ടായിരിക്കുക.
  • ഡിഡിടി കീടനാശിനികളുടെയും മാംഗനീസ്, സയനൈഡ് എന്നീ ലോഹങ്ങളുടേയും സമ്പർക്കം

ലക്ഷണങ്ങൾ:

  • ശരീരഭാഗങ്ങൾക്ക് വിറയൽ
  • മാംസപേശികളുടെ നിയന്ത്രണമില്ലായ്മ
  • പേശികൾക്കു മുറുക്കം
  • ചലനശേഷിക്കുറവ് 
  • ബലക്കുറവ്
  • സംസാരിക്കുമ്പോഴുള്ള വിറയൽ 
  • എഴുതുന്നതിനുള്ള പ്രയാസം

ദിനചര്യയിൽ ശ്രദ്ധിക്കേണ്ടവ

എന്നും രാവിലെ കൃത്യസമയത്ത് എഴുന്നേൽക്കുക (സൂര്യോദ യത്തിന് മുമ്പ്). മലമൂത്രവിസർജനം വൈകിക്കാതിരിക്കുക. ദിവസവും കുളി ശീലമാക്കുക. വ്യായാമം, പ്രാർത്ഥന, യോഗ ഇവ ശീലമാക്കുക. രാത്രി സ്വസ്ഥമായി ഉറങ്ങുക. പകൽ ഉറക്കം ഒഴിവാക്കുകയും വേണം. 

ഭക്ഷണക്രമം

നാരുകൾ ഉള്ളതും എളുപ്പം ദഹിക്കുന്നതും പോഷകമ്പുഷ്ട വുമായ ഭക്ഷണമാണ് ഈ രോഗികൾക്ക് അനുയോജ്യം. നാഡീ പേശി പുഷ്ടികരങ്ങളായ നെയ്യ്, ശുദ്ധജലം, ചെറു പയർ, മോര്, തേൻ, ബ്രഹ്മി, മുത്തിൾ, പാൽ, വെണ്ണ, ചെന്നെല്ലരി, നവരയരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടു ത്തുക.

വിറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നതിനാൽ കൊഴുപ്പ് കുറഞ്ഞ പാൽ, മുട്ട, മിതമായ മാംസാഹാരം എന്നിവ ശീലി ക്കേണ്ടതാണ്. 

ആന്റി ഓക്സിഡന്റ്സ് ധാരാളമുള്ള ഫലങ്ങളായ പേരയ്ക്ക, നെല്ലിക്ക, പപ്പായ, മാതളം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടു ത്തേണ്ടതാണ്. 

ആഹാരം കഴിക്കാതിരിക്കുക, ആഹാരം ദഹിക്കാതെ വീണ്ടും കഴിക്കുക, അസമയത്ത് ആഹാരം കഴിക്കുക എന്നിവ ഒഴിവാക്കുക.

മദ്യപാനം, മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കുക. 

പാർക്കിൻസൺസ് ദിനം: പ്രാണശക്തി പദ്ധതിയുമായി ആയുർവേദ ആശുപത്രി

പാർക്കിൻസൺസ് മാസാചരണത്തോടനുബന്ധിച്ച് രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് മിഷനും സംയുക്തമായി മെഡിക്കൽ ക്യാംപും ബോധവൽക്കരണ ക്ലാസും നടത്തി. 

parkisence-t
പാർക്കിൻസൺസ് ദിനത്തോടനുബന്ധിച്ചു ജില്ലാ ആയുര്‍വേദ ആശുപത്രിയിൽ നടത്തിയ പ്രാണശക്തി പദ്ധതി ബോധവല്‍കരണത്തിൽ നിന്ന്

മോട്ടോർ ന്യൂറോൺ ഡിസീസ്, പാർക്കിൻസൺസ് രോഗം ഹൻഡിങ്ടൺസ് രോഗം, അറ്റാക്സിയ എന്നീ നാഡിക്ഷയ ജന്യ രോഗികൾക്കായി ആയുഷ് മിഷൻ നടപ്പാക്കുന്ന പ്രാണ ശക്തി പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. എം.ജി. ശ്യാമള ഉദ്ഘാടനം ചെയ്തു. ഡോ. കെ.വി.പി. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഫ്രാങ്കോ ജയിംസ്, ഡോ. നേത്രദാസ്, ഡോ. മേരി സെബാസ്റ്റ്യൻ, ഡോ. അജയ് പോൾ, ഡോ. ജെസി പി. മാത്യു, വിനോദ് എന്നിവർ പ്രസംഗിച്ചു. മാസാചരണത്തിന്റെ ഭാഗമായി വില്ലടം, കൊടകര, പുത്തൻചിറ എന്നിവിടങ്ങളിൽ ബോധവൽക്കരണ പരിപാടികളും നടത്തി. 

പ്രാണശക്തി പദ്ധതിയുടെ ഭാഗമായി സൗജന്യ വിദഗ്ധ രോഗ പരിശോധന, ചികിത്സ, മരുന്നുകൾ എന്നിവ രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com