sections
MORE

മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തെ പിന്നോട്ടു പായിച്ച്, ഇവർ നടത്തി, സ്വപ്നയാത്ര

muscular-dystrophy
വിഷ്ണുവിനെ ബൈക്കിൽ എടുത്തിരുത്തിയപ്പോൾ, വീണ ബന്ധുക്കൾക്കൊപ്പം ബീച്ചിൽ
SHARE

രാത്രികാഴ്ചകളിലൂടെയൊരു യാത്ര പോകണം, തീരമണയുന്ന തിരകളിൽ കാൽ നനച്ച് സായാഹ്നസൂര്യനെ അടുത്തൊന്നു കാണണം....എത്ര ചെറിയ ആഗ്രഹങ്ങൾ എന്നു പറയാം. പക്ഷേ കൊടുങ്ങല്ലൂർ ആനാപ്പുഴ സ്വദേശിനി വീണ വേണുഗോപാലിന് അതായിരുന്നു ഏറ്റവും വലിയ ആഗ്രഹം, ഏറ്റവും പ്രയാസമേറിയതും. ചക്രക്കസേര ഉരുളുന്ന വഴികളിൽ മാത്രം ഒതുങ്ങിയിരുന്നു അവളുടെ ജീവിതം. മാളുകളിൽ മാത്രം അവസാനിച്ചിരുന്ന  ഹ്രസ്വയാത്രകൾ. അവിടെനിന്ന് ഒരു ദീർഘയാത്ര ആർക്കും ചിന്തിക്കാൻ പറ്റുമായിരുന്നില്ല. പക്ഷേ,  വീണ പിൻമാറിയില്ല. അച്ഛൻ വേണുഗോപാലും അമ്മ സജീവനിയും വാശിക്കു വഴങ്ങി.  

അമ്മയ്ക്കും ബന്ധുക്കൾക്കുമൊപ്പം അവളിറങ്ങി. വർക്കല ബീച്ചിലേക്കായിരുന്നു ആ യാത്ര. അവളാഗ്രഹിച്ചതുപോലെ രാത്രിയാത്ര തന്നെ. സുഹൃത്തുക്കളുടെ വീടുകളിൽ തങ്ങി മൂന്നുദിവസത്തെ യാത്ര. 

മസ്കുലർ ഡിസ്ട്രോഫി ബാധിതനായ, യുവജനക്ഷേമ ബോർഡിന്റെ യൂത്ത് ഐക്കൺ ജേതാവ് കൃഷ്ണകുമാറിന്റെ കൊല്ലത്തെ വീട് അവർക്ക് ആതിഥ്യമേകി. നഗരമാകെ ചുറ്റിക്കറങ്ങി. സിനിമ കണ്ട്, ഹോട്ടലിൽക്കയറി ഭക്ഷണം കഴിച്ച്, തട്ടുകടയിൽനിന്നു ചായ കഴിച്ച് ഒടുവിൽ വർക്കല ബീച്ചിലേക്ക്.... പക്ഷേ, മണൽ പുതഞ്ഞ വഴികളിൽ വീൽച്ചെയർ പിണങ്ങി. ഒപ്പമുണ്ടായിരുന്നവരെല്ലാം ചേർന്ന് വീൽച്ചെയറോടെ എടുത്തുകൊണ്ടുപോയാണു തിരകളിൽവച്ചത്. ‘നിങ്ങൾ പൊയ്ക്കോ, ഞാനിവിടെ ഇരുന്നുകൊള്ളാം.....’ എന്ന് ആഹ്ലാദത്തിരയിലായി വീണ. കൺമുന്നിൽ സാന്ധ്യശോഭ.... ആ കാഴ്ച അവൾക്കിപ്പോഴും ധൈര്യം നൽകുന്നു, മുന്നോട്ടുള്ള യാത്രയ്ക്ക്. 

വിഷ്ണുദാസിനു പറയാൻ...
ഒരു യാത്ര പോകണം, അതായിരുന്നു തൃശൂരിൽ തിരൂർ തടപ്പറമ്പ് സ്വദേശിയായ വിഷ്ണുദാസിന്റെ സ്വപ്നം. അതിനായി ഒരുക്കങ്ങളൊരുപാടു നടത്തി. വീട്ടിൽനിന്ന് ഇറങ്ങുമ്പോഴേ വിഷ്ണുദാസിന്റെ അർധസഹോദരങ്ങളും സുഹൃത്തും അടങ്ങുന്ന സംഘം ഒരു തീരുമാനമെടുത്തു; വീൽച്ചെയർ എത്തുന്നിടത്തെല്ലാം പോകണം. പുറപ്പെട്ടതു കാറിലാണ്. പുലർച്ചെ നെല്ലിയാമ്പതിയിലെത്തി. മഞ്ഞുതിരുന്നു, കണ്ണും മനസ്സും നിറഞ്ഞു. സൂയിസൈഡ് പോയിന്റിലേക്ക് എത്തണമെന്ന് ആഗ്രഹിച്ചെങ്കിലും കല്ലുനിറഞ്ഞ വഴി വീൽച്ചെയറിനെ പിടിച്ചുനിർത്തി. 

വഴിയിൽ പാർക്ക് ചെയ്ത ബൈക്ക് കണ്ടപ്പോൾ വിഷ്ണുവിന് ഒരാഗ്രഹം. അതിലൊന്നു കയറണം. കൂട്ടുകാർ എടുത്തിരുത്തി. അങ്ങനെ  നെല്ലിയാമ്പതിയുടെ സൗന്ദര്യത്തിനൊപ്പം ഒരു ക്ലിക്ക്.  പിന്നീട്, മലമ്പുഴയിലേക്ക്. 

എട്ടുമാസം മുൻപ് ചെന്നൈയിലെ സന്നദ്ധ സംഘടന ഇലക്ട്രിക് വീൽച്ചെയർ തരുംവരെ വീടിന്റെ നാലു ചുവരായിരുന്നു ലോകം. ഇപ്പോൾ ധൈര്യമായി; പേശികളെ ഉലച്ചുകളയുന്ന രോഗത്തെ തോൽപ്പിച്ചിറങ്ങാൻ, ഉറ്റവർക്കൊപ്പം യാത്രകളിലേക്കു പറക്കാൻ.

പേശികളെ ഉലച്ച്...
ജനിതകരോഗമായ മസ്കുലർ ഡിസ്ട്രോഫി ശരീരത്തിന്റെ ഏതു പേശികളെയും ബാധിക്കാം. പേശികൾ ക്രമേണ ക്ഷയിക്കുകയോ  ബലം കുറഞ്ഞുവരുകയോ ചെയ്യുന്നതാണിത്. നടന്നുകൊണ്ടിരിക്കുന്നയാളെ പതിയെ വീൽച്ചെയറിലേക്ക് ഒതുക്കുന്ന രോഗം. ഏതു പ്രായത്തിലും പിടിപെടാം. സ്വഭാവത്തിൽ ജനിതകമുള്ളതുകൊണ്ട് പിന്നാലെത്തന്നെ കാണും. എപ്പോൾ വേണമെങ്കിലും പേശികളിലേക്കു കയറിവരാം.

നടക്കാൻ പ്രയാസം തോന്നുക, ഇടയ്ക്കിടെ വീഴുക എന്നിവയാണ് ആദ്യലക്ഷണങ്ങൾ. പിന്നീടു വിവിധ പേശികളിലേക്കു ബാധിക്കും. ഹൃദയം, ശ്വാസകോശം തുടങ്ങിയ ആന്തരിക അവയവങ്ങളെ ബാധിക്കാം. ആൾ വളരുന്തോറും രോഗവും ഒപ്പം വളരും. പരസഹായമില്ലാതെ ഒന്നിനും അനുവദിക്കാത്ത രോഗം.

കരുത്തായി ‘മൈൻഡ്’
നാളെ ഏതു പേശി ക്ഷയിക്കുമെന്നറിയാതെ, പുലരികളെ ഭീതിയോടെ നോക്കുന്നവർ. അവരുടെ മനസ്സ് ഒരിക്കലും ക്ഷയിക്കാൻ പാടില്ല. അതിനാണ് അവരുടെ സ്വന്തം സംഘടനയായ മൈൻഡിന്റെ  (മൊബിലിറ്റി ഇൻ ഡിസ്ട്രോഫി) ശ്രമം. കെ.കെ. കൃഷ്ണകുമാറാണു പ്രസിഡന്റ്.  400 ലേറെ പേരടങ്ങുന്ന കൂട്ടായ്മയിലെ അംഗങ്ങൾ മിക്കവരും ബാല്യത്തിലേ രോഗം ബാധിച്ചവരാണ്.  പക്ഷേ, ചിരിച്ചുകൊണ്ട് പ്രതിസന്ധികളെ നേരിടാൻ  അവർക്കിന്നറിയാം. എങ്കിലും അവർ ചിലതുകൂടി ആഗ്രഹിക്കുന്നുണ്ട്; തടസ്സങ്ങളില്ലാതെ വീൽച്ചെയറിൽ സഞ്ചരിക്കാൻ. അതിനു പൊതു ഇടങ്ങൾ നിർമിക്കുമ്പോൾ ഇവരെയും ഓർക്കാം. 2 വർഷത്തിനുള്ളിൽ കേരളത്തിലെ എല്ലാ വിനോദകേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കു തടസ്സങ്ങളില്ലാതെ യാത്ര ചെയ്യാമെന്ന പ്രഖ്യാപനത്തിലേക്ക് അവർ പ്രതീക്ഷയോടെ നോക്കുന്നു. 

മൈൻഡിനെ പരിചയപ്പെടാം: 9980013978, 9747724455.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA