sections
MORE

പ്രാതല്‍ വേണ്ടെന്നു വയ്ക്കാറുണ്ടോ; എന്നാല്‍ ഇതൊക്കെ പിന്നാലെയുണ്ട്

breakfast
SHARE

തിരക്കുള്ള ദിവസങ്ങളില്‍ രാവിലെയുള്ള ഓട്ടത്തിനിടയില്‍ പ്രാതല്‍ വേണ്ടെന്നു വയ്ക്കുന്നവരാണ് നമ്മളില്‍ പലരും. പ്രാതല്‍ ഒഴിവാക്കിയാൽ ഭാരം കുറയുമെന്ന് കരുതുന്നവരുമുണ്ട്. ഇതില്‍പ്പരം ഒരു വിഡ്ഢിത്തം വേറെയില്ല എന്ന കാര്യം ഓര്‍ക്കുക. കാരണം പ്രാതല്‍ ഒഴിവാക്കിയാല്‍ നഷ്ടമാകുക ഒരുദിവസത്തെ  ആരോഗ്യമാണ്.

പ്രാതല്‍ ഒഴിവാക്കുകയും അത്താഴം ഏറെ വൈകി കഴിക്കുകയും ചെയ്യുന്നത് ഒരാള്‍ സ്വന്തം ആരോഗ്യത്തോടു ചെയ്യുന്ന കടുത്ത അനീതി തന്നെയാണ്. ഇത് ആയുര്‍ദൈര്‍ഘ്യം വരെ കുറയ്ക്കുന്നുണ്ട്. കൂടാതെ ഹൃദ്രോഗസാധ്യത ഇവര്‍ക്ക് കൂടുതലുമായിരിക്കും. 113  ആളുകളില്‍ നടത്തിയൊരു പഠനത്തിലാണ് ഇതിനെ കുറിച്ച് ഗവേഷകര്‍ പറയുന്നത്. ഇവരില്‍ കൂടുതലും പുരുഷന്മാരായിരുന്നു. ഇവരില്‍ മിക്കവര്‍ക്കും ഹൃദയവാല്‍വുകളില്‍ ബ്ലോക്ക്‌ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 53% ആളുകളും പ്രാതല്‍ ഒഴിവാക്കുന്നവരായിരുന്നു, 51 % പേര്‍ വൈകി അത്താഴം കഴിക്കുന്നവരും. 

ഭാരം കൂട്ടും
ഒരു ദിവസം ആരംഭിക്കുമ്പോള്‍ ആദ്യം കഴിക്കുന്ന ആഹാരമാണ് പ്രാതൽ. അത് പോഷകസമ്പന്നമായിരിക്കണം. ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം ഇതിലൂടെ ലഭിക്കും. രാവിലത്തെ ആഹാരം ശരിയായില്ലെങ്കില്‍ അത് ദിവസം മുഴുവന്‍ ക്ഷീണവും കൂടുതല്‍ ആഹാരം കഴിക്കാന്‍ വിശപ്പും ഉണ്ടാക്കുക സ്വാഭാവികം. ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ ഉച്ചയ്ക്ക് ആഹാരം കഴിക്കുന്ന ഒരാള്‍ 250 കാലറി അധികം കഴിക്കും എന്നാണ് ഇംപീരിയല്‍ കോളജ് ലണ്ടനില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നത്. അതായതു ഭാരം കുറയുകയല്ല മറിച്ച് കൂടുകയാണ് ചെയ്യുക എന്ന് സാരം.

പ്രമേഹം
പ്രാതല്‍ ഒഴിവാക്കിയാൽ അത് ശരീരത്തിലെ ഗ്ലുക്കോസ് നില കൂട്ടും. ടൈപ്പ് രണ്ട് ഡയബറ്റിസ് പോലെയുള്ള ജീവിതശൈലീരോഗങ്ങള്‍ പിടികൂടാന്‍ ഇത് കാരണമാകും.. 

കാന്‍സര്‍
കേട്ടിട്ട് ഞെട്ടേണ്ട. പ്രാതല്‍ സ്ഥിരമായി ഒഴിവാക്കിയുള്ള ജീവിതചര്യകള്‍ ക്രമേണ ഭാരം വര്‍ധിപ്പിക്കും. അമിതവണ്ണം പലപ്പോഴും ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം. തൈറോയ്ഡ് കാന്‍സര്‍ ആണ് ഇതില്‍ ഏറ്റവും വില്ലന്‍. ടെക്സസ് സര്‍വകലാശാലയില്‍ നടത്തിയ ഒരു പഠനത്തില്‍ അമിതവണ്ണം പുരുഷന്‍മാരില്‍ തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. കിഡ്നി, വന്‍കുടല്‍, അന്നനാളകാന്‍സര്‍ എന്നിവയും അമിതവണ്ണം മൂലം ഉണ്ടായേക്കാവുന്ന രോഗങ്ങളാണ്.

മുടി കൊഴിച്ചില്‍
ഹെയര്‍ ഫോളിക്കിളുകള്‍ക്ക് വേണ്ട പോഷകം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് പ്രാതലിലൂടെയാണ്. അതുകൊണ്ട് പ്രാതല്‍ സ്ഥിരമായി ഒഴിവാക്കിയാല്‍ അത് മുടി കൊഴിച്ചിലിന് കാരണമാകും. കരാറ്റിന്‍ അളവ് ശരീരത്തില്‍ കുറയുന്നതാണ് ഇതിനു കാരണം. പ്രോട്ടീന്‍ ധാരാളമുള്ള ആഹാരം അതിനാല്‍ പ്രാതലില്‍ കഴിക്കുക.

പ്രാതല്‍ കഴിക്കാതെ ഉള്ള ഒരു ദിവസത്തെ കുറിച്ച് ഒന്ന് ആലോചിച്ചാല്‍തന്നെ നമുക്ക് മനസിലാകും, എന്തോ ഒരു ക്ഷീണം അലട്ടുന്ന പോലെയില്ലേ . തലേദിവസം രാത്രി മദ്യപിച്ച ശേഷം പിറ്റേന്ന് പ്രാതല്‍ കൂടി ഒഴിവാക്കിയാല്‍ തലവേദന, തലചുറ്റല്‍ , ഉന്മേഷക്കുരവ് എന്നിവ കൂടുതലായിരിക്കും. എത്രയൊക്കെ തിരക്കുകള്‍ രാവിലെ ഉണ്ടായാലും പ്രാതല്‍ കഴിവതും ഒഴിവാക്കരുത്‌. കഴിച്ചിട്ടു പോയാല്‍ വൈകുമെന്നു തോന്നിയാല്‍ പായ്ക്ക് ചെയ്തായാലും ആഹാരം കൊണ്ട് പോകുക. മുട്ട, ഓട്സ് മീല്‍, മഷ്‌റൂം, ഫ്രൂട്സ്, നട്സ്,യോഗര്‍ട്ട് എന്നിവ പ്രാതലില്‍ ശീലമാക്കാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA