ADVERTISEMENT

ഇപ്പോൾ വിപണിയിൽ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം കീടനാശിനികളും രാസവളങ്ങളുമൊക്കെ കലർന്നതാകും. ഇങ്ങനെ അല്ലാത്തവ കിട്ടാൻ വളരെ ബുദ്ധിമുട്ടായതിനാൽത്തന്നെ ഇവ ഉപയോഗിക്കുന്നതിനു മുൻപ് അധിക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ലളിതമായ മാർഗങ്ങളിലൂടെ പച്ചക്കറികളിലെ വിഷം എങ്ങനെ നീക്കം ചെയ്യാമെന്ന് മനസിലാക്കാം.

കോളിഫ്ളവർ

അടിയിലെ ഇലയും തണ്ടും വേർപെടുത്തിയശേഷം കോളിഫ്ളവറിന്റെ ഇതളുകൾ ഓരോന്നായി മുറിച്ച് അടർത്തിയെടുക്കുക. വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) ഉപ്പു ലായനിയിലോ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) പത്തു മിനിറ്റു മുക്കി വച്ചശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. സുഷിരങ്ങൾ ഉള്ള പാത്രത്തിൽ വച്ചു വെള്ളം വാർന്നു പോയ ശേഷം ഉപയോഗിക്കാം. പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം.

കാബേജ്

കാബേജിന്റെ (വെള്ള, വയലറ്റ്) ഏറ്റവും പുറമേയുള്ള മൂന്നോ നാലോ ഇതളുകൾ അടർത്തിക്കളഞ്ഞ ശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കോട്ടൺതുണി ഉപയോഗിച്ചു വെള്ളം തുടച്ചിട്ടു വയ്ക്കണം.

മല്ലിയില

മല്ലിത്തണ്ടിന്റെ ചുവടുഭാഗം വേരോടെ മുറിച്ചു കളഞ്ഞശേഷം ടിഷ്യുപേപ്പറിലോ ഇഴയകന്ന കോട്ടൺ തുണിയിലോ പൊതിഞ്ഞു പ്ലാസ്റ്റിക് കണ്ടെയ്നറിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഉപയോഗത്തിനു തൊട്ടുമുമ്പു വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) ഉപ്പ് ലായനിയിലോ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ) പത്തു മിനിറ്റു മുക്കിവച്ച ശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക.

കാരറ്റ്, മുരിങ്ങയ്ക്ക, റാഡിഷ്

പല ആവർത്തി വെള്ളത്തിൽ കഴുകിയ ശേഷം വെള്ളം വാർന്ന് പോകാൻ സുഷിരങ്ങൾ ഉള്ള പാത്രത്തിൽ ഒരു രാത്രി വച്ചശേഷം ഉപയോഗിക്കുക. ഉപയോഗത്തിനു തൊട്ടുമുമ്പു തൊലി ചുരണ്ടിക്കളഞ്ഞ്, ഒരിക്കൽ കൂടി കഴുകിയിട്ട് പാചകം ചെയ്യുക. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കോട്ടൺ തുണി ഉപയോഗിച്ചു വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടൺ തുണിയിൽ പൊതിഞ്ഞു വയ്ക്കുക.

കറിവേപ്പില, പുതിന ഇല, കാപ്സിക്കം, പച്ചമുളക്, തക്കാളി

വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) വാളൻപുളി ലായനിയിലോ (20 ഗ്രാം വാളൻപുളി ഒരു ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കിൽ പാക്കറ്റിൽ കിട്ടുന്ന ഇഞ്ചി പേസ്റ്റ് (ന്ധന്റണ്ഡന്റത്സദ്ധn്ര ണ്മന്റന്ഥന്ധ൹) രണ്ടു ടേബിൾ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ) കറിവേപ്പിലയും പുതിനയിലയും പത്തു മിനിറ്റു മുക്കിവച്ച ശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. വെള്ളം വാർന്നു പോകാൻ സുഷിരങ്ങൾ ഉള്ള പാത്രത്തിൽ ഒരു രാത്രി വച്ചശേഷം ഉപയോഗിക്കുക. ടിഷ്യുപേപ്പറിലോ ഇഴയകന്ന കോട്ടൺ തുണിയിലോ പൊതിഞ്ഞു പ്ലാസ്റ്റിക് കണ്ടെയ്നറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം.

പയർ, വെള്ളരി, ചീര, സെലറി, വഴുതനങ്ങ, വെണ്ടയ്ക്ക

വളരെ മൃദുവായ സ്ക്രബ് പാഡ് ഉപയോഗിച്ചു സൂക്ഷിച്ച് ഉരസി കഴുകുക. വിനാഗിരി ലായനിയിലോ (20 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ) വാളൻപുളി ലായനിയിലോ (20 ഗ്രാം വാളൻപുളി ഒരു ലീറ്റർ വെള്ളത്തിൽ പിഴിഞ്ഞ് അരിച്ച ലായനി അല്ലെങ്കിൽ ഇഞ്ചി പേസ്റ്റ് രണ്ടു ടേബിൾ സ്പൂൺ ഒരു ലീറ്റർ വെള്ളത്തിൽ) പത്തു മിനിറ്റു മുക്കിവച്ചശേഷം വെള്ളത്തിൽ പല ആവർത്തി കഴുകുക. ചീരയുടെ തണ്ടിന്റെ ചുവടുഭാഗം ആദ്യമേ വേരോടെ മുറിച്ചു കളയണം. ചീര, സെലറി എന്നിവ ഉരസി കഴുകേണ്ടതില്ല.

ഇഞ്ചി

ഇഞ്ചി പല ആവർത്തി വെള്ളത്തിൽ കഴുകിയ ശേഷം വെള്ളം വാർന്നു പോകാൻ സുഷിരങ്ങൾ ഉള്ള പാത്രത്തിൽ ഒരു രാത്രി വച്ചശേഷം മാത്രം ഉപയോഗിക്കുക. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കോട്ടൺ തുണി ഉപയോഗിച്ചു വെള്ളം തുടച്ചിട്ട് ഇഴയകന്ന കോട്ടൺ തുണിയിൽ പൊതിഞ്ഞു വയ്ക്കണം. ഉപയോഗത്തിനു തൊട്ടുമുമ്പു തൊലി ചുരണ്ടിക്കളഞ്ഞ്, ഒരിക്കൽ കൂടി കഴുകിയിട്ട് പാചകം ചെയ്യുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com