ADVERTISEMENT

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് എന്ന പരസ്യവാചകം പോലെ തന്നെയാണ് നമ്മുടെയെല്ലാം ജീവിതവും. സന്തോഷമായിരിക്കാന്‍ എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാല്‍ അതിനു സാധിക്കാതെ വരുന്നതാണ് നമ്മുടെയൊക്കെ പ്രശ്നം. ജീവിതത്തെ പോസിറ്റീവായി കാണാനും മുന്നോട്ടു പോകാനും പലപ്പോഴും നമുക്കു സാധിക്കാതെ വരാറുണ്ട്. വീഴ്ചകള്‍ ജീവിതത്തില്‍ പലപ്പോഴും എല്ലാർവക്കും സംഭവിക്കുന്നതാണ്. അതിനെ എങ്ങനെ അതിജീവിച്ച് ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണുന്നു എന്നതിലാണ് കാര്യം. ഒരു ന്യൂറോസയന്റിസ്റ്റിനോട് ചോദിച്ചാല്‍ പറയും സന്തോഷം എന്നത് ഒരു ന്യൂറോകെമിക്കല്‍ റിയാക്‌ഷന്‍ ആണെന്ന്. ഇനിയൊരു ബയോകെമിസ്റ്റിനോടു ചോദിച്ചാല്‍ പറയും സന്തോഷം എന്നത് ഒരുപറ്റം ഹോര്‍മോണുകളുടെ കളിയാണെന്ന്. എന്നാല്‍ ഒരു സന്യാസിയോടു ചോദിച്ചാലോ? സന്തോഷം എന്നത് നമ്മിലേക്കു തന്നെ നോക്കിയാല്‍ ലഭിക്കുന്നതാണെന്ന് അദ്ദേഹം പറയും. അപ്പോള്‍ ശരിക്കും എന്താണ് സന്തോഷം ? ഒരുകാര്യം ശരിയാണ്. സന്തോഷം കണ്ടെത്തണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം. അതിനു സഹായിക്കുന്ന ചില വിദ്യകള്‍ ഇതാ. 

ശ്വാസോച്ഛ്വാസം
ഒരു ദിവസം കുറച്ചു സമയം ബ്രീത്തിങ്ങിനായി മാറ്റി വയ്ക്കാം. നമ്മള്‍ എപ്പോഴും ശ്വസനം ചെയ്യുന്നുണ്ട്. പക്ഷേ ശ്വാസവും സന്തോഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറുണ്ടോ? ശ്വാസഗതിക്ക് നമ്മുടെ മാനസികാരോഗ്യത്തെ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണു ആചാര്യന്മാര്‍ പറയുന്നത്. പ്രാണായാമ, സുദര്‍ശനക്രിയ തുടങ്ങിയ വ്യായാമങ്ങള്‍ ഒരാളെ പോസിറ്റീവായി സ്വാധീനിക്കുമെന്ന് ശാസ്ത്രം തന്നെ സമ്മതിച്ചതാണ്.

ഡിജിറ്റല്‍ ഡിടോക്സ്
നെഗറ്റീവ് എന്തൊക്കെ ഉള്ളിലുണ്ടോ അതിനെയൊക്കെ പുറംതള്ളിയാല്‍ തീരാവുന്ന പ്രശ്നം മാത്രമേ നമുക്കുള്ളൂ. ഇന്ന് നമ്മള്‍ എല്ലാവരും സ്മാര്‍ട്ട്‌ ഫോണിനും ഇന്റര്‍നെറ്റിനും അടിമകളാണ്. ഇത് ആളുകളില്‍ മെന്റല്‍ ടെന്‍ഷന്‍, വിഷാദം എന്നിവ വര്‍ധിപ്പിക്കുന്നുണ്ട് എന്ന് കണ്ടെത്തിയതാണ്. അപ്പോള്‍ ഒരു ദിവസം അൽപനേരം അത്തരം ഉപകരണങ്ങളില്‍ നിന്നൊന്നു വിട്ടുനിന്നാലോ? ഈ സമയം ഇഷ്ടമുള്ള മറ്റെന്തെങ്കിലും ജോലികള്‍ ചെയ്തുനോക്കൂ. അത് ഉണ്ടാക്കുന്ന മാറ്റം നിങ്ങള്‍ക്കുതന്നെ മനസ്സിലാകും.

ഉറക്കം
നല്ല ഉറക്കം എന്നത് ജീവശ്വാസം പോലെ പ്രധാനമാണ്. സോഷ്യല്‍ മീഡിയ ഉപയോഗവും സ്മാര്‍ട്ട്‌ ഫോണ്‍ അടിമത്തവുമെല്ലാം ഇന്ന് ആളുകളുടെ ഉറക്കസമയം കുറച്ചു. ദിവസവും കുറഞ്ഞത്‌ എട്ടുമണിക്കൂര്‍ ഉറങ്ങേണ്ട നമ്മള്‍ ഇതിന്റെ പകുതി നേരം ഇങ്ങനെ പലതിലും മുഴുകി കളയുന്നു. അതുകൊണ്ട് ഉറക്കം ഒഴിവാക്കിയുള്ള യാതൊന്നും വേണ്ട.

വ്യായാമം
കഠിനമായ വര്‍ക്ക്‌ഔട്ട്‌ എന്നല്ല ഉദേശിക്കുന്നത്. ശരീരത്തിന് ആയാസം നല്‍കുന്ന എന്തും ഇതില്‍ ഉള്‍പ്പെടാം. ദിവസവും അൽപനേരം വ്യായാമം ചെയ്യാന്‍ മാറ്റി വയ്ക്കാം. ഇത് ശരീരത്തിനും മനസ്സിനും ഗുണം ചെയ്യും.

ആഹാരം
ആഹാരവും നമ്മുടെ മാനസികാരോഗ്യവും തമ്മിലും ബന്ധമുണ്ട്. പ്രോട്ടീനും പ്രൊബയോട്ടിക്കും ഫൈബറും അടങ്ങിയ ആഹാരം കഴിച്ചു നോക്കൂ. അത് കൂടുതല്‍ ഉന്മേഷം നല്‍കും തീര്‍ച്ച.

സഹായം
മറ്റുള്ളവര്‍ക്കു വേണ്ടി ഇത്തിരി നേരം മാറ്റി വയ്ക്കാറുണ്ടോ? കൂടെയുള്ളവർക്ക് ഒരുകൈ സഹായം ചെയ്തു നോക്കൂ. വല്ലാത്ത പോസിറ്റിവിറ്റി അനുഭവിക്കാന്‍ സാധിക്കും.

(ശ്രീ ശ്രീ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസേർച്ച് ഡയറക്ടറും മെഡിറ്റേഷൻ ട്രെയ്നറുമാണ് ലേഖിക)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com