ADVERTISEMENT

വീഴുമ്പോൾ കൈ കൊടുക്കുന്നവനല്ല, വീഴാതെ കൈ പിടിക്കുന്നവനാണു യഥാർഥ സുഹൃത്ത്. കെ.എം.റദീഫിന്, മുഹ്സിൻ കൊന്നോല എന്നതു പോലെ. രക്താർബുദ ചികിൽസയ്ക്കിടെ റദീഫ് മാരത്തൺ ഓടിത്തീർത്തതും ആത്മവിശ്വാസത്തോടെ ജീവിതത്തിലും പഠനത്തിലും മുന്നോട്ടുപോകുന്നതും മുഹ്സിൻ നൽകിയ ചങ്കുറപ്പിൽ. 

രക്താർബുദത്തിനു ചികിത്സയിലിരിക്കുന്ന ഒരാൾ മാരത്തൺ ട്രാക്കിൽ ഓടിയെന്നൊക്കെ കേൾക്കുമ്പോൾ ആരുമൊന്നു പേടിക്കും. മരുന്നിന്റെ ക്ഷീണത്തിൽ പലപ്പോഴും കിടക്കയിലായിരുന്നു റദീഫും. പക്ഷേ, മുഹ്സിൻ  നൽകിയ ധൈര്യം അവനെ ജീവിതത്തെ പുതിയൊരു കണ്ണിലൂടെ കാണാൻ പ്രേരിപ്പിച്ചു. അതുകൊണ്ടു തന്നെയാണു റദീഫ് (20) കൂട്ടുകാരനെ ചങ്ക് എന്നു വിളിക്കുന്നത്. അതൊരു വെറും വിളിയല്ല, യഥാർഥ ചങ്കുതന്നെയാണ്. രണ്ടു പേർക്കും ഇപ്പോൾ 20 വയസ്സ്. ഒൻപതാം ക്ലാസിൽ ഹോസ്റ്റലിൽ സഹമുറിയന്മാരായതു മുതലുള്ള സൗഹൃദം. 

മലപ്പുറം എടപ്പാൾ പൂക്കരത്തറ കുന്നത്ത് വളപ്പിൽ മുഹമ്മദ്–സൈഫുന്നീസ ദമ്പതികളുടെ മകനാണു റദീഫ്. തലവേദനയും പനിയും തുടർച്ചയായി അലട്ടിയപ്പോഴുള്ള പരിശോധനയിൽ രക്താർബുദം കണ്ടെത്തിയത് തിരൂർക്കാട് എഎംഎച്ച്എസിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ. ഏഴാം ക്ലാസ് മുതൽ ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന റദീഫിന്റെ മുറിയിലേക്കു മുഹ്സിൻ എത്തിയത് ഒൻപതാം ക്ലാസിൽ. മലപ്പുറം മൈലപ്പുറം മർവ മൻസിലിൽ പരേതനായ ബഹീദുസമാൻ–പി.കെ. ജമീല ദമ്പതികളുടെ മകൻ. ഇരുവരും പെട്ടെന്നു കൂട്ടായി. അതിനിടെയാണു രോഗത്തിന്റെ വരവ്. ഒരു വർഷം തിരുവനന്തപുരം ആർസിസിയിൽ ചികിൽസ. മുഹ്സിനും അധ്യാപകരും പകർന്ന ധൈര്യത്തിന്റെ ബലത്തി‍ൽ അവിടെ കിടന്നു കൊണ്ടു പഠിച്ചു. പത്താംക്ലാസിൽ 6 എ പ്ലസോടെ വിജയം! തിരുവനന്തപുരത്തു മുഹ്സിൻ എത്തിയതു പലവട്ടം. അതു റദീഫിനു നൽകിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു.

പഠനത്തോടൊപ്പം മുഹ്സിനു കായിക കമ്പവുമുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക മാരത്തണിലും പങ്കെടുത്തിട്ടുള്ള സഹോദരൻ നയീമാണു പ്രോൽസാഹനം. 2017ൽ മുഹ്സിൻ മൈസൂരു മാരത്തണിൽ പങ്കെടുത്തു. കോയമ്പത്തൂർ, കൊച്ചി, കോഴിക്കോട് മാരത്തണുകളിൽ പങ്കെടുത്തതോടെ ആവേശമേറി. മലപ്പുറം റണ്ണേഴ്സ് ക്ലബ് അംഗങ്ങളുടെ പരിശീലനം കൂടി ലഭിച്ചപ്പോൾ ഫുൾ മാരത്തണിൽ പങ്കെടുക്കാനുള്ള ധൈര്യമായി. 

ജനുവരിയിൽ മുംബൈയിൽ നടന്ന മാരത്തണിൽ പങ്കെടുക്കാൻ മുഹ്സിൻ പോയപ്പോൾ റദീഫിനെയും ഒപ്പം കൂട്ടി. 42 കിലോമീറ്റർ പൂർത്തിയാക്കി ചിരിച്ചുകൊണ്ടുവന്ന മുഹ്സിനോട് റദീഫ് ചോദിച്ചു– ‘‘ ഇനി ഞാനും ഓടിയാലോ?’’

‘‘ നിന്റെ ഡോക്ടർ സമ്മതിക്കുകയാണെങ്കിൽ ഞാൻ കൂടെയുണ്ടാകും,’’ എന്നു ചങ്കിന്റെ മറുപടി. ആർസിസിയിലെ ഡോക്ടർ ശ്രീജിത്ത് ജി.നായരോടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹവും ധൈര്യം നൽകി. അങ്ങനെ രണ്ടുമാസം മുൻപ് തൃശൂരിൽ നടന്ന മാരത്തണിൽ 10 കിലോമീറ്ററിൽ റദീഫ് ട്രാക്കിലിറങ്ങി. അടുത്ത മാസം കോഴിക്കോട്ടു നടന്ന ഹാഫ് മാരത്തണിൽ സമയത്തിനുള്ളിൽ തന്നെ 21 കിലോമീറ്റർ പൂർത്തിയാക്കി. അവന് ആത്മബലമായി മുഹ്സിൻ കൂടെത്തന്നെ ഓടി, ഫുൾ മാരത്തൺ വേണ്ടെന്നു വച്ച്. മുന്നിലും പിന്നിലുമല്ല, കൂടെത്തന്നെ ഓടി. 

അർബുദ ചികിത്സയ്ക്കിടെ മാരത്തൺ ഓടാനെത്തിയ റദീഫിനെ അഭിനന്ദിക്കാൻ പല പ്രമുഖരും എത്തി. ഡോ.ശ്രീജിത്ത് ജി.നായർ പറഞ്ഞത് അടുത്ത തവണ വരുമ്പോൾ മുഹ്സിനെയും കൂടെ കൂട്ടാനായിരുന്നു. റദീഫിന്റെ ചങ്കിനെ അഭിനന്ദനം കൊണ്ടു മൂടിയ ഡോക്ടറും പറഞ്ഞു, ‘കലർപ്പില്ലാത്ത സൗഹൃദം.’

പൊന്നാനിയിൽ അയാട്ട എയർപോർട്ട് മാനേജ്മെന്റ് കോഴ്സിനു പഠിക്കുന്ന റദീഫ് മുംബൈ മാരത്തണിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. അതിനു മുൻപ് കൊച്ചിയിലെ സ്പൈസ് കോസ്റ്റ് മാരത്തൺ ഉണ്ട്. കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള ഫിസിക്കൽ എജ്യൂക്കേഷനിൽ ചേരാനുള്ള ഒരുക്കത്തിലാണിപ്പോൾ മുഹ്സിൻ. 

രണ്ടുപേരുടെയും വീടുകൾ തമ്മിൽ 50 കിലോമീറ്റർ ദൂരമുണ്ട്. പക്ഷേ, എല്ലാ അവധി ദിവസവും റദീഫ് മുഹ്സിന്റെ വീട്ടിലെത്തും. അടുത്ത ദിവസങ്ങളിലേക്കുള്ള ഊർജം സംഭരിക്കാൻ.  രോഗത്തെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ അവർ സംസാരിക്കില്ല. പകരം സന്തോഷവും ആത്മവിശ്വാസവും പകരുന്ന കാര്യങ്ങൾ. കൂടെയുള്ളവൻ വീണുപോകാതിരിക്കാൻ ഉണർന്നിരിക്കുന്നവനല്ലേ യഥാർഥ  സുഹൃത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com