ADVERTISEMENT

പുറത്തിറങ്ങാനാകാതെ മുറിയിൽ ചടഞ്ഞിരിക്കെ അദ്വൈത് എസ്. പവിത്രൻ വീണ്ടും ആ വരികൾ മൂളി.

‘പൊടിമീശയൽപം 
കിളിർത്തു വന്നു, 
കൂടെയെൻ ബാല്യവും  
പോയ് മറഞ്ഞു’. 

പുറത്തു കുട്ടികൾ തുള്ളിച്ചാടുന്നതും  മഴ നനഞ്ഞു തിമിർക്കുന്നതും കണ്ടിരിക്കെ, ബാല്യം കൗമാരത്തിലേക്കു കടക്കുകയാണെന്ന തിരിച്ചറിവിൽ കുത്തിക്കുറിച്ച വരികൾ. വീട്ടിൽ വിരുന്നു വരുന്നവർക്കു മുന്നിൽ ആ ചെറുകവിത അവൻ ഈണത്തിൽ ചൊല്ലും. 

കൂട്ടുകാരോടൊത്ത് കളിച്ചീല ഞാൻ‌
കുഴികുത്തി ഗോലികളിച്ചീല ഞാൻ
ചാറ്റൽമഴ നനഞ്ഞോടിയില്ല
ചളിവെള്ളം തട്ടിത്തെറിപ്പീച്ചീല
തോട്ടിന്റെ വക്കിലിരുന്നതില്ല
ചൂണ്ടക്കൊളുത്തൊന്നെറിഞ്ഞതില്ല
തുമ്പിതൻപിറകെ ഞാനോടിയില്ല
തുമ്പതൻ പൂവൊന്നിറുത്തതില്ല
പൂഴിയിൽ കളിവീട് തീർത്തതില്ല
കണ്ണാരംപൊത്തികളിച്ചതില്ല
കടലാസുവഞ്ചിയിറക്കിയില്ല.....

സെറിബ്രൽ പാൾസി എന്ന രോഗാവസ്ഥയുമായി ജനിച്ചതു മുതൽ വിധി നിഷേധിച്ച ഇല്ലായ്മകൾ പലതുണ്ട് അദ്വൈതിന്റെ ജീവിതത്തിൽ. കൂട്ടുകാരോടൊപ്പം കളിക്കാനും വലിയൊരാളായി മാതാപിതാക്കൾക്കു തുണയാകാനും കഴിയില്ലല്ലോ എന്ന ചിന്ത ചിലപ്പോഴൊക്കെ സങ്കടപ്പെടുത്തും. ഈ വേദനകളെല്ലാം പേമാരിപൊലെ പെയ്യുമ്പോഴാണ് ആ കുഞ്ഞുമനസ്സിൽ കവിത പിറക്കുന്നത്. 

സ്കൂളിനെക്കുറിച്ചായിരുന്നു ആദ്യ കവിത. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ.  ഇപ്പോൾ കണ്ണൂർ കാടാച്ചിറ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് പൂർത്തിയാക്കിയ അദ്വൈത്  ഇതിനകം ഏറെ കവിതകൾ കുത്തിക്കുറിച്ചു. രോഗം തളർ‌ത്തിയ കൈകൾ ശരിക്കും വഴങ്ങാതെ വരുമ്പോൾ എഴുതാൻ  അമ്മയുടെ സഹായം തേടും. 

വായന, പാട്ട്
കാടാച്ചിറ കണ്ണാടിച്ചാൽ ശിവഗംഗയിൽ പവിത്രനും ശാന്തിനിക്കും വിവാഹം കഴിഞ്ഞ് 7 വർഷത്തിനുശേഷമാണു മകനുണ്ടാകുന്നത്. വളർച്ച പൂർത്തിയാകാതെ ഏഴര മാസത്തിൽ പ്രസവിച്ച കുട്ടി തുടക്കത്തിലേ രോഗബാധിതനായിരുന്നു. ആയുർവേദവും  ആലോപ്പതിയും മാറി മാറി പരീക്ഷിച്ചു. ചുമരുപിടിച്ചു നടക്കാനും അച്ഛനമ്മമാരുടെ താങ്ങിൽ നിവർന്നു നിൽക്കാനും തുടങ്ങിയതോടെ സ്കൂളിന്റെ അക്ഷരമുറ്റത്തേക്കിറങ്ങി.  സഹായത്തിനും പരിചരണത്തിനും  അധ്യാപകരും സഹപാഠികളും കൂട്ടായപ്പോൾ സ്കൂൾ ജീവിതം ഏറെ പ്രിയങ്കരം. 

ആഴ്ചയിലൊരുദിവസം അടുത്തുള്ള ഗ്രാമോദയ ഗ്രന്ഥാലയത്തിൽ പോകും. അവിടെയിരുന്നുള്ള വായനയ്ക്കുശേഷം വീട്ടിൽ ഇരുന്നു വായിക്കാനുള്ള പുസ്തകങ്ങളുമായി മടക്കം. ഒഴിവു സമയം ശാസ്ത്രീയസംഗീതപഠനം. ഗുരുവായൂരിൽ ചെമ്പൈ സംഗീതോത്സവത്തിൽ പാടുകയും ചെയ്തിട്ടുണ്ട്. കവിതാ രചന, കവിതാ പാരായണം, നാടൻപാട്ട്, സിനിമാപ്പാട്ട്, ക്വിസ് എന്നിവയിലെല്ലാം മത്സരിച്ചു സമ്മാനം നേടിയപ്പോഴൊക്കെ വൈകല്യം തോറ്റോടി. നൂറോളം കവിതകളുണ്ട് അദ്വൈതിന്റെ നോട്ട് ബുക്കിൽ. അതിൽ കുറച്ചു കവിതകൾ ശാന്തിനി ടി ഡോട്ട് കോം എന്ന ചാനലിൽ യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

കരുത്തോടെ മുന്നോട്ട്
അസുഖമുണ്ടെന്നു കരുതി മകനെ തോൽക്കാൻ വിടാൻ ശാന്തിനിയും പവിത്രനും ഒരുക്കമല്ല. കാടാച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഓഫിസ് അസിസ്റ്റന്റായ ശാന്തിനി ജോലിക്കുപോയാൽ തനിച്ചാകുന്ന അദ്വൈതിനെ പരിചരിക്കാൻ എറണാകുളത്തെ ബേക്കറി ജോലി ഉപേക്ഷിച്ച് പവിത്രൻ നാട്ടിലെത്തി. ഇപ്പോൾ വീട്ടിലും യാത്രയിലുമെല്ലാം താങ്ങായി എപ്പോഴും അച്ഛൻ അദ്വൈതിനു കൂട്ടുണ്ട്. വീൽചെയറിലുള്ള യാത്ര ഇഷ്ടപ്പെടാത്ത മകനെ സ്കൂൾ ബസിൽ കയറ്റികൊടുക്കാൻ അച്ഛനുണ്ടാകും. പിന്നെ സ്കൂൾ വിട്ടു വരുംവരെ എല്ലാ കാര്യത്തിലും സഹായിക്കാൻ സഹപാഠികളും അധ്യാപകരും. പുറത്തുപോകുമ്പോഴെല്ലാം അദ്വൈതിനെയും അച്ഛനമ്മമാർ ഒപ്പം കൂട്ടും. പുറംലോകത്തെ കാഴ്ചകൾ അവൻ പരിചയിക്കുന്നത് അങ്ങനെയാണ്. 

എന്താണു മോഹമെന്നു ചോദിച്ചാൽ അദ്വൈത് പറയും, ‘അധ്യാപകനാകണം.’ പിന്നെ വലിയവരെപ്പോലെ കൂട്ടിച്ചേർക്കും, ‘‘ കുട്ടികളെ വാർത്തെടുക്കുക മാത്രമല്ല അധ്യാപകൻ ചെയ്യുന്നത്, അതൊരു  രാജ്യസേവനം കൂടിയാണ്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com