ADVERTISEMENT

രോഗം സുഖപ്പെട്ടിട്ടും വീട്ടുകാർ  കൂട്ടിക്കൊണ്ടു പോകാത്ത ചില സ്ത്രീകളുണ്ട് പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിൽ. ആദ്യമൊക്കെ അവർ ബന്ധുക്കളെ കാത്ത് വാർഡിലും വരാന്തയിലും പുറത്തേക്കു നോക്കിയിരുന്നു; ആരും വന്നതേയില്ല... ഇപ്പോഴും ആ കണ്ണുകൾ രാവിലെ ഒൻപതുമണിയാകുമ്പോൾ ആശുപത്രിയുടെ വാതിൽക്കലേക്കു നോക്കും. അവരെ തേടി അമ്മ വരുന്നതു കാത്തുള്ള ഇരുപ്പ്. വെള്ളവസ്ത്രമിട്ട് ഒരു അമ്മ വരും. തൃശൂർ  സേക്രഡ‍് ഹാർട്ട് കോൺവന്റിൽ നിന്ന് 79 വയസുള്ള സിസ്റ്റർ  ജോസഫിൻ. ചാവക്കാട് കോട്ടപ്പടി കാവീട് മേലിട്ട് വീട്ടിൽ ത്രേസ്യ എന്ന അമ്മ.

സന്യസ്ത ജീവിതം സ്വീകരിച്ചപ്പോൾ മുതൽ രോഗീപരിചരണമായിരുന്നു മനസിൽ. നഴ്സിങ് പഠിക്കാൻ പരീക്ഷയെഴുതിയെങ്കിലും കിട്ടിയില്ല. ടിടിസി കിട്ടി പ്രൈമറി സ്കൂൾ  അധ്യാപികയായി. പടിഞ്ഞാറേക്കോട്ട സെന്റ് ആൻസ് സ്കൂൾ, കണ്ടശാംകടവ് എസ്എച്ച് സ്കൂൾ ഇവിടെയൊക്കെ പഠിപ്പിച്ചു.  25 വർഷം മുൻപ് കുഷ്ഠരോഗി പരിചരണം പഠിച്ച് രോഗികൾക്കിടയിൽ  സേവനം ചെയ്തിരുന്നു. സ്കൂളിൽ  നിന്നു വിരമിച്ചകാലത്ത് ഒരു നാൾ  ഉറക്കത്തിൽ ഒരു സ്വപ്നം. രോഗബാധിതരായ സ്ത്രീകളെ പരിചരിക്കുന്നതായിരുന്നു സ്വപ്നത്തിൽ. അക്കാലത്താണ് ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് മാനസികാരോഗ്യകേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ  പഠിക്കുന്ന കമ്മിറ്റിയിൽ അംഗമായി പടിഞ്ഞാറേക്കോട്ടയിലെ കേന്ദ്രത്തിലെത്തുന്നത്. രോഗീപരിചരണത്തിനു കൂടുതൽ പേരുണ്ടെങ്കിൽ നന്നായി എന്ന നിർദേശം മാർ  ജേക്കബ് തൂങ്കുഴിക്കു മുന്നിൽ  അദ്ദേഹം വച്ചു. ബിഷപ് നിർദേശിച്ചതനുസരിച്ച് ആദ്യം സേവനം ചെയ്യാനെത്തിയത് സിസ്റ്റർ ജോസഫിനായിരുന്നു. സ്വപ്നത്തിൽ കണ്ട സേവനം സത്യമായതുപോലെ. ആദ്യകാലത്ത് വേറെയും പേർ സേവനത്തിനെത്തിയെങ്കിലും പിന്നീടു ജോസഫിൻ  തനിച്ചായി. രോഗികളുടെ അമ്മയായി.

വാർഡിനുള്ളിൽ ഒതുങ്ങിക്കൂടിയിരിക്കുന്നവരെ പുറത്തേക്കിറക്കി. പൂന്തോട്ടവും പച്ചക്കറിത്തോട്ടവും നിർമിക്കാൻ ഒപ്പംകൂട്ടി. സൊസൈറ്റി രൂപീകരിച്ചു. മെഡിക്കൽ സ്റ്റോറുകളിൽ ഗുളിക പൊതിഞ്ഞുകൊടുക്കുന്ന ചെറിയ കവറുകൾ നിർമിക്കാൻ പഠിപ്പിച്ചു. രോഗികളെക്കൊണ്ടും നഴ്സിങ് പരിശലനത്തിനു വരുന്ന കുട്ടികളെക്കൊണ്ടും പാട്ടുകൾ പാടിച്ചു. ഓണത്തിനു പൂക്കളമിട്ടു. ക്രിസ്മസിനു ട്രീ ഉണ്ടാക്കിച്ചു. തയ്യൽ  ജോലികൾ  പരിശീലിപ്പിച്ചു. ഇതിനെല്ലാം കരുത്തായും സഹായമായും ആശുപത്രിയു‌ടെ മാനേജ്മെന്റും ഒപ്പം നിന്നു. തയ്യൽ  പഠിച്ച പലരും ആശുപത്രിയിൽ  നിന്നു മടങ്ങിപ്പോകുമ്പോൾ  ഒരു തുകയും കൊടുത്തുവിടും. അതു കൊണ്ടു വീട്ടിൽ  തയ്യൽ മെഷീൻ വാങ്ങി ജീവിതം തുന്നുന്നവർ ഒട്ടേറെ. 18 വർഷം കടന്നുപോയി. ഇടയ്ക്ക് കാൻസർ  പിടികൂടി. സ്തനാർബുദം. ശസ്ത്രക്രിയ നടത്തിയശേഷം വീണ്ടും സേവനത്തിലേക്കു മടങ്ങി വന്നു.  നാളെ സിസ്റ്ററുടെ സന്യസ്തജീവിതത്തിന്റെ സുവർണജൂബിലിയാണ്. കുരിയച്ചിറ സെന്റ്പോൾസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്കു 2.30ന്. സിസ്റ്റർക്ക് അടുത്തവർഷം പ്രായം 80 ആകും. പക്ഷേ ഇപ്പോഴും ശനി ഞായർ  ഒഴികെ ദിവസവും ഒൻപതിനു മാനസികാരോഗ്യകേന്ദ്രത്തിന്റെ വാതിൽതുറന്ന് മാലാഖയെപ്പോലെ എത്തും അമ്മ. ഒരു മണിയോടെ മടങ്ങുമ്പോഴും പിന്തുടരുന്നുണ്ടാകും; ഒത്തിരി കരഞ്ഞുതീർത്ത കുറേ കണ്ണുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com