ADVERTISEMENT

ആദ്യത്തെ കൗതുകം കുറഞ്ഞാൽ പിന്നെ, കളിപ്പാട്ടം നശിപ്പിക്കുന്നതിലാണ് എട്ടു വയസ്സുകാരിയുടെ ശ്രദ്ധ. വില പിടിപ്പുള്ള പാവകളൊക്കെ അതെ ദിവസംതന്നെ കഷണം കഷണമാക്കി മാറ്റും. കടയിൽ പോയാൽ പുതിയ കളിപ്പാട്ടങ്ങൾ വേണമെന്ന വാശിയുണ്ട്. സ്വസ്ഥമായി അടങ്ങി ഇരിക്കില്ല. പിരുപിരുപ്പാണ്. എന്താണ് പിരഹാരമെന്നറിയാതെ വിഷമിക്കുകയാണ് മാതാപിതാക്കൾ.

വൈകാരിക വിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ കയ്യിൽ കിട്ടുന്ന തൊക്കെ വലിച്ചെറിഞ്ഞു തകർക്കുന്ന കുട്ടികളുണ്ട്. മുതിർന്നവരെ സമ്മർദത്തിലാക്കി ദുർവാശികൾ നേടിയെടുക്കാനുള്ള കുറുക്കു വഴിയായി ഇങ്ങനെ കാണിക്കുന്ന കുട്ടികളുമുണ്ട്. ശ്രദ്ധാ വൈകല്യമുള്ള ചില കുട്ടികൾ ഇത്തരത്തിൽ നശീകരണ പ്രവണതകൾ പ്രകടിപ്പിക്കാറുണ്ട്. മോഹ ഭംഗങ്ങൾ കൈകാര്യം ചെയ്യുവാനുള്ള മിടുക്ക് ഇവർക്കു കുറവായിരിക്കും. ഏതെങ്കിലും ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടിക്ക് പ്രശ്നമുണ്ടാകാം. നല്ല പാവകൾ കിട്ടുമ്പോൾ അതിനോട് തോന്നുന്ന ഇഷ്ടം വേഗത്തില്‍ കുറഞ്ഞു പോകാം. പിന്നെ അത് കഷണമാക്കി മാറ്റുന്നതിലാകും താൽപ്പര്യം. അതും ചെയ്തു കഴിയുമ്പോൾ മനസ്സ് മറ്റൊന്നിലേക്ക് പോകും. ഈ മാനസികാവസ്ഥയുള്ള ആൺകുട്ടികൾ കളിപ്പാട്ടമായി കിട്ടുന്ന ചെറു കാറുകൾ ആദ്യമൊക്കെ ഓടിച്ചു രസിക്കും. പിന്നെ വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യും. 

ശ്രദ്ധ ഉറപ്പിച്ചു നിർത്താനും അടങ്ങിയിരിക്കാനും പറ്റാത്ത ഒരു മാനസികാവസ്ഥയുടെ (Attention Deficit Hyperactivity Disorder) ഫലമായിട്ടാണോ ഈ നശീകരണ വാസനയെന്ന് വിദഗ്ധ പരിശോധനയിൽ മനസ്സിലാക്കണം. ഈ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ഔഷധങ്ങൾ വേണോയെന്നും അപ്പോൾ അറിയാം. ശ്രദ്ധ മെച്ചപ്പെടുത്താനുള്ള മറ്റു പരിഹാരമാർഗങ്ങളും സ്വീകരിക്കണം. 

നശീകരണ പ്രവണത കാട്ടുന്ന കുട്ടികളെ ആ പെരുമാറ്റത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ചില കാര്യങ്ങൾ മാതാപിതാക്കളും ചെയ്യണം. ഏതൊരു സാഹചര്യത്തിലും ഇത് അനുവദിക്കാൻ പറ്റാത്ത കാര്യമാണെന്ന് കുട്ടികളെ മനസ്സിലാക്കി കൊടുക്കണം. കളിച്ചു കഴിഞ്ഞാൽ കളിപ്പാട്ടങ്ങൾ സൂക്ഷ്മതയോടെ എവിടെയെങ്കിലും വയ്ക്കാൻ ശീലിപ്പിക്കണം. കടയിൽ പോകുമ്പോൾ നശിപ്പിച്ച പാവയ്ക്ക് പകരം മറ്റൊന്ന് വാങ്ങി കൊടുക്കേണ്ടതില്ല. വാശിക്ക് കീഴടങ്ങി അങ്ങനെ ഉടൻ ചെയ്താൽ പെരുമാറ്റത്തിൽ തിരുത്തൽ ഉണ്ടാകില്ല. പ്രശ്നം കൂടുകയും ചെയ്യാം. നശിപ്പിക്കില്ലെന്ന വാഗ്ദാനം വാങ്ങി വേണം നൽകാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com